❝ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍, ബയേണിന് പിഎസ്ജി, റയലിന് ലിവര്‍പൂള്‍❞

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി. വമ്പന്‍ ടീമുകളാണ് നേര്‍ക്കുനേര്‍ വരുന്നത്. ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക്കിന് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയാണ് എതിരാളി. സ്പാനിഷ് ടീം റയല്‍ മാഡ്രിഡ് ഇംഗ്ലീഷുകാരായ ലിവര്‍പൂളിനെ എതിരിടും. ക്വാര്‍ട്ടറില്‍ ഏറ്റവും കരുത്ത പോരാട്ടവും ഇവര്‍ തമ്മിലായിരിക്കുമെന്നാണ് വിലയിരുത്തല്‍.

പ്രീമിയര്‍ ലീഗ് ടീമുകളായ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും താരതമ്യേന എളുപ്പമുള്ള എതിരാളികളാണ്. സിറ്റി ജര്‍മനിയില്‍ നിന്നുള്ള ബൊറൂസിയ ഡോട്ട്മുണ്ടിനേയും ചെല്‍സി പോര്‍ച്ചുഗീസ് ടീം പോര്‍ട്ടോയേയും നേരിടും. ഏപ്രില്‍ 6-7 ദിവസങ്ങളിലായാണ് ക്വാര്‍ട്ടറിലെ ആദ്യപാദ മത്സരങ്ങള്‍. രണ്ടാപാദ മത്സരങ്ങള്‍ ഏപ്രില്‍ 13-14 ദിവസങ്ങളിലായും നടക്കും.

സിറ്റി ഡോട്ട്മുണ്ട് മത്സരത്തിലെ വിജയി സെമിയില്‍ ബയേണ്‍ മ്യൂണിക്ക് പിഎസ്ജി മത്സരത്തിലെ വിജയിയുമായി ഏറ്റുമുട്ടും. മറ്റൊരു സെമിയില്‍ പോര്‍ട്ടോ ചെല്‍സി മത്സരത്തിലെ വിജയി റയല്‍ മാഡ്രിഡ് ലിവര്‍പൂള്‍ മത്സരത്തിലെ വിജയിയേയും നേരിടും. ഏപ്രില്‍ 27, 28 ദിവസങ്ങളില്‍ സെമി ഫൈനല്‍ ആദ്യപാദ മത്സരങ്ങളും മെയ് 4, 5 ദിവസങ്ങളില്‍ സെമി രണ്ടാംപാദ മത്സരങ്ങളും നടക്കും. തുര്‍ക്കിയിലെ ഇസ്താംബൂളിൽ മെയ് 29നാണ് ഫൈനല്‍.

ഇംഗ്ലണ്ടില്‍നിന്നും മൂന്നു ടീമുകള്‍, ജര്‍മനിയില്‍നിന്നും രണ്ടുപേര്‍, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍നിന്നും ഓരോ ടീമുകള്‍ വീതവുമാണ് ക്വാര്‍ട്ടറിലെത്തിയത്. 2005നുശേഷം ഇതാദ്യമായി ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഇല്ലാതെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കും. 2016ന് ശേഷം ആദ്യമായി ഒരു ഇറ്റാലിയന്‍ ടീം ക്വാര്‍ട്ടറിലെത്തിയില്ല.