“രാജകീയമായി ചാമ്പ്യൻസ് ലീഗ് സെമി സ്ഥാനമുറപ്പിച്ച് ലിവർപൂൾ ; ആദ്യ പാദത്തിലെ ഏക ഗോളിൽ സിറ്റിയും സെമിയിൽ”|Champions Lague

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമി ഫൈനലിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കക്കെതിരെ സമനില വഴങ്ങിയെങ്കിലും മുൻ ചാമ്പ്യന്മാരായ ലിവർപൂൾ സെമിയിൽ സ്ഥാനവും പിടിച്ചു.ആൻഫീൽഡിൽ നടന്ന രണ്ടാം പാദത്തിൽ ബെൻഫിക ലിവർപൂളിനോട് പൊരുതി നോക്കി എങ്കിലും 3-3ന്റെ സമനില മാത്രമേ ബെൻഫിക്കക്ക് ലഭിച്ചുള്ളൂ.

6-4ന്റെ അഗ്രിഗേറ്റ് സ്‌കോറിനാണു ലിവർപൂൾ ജയിച്ചു കയറിയത്.രണ്ടാം ലെഗ് സമനിലയിൽ റോബർട്ടോ ഫിർമിനോ നേടിയ ഇരട്ട ഗോളുകളാണ് ലിവർപൂളിന്റെ സെമി പ്രവേശനം സുഗമമാക്കിയത്.കളിയുടെ 72 ആം മിനിറ്റ് വരെ 3-1ന് പിന്നിൽ നിന്ന പോർച്ചുഗീസ് ക്ലബ് രണ്ടെണ്ണം തിരിച്ചടിച്ച് ഗംഭീര പ്രകടനം തന്നെ പുറത്തെടുത്തു. ഇബ്രാഹിം കൊനാട്ടെയാണ് ആദ്യ ഗോൾ സ്‌കോർ ചെയ്തത്. റാമോസ്, യാറെംചുക്, ഡാർവിൻ ന്യൂനസ് എന്നിവരാണ് ബെൻഫിക്കയുടെ ഗോളുകൾ സ്വന്തമാക്കിയത്. അവസാനം വരെ വിശ്വാസവും പ്രതിബദ്ധതയും നിറഞ്ഞ പ്രകടനം കാഴ്ചവെച്ചതിന് ശേഷം – ലിവർപൂളിന്റെ ആരാധകരുടെ കരഘോഷത്തോടെയാണ് ലിസ്ബൺ ടീം മത്സരം അവസാനിപ്പിച്ചത്.

21ആം മിനുട്ടിൽ ഒരു സെറ്റ്പീസിൽ നിന്ന് കൊനാറ്റയിലൂടെ ലിവർപൂൾ ലീഡ് എടുത്തു. കൊനാറ്റെ ആദ്യ പാദത്തിലും ഗോൾ നേടിയിരുന്നു. ഈ ഗോളിന് 32ആം മിനുട്ടിൽ റമോസിലൂടെ ബെൻഫിക മറുപടി നൽകി.രണ്ടാം പകുതിയിൽ ബെൻഫികയുടെ പ്രതീക്ഷകൾ തകർത്ത് കൊണ്ട് ഫർമീനോയുടെ ഇരട്ട ഗോളുകൾ വന്നു. 55ആം മിനുട്ടിലും 65ആം മിനുട്ടിലുമായിരുന്നു ഫർമീനോയുടെ ഗോളുകൾ. ഇതോടെ കളി ബെൻഫികയിൽ നിന്ന് അകന്നു. എങ്കിലും 74ആം മിനുട്ടിലെ യരം ചുകിന്റെ ഗോളിലൂടെ ഒരു ഗോൾ കൂടെ മടക്കി. അവിടെയും നിർത്താതെ പൊരുതിയ ബെൻഫിക 82ആം മിനുട്ടിൽ നുനസിലൂടെ സമനില ഗോളും നേടി. പക്ഷെ ആദ്യ പാദത്തിലെ പരാജയം മറികടക്കാൻ ഈ സമനില മതിയായിരുന്നില്ല. വിയ്യാറയൽ ആണ് ലിവര്പൂളിൻെറ സെമിയിലെ എതിരാളികൾ .

ആദ്യപാദ ക്വാർട്ടറിലെ ഏക ഗോളിന്റെ പിൻബലത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് നിലവിലെ റണ്ണേഴ്സപ്പായ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് സെമിയിൽ. അവസാന മിനിറ്റുകൾ കയ്യാങ്കളിയിലേക്ക് വഴിമാറിയ മാഡ്രിഡിലെ രണ്ടാംപാദ പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ അത്ലറ്റിക്കോ മാഡ്രിഡ് കാര്യമായ സമ്മർദ്ദം സിറ്റിക്ക് നൽകിയില്ല. സിറ്റിയും ആദ്യ പകുതിയിൽ അവസരം സൃഷ്ടിച്ചില്ല. രണ്ടാം പകുതിയിലാണ് കളിക്ക് ചൂടു പിടുച്ചത്.

രണ്ടാം പകുതിയിൽ സിറ്റിക്ക് എതിരെ തുടർ ആക്രമണങ്ങൾ ആണ് അത്ലറ്റിക്കോ മാഡ്രിഡ് നടത്തിയത്. നിരവധി മുന്നേറ്റങ്ങൾ അവർ നടത്തി എങ്കിലും സിറ്റി ഡിഫൻസ് ഉറച്ചു നിന്നു. ഗ്രീസ്മന്റെ ഒരു ഷോട്ട് പോസ്റ്റിന് ഉരുമ്മി പോയതായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ മികച്ച അവസരം.അവസാന നിമിഷങ്ങളിൽ ഫിലിപെ ചുവപ്പ് കണ്ട് പുറത്തായത് അത്ലറ്റിക്കോയുടെ പോരാട്ടത്തെ ബാധിച്ചു. എന്നിട്ടും അവസാന വിസിൽ വരെ അവർ പൊരുതി. എങ്കിലും 180 മിനുട്ടിലധികം കളിച്ചിട്ടും ഒരു ഗോൾ നേടാൻ ആയില്ല എന്ന സിമിയോണിയുടെ ടീമിന് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു.യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ ട്രോഫി ആദ്യമായി സ്വന്തമാക്കാൻ ശ്രമിക്കുന്ന സിറ്റി, 13 തവണ ചാമ്പ്യൻമാരായ റയൽ മാഡ്രിഡുമായി സെമിഫൈനലിൽ കളിക്കും.