നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം പിഎസ്ജി ക്യാമ്പ് നൗവിൽ എത്തിയത് പഴയ കണക്കുകൾ തീർക്കാൻ തന്നെയാണ്. പരിക്ക് മൂലം പ്രധാന താരങ്ങൾ ഇല്ലാതിരുന്നിട്ടും ബാഴ്സയെ നിലപരിശാക്കുന്ന പ്രകടനമാണ് പിഎസ്ജി പുറത്തെടുത്തത്.ഫ്രഞ്ച് സൂപ്പർ താരം എമ്പപ്പെ മുന്നിൽ നിന്നും നയിച്ചപ്പോൾ ദുർബലമായ ബാഴ്സ പ്രതിരോധ നിര കാഴ്ചക്കാരായി മാറി. മത്സരത്തിൽ പൂർണ ആധിപത്യം പുറത്തെടുത്ത പാരീസ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സയെ തകർത്തു വിട്ടത്. സൂപ്പർ താരം നെയ്മറുടെ അഭാവത്തിൽ പിഎസ്ജി യുടെ ആക്രമണങ്ങളുടെ ചുക്കാൻ പിടിച്ച എംബപ്പയുടെ ഹാട്രിക്കാണ് പാരീസിന്റെ വിജയത്തിൽ നിർണായകമായത്.

എംബപ്പയുടെ വേഗതക്കും, കരുത്തിനും മുന്നിൽ ബാഴ്സ താരങ്ങൾക്ക് പിടിച്ചു നിൽക്കാനായില്ല. മുന്നേറ്റ നിരയിൽ എംബപ്പേ,ഇക്കാർഡി, കീൻ കൂട്ടുകേട്ട് നിരന്തരം ആക്രമണം അഴിച്ചു വിട്ടപ്പോൾ താളം കിട്ടാതെ പിക്വെയുടെ നേതൃത്വത്തിലുള്ള ബാഴ്സ ഡിഫെൻസ് വലഞ്ഞു പോയി. 2019 നവംബറിനു ശേഷം ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയിട്ടില്ല എന്ന ചീത്തപ്പേര് ഹാട്രിക്കിലൂടെയാണ് ഫ്രഞ്ച് താരം തീർത്തു കളഞ്ഞത്.
കരുതലോടെയാണ് ഇരു ടീമുകളും മത്സരം ആരംഭിച്ചത്, 14 ആം മിനുട്ടിൽ ബാഴ്സക്കാണ് മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത്. ബോക്സിനു പുറത്തു നിന്നും പെഡ്രി കൊടുത്ത മനോഹരമായ പാസ് ഗ്രീസ്മാൻ പിടിച്ചെടുത്തെങ്കിലും ഫ്രഞ്ച് താരത്തിന്റെ ദുർബലമായ ഷോട്ട് നവാസ് തടുത്തിട്ടു.തൊട്ടടുത്ത മിനുട്ടിൽ ഇക്കാർഡിക്ക് പിഎസ്ജി യെ മുന്നിലെത്തിയാക്കൻ അവസര മലഭിച്ചെങ്കിലും അര്ജന്റീന സ്ട്രൈക്കറുടെ ഷോട്ട് പെഡ്രി ഗോൾ വിലക്കു മുന്നിൽ നിന്നും തട്ടിയകറ്റി . 27ആം മിനുട്ടിൽ ഡിയോങ് ബാഴ്സക്കായി പെനാൽറ്റി നേടിക്കൊടുത്തു . പെനാൽറ്റി കിക്കെടുത്ത മെസ്സി ഒരു പിഴവും കൂടാതെ നവാസിനെ കീഴടക്കി വലയിലാക്കി. 29 ആം മിനുട്ടിൽ ഡെംബെല്ലക്ക് ബോക്സിനകത്തു നിന്നും മികച്ച അവസരം ലഭിച്ചെങ്കിലും ഫ്രഞ്ച് താരത്തിന് നവാസിനെ മറികടക്കാനായില്ല .32ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും കുർസാവ കൊടുത്ത പാസിൽ നിന്നും വെറാറ്റി കൊടുത്ത ഒരു ഫ്ലിക് പാസ് സ്വീകരിച്ച് ബോക്സിൽ നൃത്തമാടിയ ശേഷം ഇടം കാലൻ ഷോട്ടിൽ എമ്പപ്പെ പിഎസ്ജി ക്ക് സമനില ഗോൾ കണ്ടെത്തികൊടുത്തു.

