“ബാംഗ്ലൂരിനെ തോൽപ്പിക്കാൻ പഞ്ചാബിന്റെ പൂച്ച പ്രയോഗമോ”| IPL 2022

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 54 റൺസിന്റെ തോൽവി. ടോസ് നേടിയ ബാംഗ്ലൂർ പഞ്ചാബിനെ ബാറ്റിങിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് കണ്ടെത്തി. ബാംഗ്ലൂരിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ.

22 പന്തിൽ 35 റൺസെടുത്ത ഗ്ലെൻ മാക്സ്‍വെല്ലാണ് ബാംഗ്ലൂർ നിരയിൽ ഏറ്റവും ഉയർന്ന സ്കോർ കണ്ടെത്തിയത്. 14 പന്തിൽ 20റൺസ് മാത്രമെടുത്ത് വിരാട് കോഹ് ലി വീണ്ടും നിരാശപ്പെടുത്തി. ജത് പട്ടീദാർ 26റൺസും ദിനേഷ് കാർത്തിക്ക്, ഹർഷൽ പട്ടേൽ എന്നിവർ 11 റൺസുമാണ് നേടിയത്. പഞ്ചാബിനായി കഗിസോ റബാദ മൂന്നും ഋഷി ധവാൻ, രാഹുൽ ചാഹർ എന്നിവർ രണ്ടു വിക്കറ്റുകൾ നേടി.

മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സിന് വേണ്ടി ഓപ്പണർമാരായ ശിഖർ ധവാനും (21) ബെയർസ്റ്റോയും ഓപ്പണിങ് വിക്കറ്റിൽ 60 റൺസ് കെട്ടിപ്പടുത്ത് മികച്ച തുടക്കം നൽകി. 29 പന്തിൽ 4 ഫോറും 7 സിക്സും സഹിതം 227.59 സ്ട്രൈക്ക് റേറ്റോടെയാണ്‌ ബെയർസ്റ്റോ 66 റൺസ് നേടിയത്. 42 പന്തുകൾ നേരിട്ട് നാല് സിക്‌സും അഞ്ച് ഫോറും സഹിതം 70 റൺസ് അടിച്ചെടുത്തതായിരുന്നു ലിയാം ലിവിങ്സ്റ്റണിന്റെ ഇന്നിംഗ്സ്. ആർസിബിക്കായി ഹർഷൽ പട്ടേൽ 4 വിക്കറ്റുകൾ വീഴ്ത്തി.

വിജയലക്ഷ്യം പിന്തുടർന്ന് ആർസിബി മറുപടി ബാറ്റിംഗിനിറങ്ങിയതോടെ സ്റ്റേഡിയത്തിൽ ചില അസാധാരണ സംഭവങ്ങൾ നടന്നു. ആർസിബി ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ മൂന്ന് ബോൾ എരിഞ്ഞപ്പോഴേക്കും കളി നിർത്താൻ അമ്പയർക്ക് നിർദേശം ലഭിക്കുകയായിരുന്നു.

തുടർന്ന് അൽപ്പ നേരം കളി നിർത്തിവെക്കുകയും ചെയ്തു. സംഭവം എന്തെന്നാൽ, സ്റ്റേഡിയത്തിലെ സൈറ്റ് സ്‌ക്രീനിൽ ഒരു പൂച്ച ഇരിക്കുകയായിരുന്നു.തുടർന്ന്, പൂച്ച തന്നെ സ്വയം അവിടെ നിന്ന് നീങ്ങാൻ തുടങ്ങി. പൂച്ച അവിടെനിന്ന് പോയ ശേഷം മാത്രമാണ് കളി പുനരാരംഭിച്ചത്. ഇത്‌ ക്രിക്കറ്റ്‌ ലോകത്ത് ഒരു വ്യത്യസ്ത കാഴ്ച്ചയായി.