❝ചാമ്പ്യൻസ് ലീഗ്👑⚽രാജാക്കന്മാർ ടീം🤍💙 റയൽ മാഡ്രിഡ്
ക്വാർട്ടർ😍✌️ ഫൈനലിൽ ; 💪🔵ആധികാരിക വിജയത്തോടെ
സിറ്റിയും ക്വാർട്ടറിൽ ❞

യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിൽ ഇറ്റാലിയൻ കരുത്തന്മാരായ അറ്റ്ലാന്റയെ പരാജയപ്പെടുത്തി മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം .ഇരു പാദങ്ങളിലുമായി 4 -1 വിജയമാണ് റയൽ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു വർഷവും പ്രീ ക്വാർട്ടറിൽ പുറത്തായ റയൽ 2018 നു ശേഷം ആദ്യമായാണ് ക്വാർട്ടറിൽ കടക്കുന്നത്.

35 ആം മിനുട്ടിൽ അറ്റ്ലാന്റ ഗോൾ കീപ്പർ മാർക്കോ സ്‌പോർട്ടിയല്ലോയുടെ പിഴവിൽ നിന്നും കരീം ബെൻസെമ റയലിനെ മുന്നിലെത്തിച്ചു.മോഡ്രിച്ചിന്റെ പാസിൽ നിന്നായിരുന്നു ഫ്രഞ്ച് താരത്തിന്റെ ഗോൾ . 43 ആം മിനുട്ടിൽ സമനില നേടാൻ അറ്റ്ലാന്റാക്ക് അവസരം ലഭിച്ചെങ്കിലും റുസ്‌ലാൻ മാലിനോവ്സ്കിയുടെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക് പോയി. 53 ആം മിനുട്ടിൽ ബ്രസീലിയൻ സ്‌ട്രൈക്കർ വിനീഷ്യസ് ജൂനിയറിനു ലീഡ് നേടിക്കൊടുക്കാൻ അവസരം ലഭിച്ചെങ്കിലും താരത്തിന്റ ക്ലോസ് റേഞ്ച് ഷോട്ട് ലക്‌ഷ്യം കണ്ടില്ല. 60 ആം മിനുട്ടിൽ ക്യാപ്റ്റൻ സെർജിയോ റാമോസിലൂടെ റയൽ സ്കോർ 2 -0 ആക്കി ഉയർത്തി .അറ്റ്ലാന്റ താരം റാഫേൽ ടോലോയ് വിനിഷ്യസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നായിരുന്നു റാമോസിന്റെ ഗോൾ .

68 ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്നുമുള്ള ക്രോസിൽ ബെൻസിമയുടെ ഹെഡ്ഡർ ഗോൾ കീപ്പർ തടുത്തിട്ടു റീബൗണ്ടിൽ വീണ്ടും ബെൻസിമ ശ്രമിച്ചെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. 76 ആം മിനുട്ടിൽ സ്‌ട്രൈക്കർ ഡുവാൻ സപാറ്റക്ക് ഗോൾ മടക്കാനുള്ള അവസരം ലഭിച്ചെങ്കിലും കോർട്ടോയിസിനി മറികടക്കാനായില്ല. 83 ആം മിനുട്ടിൽ മികച്ചൊരു ഫ്രീകിക്കിലൂടെ ലൂയിസ് മുരിയൽ അറ്റ്ലാന്റാക്ക് വേണ്ടി ഒരു ഗോൾ മടക്കി. എന്നാൽ 84 ആം മിനുട്ടിൽ ലൂക്കസിന്റെ പാസിൽ നിന്നും മാർക്കോ അസെൻസിയോയുടെ ഇടം കാൽ ഷോട്ട് വലയിലായതോടെ റയൽ വിജയമുറപ്പിച്ചു.

ബോറുസിയ മോൺചെൻഗ്ലാഡ്ബാച്ചിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക്. തുടർച്ചയായ നാലാം സീസണാണ് സിറ്റി ക്വാർട്ടറിലെത്തുന്നത്. ഇരു പാദങ്ങളിലുമായി 4 -0 എന്ന സ്കോറിനാണ് സിറ്റി വിജയം നേടിയത്. ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിൽ നടന്ന മത്സരത്തിൽ 12 ആം മിനുട്ടിൽ ബോക്സിനു പുറത്തു നിന്നും കെവിൻ ഡി ബ്രൂയിന്റെ ഇടം കാൽ ഷോട്ട് സിറ്റിക്ക് ലീഡ് നേടിക്കൊടുത്തു .ഈ സീസണിൽ സിറ്റിയുടെ 100 മത്തെ ഗോളായിരുന്നു ഇത് .

18 ആം മിനുട്ടിൽ ഇൽകെ ഗുണ്ടോഗൻ സിറ്റിയുടെ ലീഡ് രണ്ടാക്കി ഉയർത്തി.ഒക്ടോബറിൽ ഗ്രൂപ്പ് സ്റ്റേജിനു ശേഷം സിറ്റി ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ലക്‌ഷ്യം വെക്കുന്ന സിറ്റി 2015 -16 സീസണിലാണ് ആദ്യമായി സെമിയിലെത്തിയത്.