ഗോൾ വീണതോടെ ഉണർന്നു കളിച്ച പാരിസിന് 35 ആം മിനുട്ടിൽ ലീഡ് ഉയർത്താനുള്ള അവസരം ലഭിച്ചു. എംബപ്പയുടെ പാസിൽ നിന്നും ഡിഫെൻഡറുടെ കാലുകൾക്കിടയിലൂടെ കുർസാവയുടെ ഷോട്ട് ടെർ സ്റ്റീഗന്റെ മുഴു നീള ഡൈവ് രക്ഷക്കെത്തി. തൊട്ടടുത്ത മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്നും മൈതാന മധ്യത്തു നിന്നും പന്തുമായി മുന്നേറിയ ഗ്രീസ്മാന്റെ ഷോട്ട് നവാസിനെ മറികടന്നെങ്കിലും ഇഞ്ചുകളുടെ വ്യത്യസത്തിൽ പുറത്തേക്കു പോയി. 38 ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്നും ഫ്ലോറെൻസിയുടെ പാസിൽ നിന്നും കീനിന്റെ ഷോട്ട് ടെർ സ്റ്റീഗൻ രക്ഷപെടുത്തി. 45 ആം മിനുട്ടിൽ കോർണറിൽ നിന്നും ഇക്കാർഡി തൊടുത്ത ഫ്രീ ഹെഡ്ഡർ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തു പോയി .
രണ്ടാം പകുതിയിൽ മത്സരത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തു പിഎസ്ജി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബോക്സിനു പുറത്തു നിന്നുമുളള എംബപ്പയുടെ ഷോട്ട് പോസ്റ്റിനൊരുമിയാണ് പുറത്തേക്ക് പോയത്. 51 ആം മിനുട്ടിൽ ഇക്കാർഡിയുടെ പാസിൽ നിന്നും മൊയ്സ് കീനിന്റെ ഷോട്ട് വളരെ പണിപ്പെട്ടാണ് ടെർ സ്റ്റെഗൻ തട്ടിയകറ്റിയത്.65ആം മിനുട്ടിൽ എമ്പപ്പെയുടെ രണ്ടാം ഗോൾ വന്നു, ബോക്സിനകത്തു നിന്നും ഫ്ലോറെൻസി കൊടുത്ത പാസ് ക്ലിയർ ചെയ്യുന്നതിൽ ബാഴ്സ ഡിഫെൻസ് പിഴവ് വരുത്തിയപ്പോൾ അവസരം മുതലെടുത്ത ഫ്രഞ്ച് താരം പന്ത് വലയിലാക്കി. മൂന്നു മിനിട്ടുകൾക്ക് ശേഷം എംബപ്പേക്ക് മൂന്നാം ഗോൾ നേടാൻ അവസരം ലഭിച്ചു. ബോക്സിനകത്തു നിന്നുള്ള താരത്തിന്റെ ഇടം കാൽ ഷോട്ട് ഗോൾകീപ്പർ തടുത്തിട്ടു.

70 ആം മിനുട്ടിൽ പിഎസ്ജി മൂന്നാം ഗോൾ നേടി. ലിയാൻഡ്രോ പരേഡെസ് എടുത്ത ഫ്രീകിക്കിൽ മാർക്ക് ചെയ്യപെടാതിരുന്ന മൊയ്സ് കീൻ ആറ് യാർഡ് ബോക്സിന്റെ അരികിൽ നിന്ന് ഹെഡ്ഡറിലൂടെ വലയിലാക്കി സ്കോർ 3 -1 ആക്കി ഉയർത്തി. 81 ആം മിനുട്ടിൽ നവാസിസ്ന്റെ ഒരു പിഴവിൽ നിന്നും തിരിച്ചു വരവിനുള്ള അവസരം ബാഴ്സക്ക് ലഭിച്ചു. 85 ആം മിനുട്ടിൽ കൌണ്ടർ അറ്റാക്കിൽ നിന്നും പകരക്കാരൻ ജൂലിയൻ ഡ്രാക്സ്ലറുടെ പാസിൽ നിന്നും എംബാപ്പയുടെ മനോഹരമായ വലതു കാൽ ഷോട്ട് ബാഴ്സ വലയിലെത്തിയതോടെ അവരുടെ പതനം പൂർണമായി.ഫ്രഞ്ച് താരം തന്റെ ഹാട്രിക്കും പൂർത്തിയാക്കി.
1997 ൽ ആൻഡ്രി ഷെവ്ചെങ്കോയ്ക്ക് ശേഷം ക്യാമ്പ് നൗവിൽ വിസിറ്റിംഗ് ക്ലബിന് വേണ്ടി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമായി എംബപ്പേ.രണ്ടാം പാദത്തിൽ പാരീസിൽ ചെന്ന് ബാഴ്സലോണ അത്ഭുതങ്ങൾ കാണിച്ചാൽ അല്ലാതെ ബാഴ്സലോണക്ക് ഇനി ക്വാർട്ടർ കാണാൻ ആവില്ല.രണ്ടാം പാദത്തിൽ 2017 ആവർത്തിച്ചാൽ മാത്രമേ ബാഴ്സക്ക് ഇനി രക്ഷയുള്ളൂ.

ബുഡപെസ്റ്റിൽ നടന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലിവർപൂൾ ലൈപ്സിഗിനെ പാഴ്ജയപെടുത്തി. എതിരില്ലാതെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. ലിവർപൂളിനായി 53ആം മിനുട്ടിൽ സലയും , 58ആം മിനുട്ടിൽ മാനേയുമാണ് ഗോളുകൾ നേടിയത്. ലൈപ്സിഗ് താരങ്ങളുടെ പിഴവിൽ നിന്നാണ് ലിവർപൂൾ രണ്ടു ഗോളുകളും നേടിയത് .