❝ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഗൾഫ് യുദ്ധം ; പിഎസ്ജി മാഞ്ചസ്റ്റർ സിറ്റിക്കെതിരെ❞

ഇന്ന് ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത് ഒരു വലിയ പോരാട്ടമാണ്. യൂറോപ്പിലെ ഏറ്റവും സമ്പന്നരായ രണ്ടു ടീമുകളാണ് ഇന്ന് ചാമ്പ്യൻസ് ലീഗ് സെമിയിൽ നേർക്കുനേർ വരുന്നത്. മാഞ്ചസ്റ്റർ സിറ്റിയും പി എസ് ജിയും. സൂപ്പർ താരങ്ങളുടെ വലിയ നിര തന്നെ രണ്ടു ടീമുകളിലും ഉണ്ട്. ആദ്യ പാദ സെമി ഫൈനൽ പാരീസിൽ വെച്ചാണ് നടക്കുന്നത്. ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും സെമിയിലിറങ്ങുന്നത്.കഴിഞ്ഞ തവണ ഫൈനലിൽ നഷ്ടപെട്ട കിരീടം തിരിച്ചു പിടിക്കാനാണ് നെയ്മറുടെ നേതൃത്വത്തിൽ പാരീസ് ഇറങ്ങുന്നത്.


ബയേണെ ക്വാർട്ടറിൽ മറികടന്നാണ് പി എസ് ജി സെമിയിലേക്ക് എത്തിയത്.പരിക്ക് സാരമുള്ളതല്ല എന്നതു കൊണ്ട് എമ്പപ്പെ ഇന്ന് പി എസ് ജി നിരയിൽ ഉണ്ടാകും. എമ്പക്ക് ഒപ്പം നെയ്മർ, ഡി മറിയ, ഇക്കാർഡി എന്നിവർ ഒക്കെ ആദ്യ ഇലവനിൽ ഉണ്ടാകും. മാഞ്ചസ്റ്റർ സിറ്റി നിരയിലും കാര്യമായ പരിക്കുകൾ ഇല്ല. ഡോർട്മുണ്ടിനെ മറികടന്നാണ് സിറ്റി സെമിയിൽ എത്തിയത്. അവസാന മത്സരത്തിൽ സ്പർസിനെ പരാജയപെടുത്തി ലീഗ് കപ്പ് ഉയർത്തിയ ആത്മവിശ്വാസവും സിറ്റിക്ക് ഉണ്ട്. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ആകാത്ത ടീമുകളാണ് സിറ്റിയും പി എസ് ജിയും. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക.


പാരിസ് സെന്റ് ജെർമെയ്നും മാഞ്ചസ്റ്റർ സിറ്റിയും ഇതുവരെ മൂന്ന് തവണ മാത്രമാണ് ഏറ്റുമുട്ടിയത്. ഒരു മത്സരത്തിൽ സിറ്റി വിജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിലായി. 2016 ലെ ക്വാർട്ടർ ഫൈനലിൽ അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയത്. ആദ്യ പാദത്തിൽ കെവിൻ ഡി ബ്രൂയിൻ നേടിയ ഗോളിന് വിജയിച്ച സിറ്റി 3-2 ന് ജയിച്ച് സെമി ഫൈനലിലേക്ക് മുന്നേറി. കെയ്‌ലർ നവാസും മാർകോ വെറാറ്റിയും പരിക്കിൽ നിന്നും പാരീസ് ടീമിൽ തിരിച്ചെത്തും.മാർക്വിൻ‌ഹോസ്, അബ്ദു ഡിയല്ലോ എന്നിവർ കളിക്കുന്ന കാര്യം സംശയത്തിലാണ്.

പാരീസ് സെന്റ് ജെർ‌മെയിൻ സാധ്യത ഇലവൻ (4-2-3-1): കെയ്‌ലർ നവാസ്, മിച്ചൽ ബക്കർ, പ്രെസ്‌നെൽ കിമ്പെംബെ, തിലോ കെഹ്രെർ, കോളിൻ ഡഗ്‌ബ, മാർക്കോ വെരാട്ടി, ആൻഡർ ഹെരേര, പാബ്ലോ സരബിയ, നെയ്മർ, കൈലിയൻ എംബാപ്പി, ഇക്കാർഡി.
മാഞ്ചസ്റ്റർ സിറ്റി സാധ്യത ഇലവൻ (4-3-3): എഡേഴ്സൺ; ജോവ കാൻസലോ, ജോൺ സ്റ്റോൺസ്, റൂബൻ ഡയസ്, കെയ്‌ൽ വാക്കർ; റോഡ്രി, ഇൽകെ ഗുണ്ടോഗൻ, കെവിൻ ഡി ബ്രൂയിൻ; ഫെറാൻ ടോറസ്, റഹീം സ്റ്റെർലിംഗ്, ഗബ്രിയേൽ ജീസസ്.