❝ ചാമ്പ്യൻസ് ലീഗ് 🏆⚽ സെമി ഫൈനലിൽ ഇന്ന്
റയൽ 🔥⚽ ചെൽസി തീ പാറും പോരാട്ടം ❞

യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന് ബദലായി യൂറോപ്പിലെ 12 ബിഗ് ക്ലബ്ബുകൾ പ്രഖ്യാപിച്ച യൂറോപ്യൻ സൂപ്പർ ലീഗിന്റെ അവസാനത്തിനു ശേഷം യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമി ഫൈനലിൽ ഇന്ന് യൂറോപ്പിലെ രണ്ട് വലിയ ശക്തികൾ നേർക്കുനേർ വരികയാണ്. ഇന്ന് ആൽഫ്രെഡോ സ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ചെൽസിയെ നേരിടും. ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. ഇംഗ്ലീഷ് ക്ലബ് ലിവർപൂളിന് പരാജയപ്പെടുത്തിയാണ് റയൽ സെമിയിൽ സ്ഥാനം പിടിച്ചത്. പോർച്ചുഗീസ് ക്ലബ് പോർട്ടോയെ മറികടന്നു ചെൽസിയും അവസാന നാലിലെത്തി.

ലാലിഗയിൽ നിരാശ നിറഞ്ഞ ഗോൾ രഹിത സമനില നേടിക്കൊണ്ടാണ് റയൽ മാഡ്രിഡ് ഇന്ന് സെമി ഫൈനലിലേക്ക് വരുന്നത്. അവസാന നാലു മത്സരങ്ങൾക്ക് ഇടയിൽ മൂന്ന് ഗോൾരഹിത സമനില വഴങ്ങിയത് റയൽ ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്‌.എന്നാലും അവസാന 17 മത്സരങ്ങളായി പരാജയം അറിയാത്ത ടീമാണ് റയൽ മാഡ്രിഡ്. ക്വറ്ററിൽ എന്ന പോലെ ഒരു ഇംഗ്ലീഷ് ടീമിനെ കൂടെ മറികടക്കാൻ ആകും എന്ന് സിദാൻ വിശ്വസിക്കുന്നു. ചെൽസി ലീഗിൽ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിൽ ആണ് വരുന്നത്. ടൂഹൽ വന്ന ശേഷം മികച്ച ഫോമിലാണ് ചെൽസി കളിക്കുന്നത്. 2014നു ശേഷം ചെൽസിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ്സെമി ഫൈനലാണിത്. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്.


യുവേഫ മത്സരങ്ങളിൽ റയൽ മാഡ്രിഡും ചെൽസിയും മൂന്ന് തവണ മാത്രമേ ഏറ്റുമുട്ടിയിട്ടുള്ളു. അതിൽ ചെൽസി രണ്ടു വിജയവും ഒരു സമനിലയും നേടി.എന്നിരുന്നാലും, പ്രീ-സീസൺ ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ, റയൽ മാഡ്രിഡും ചെൽസിയും 2013 ലും 2016 ലും ഏറ്റുമുട്ടി, രണ്ട് അവസരങ്ങളിലും റയൽ വിജയിച്ചിരുന്നു. പരിക്ക് മൂലം ബുദ്ധിമുട്ടുന്ന റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ് ഇന്നത്തെ മത്സരത്തിൽ കളിക്കില്ല. എന്നിരുന്നാലും, സ്പാനിഷ് താരം റിട്ടേൺ ലെഗിന് മുമ്പായി പൂർണ്ണ ഫിറ്റ്നസിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.ഫുൾ ബാക്ക് ഫെർലാൻഡ് മെൻഡിയും പരിക്ക് മൂലം വലയുന്നുണ്ട്. കോവിഡ്-19 കാരണം ഫെഡറിക്കോ വാൽ‌വർ‌ഡെയും പുറത്താണ്.

ഈ മാസം ആദ്യം എൽ ക്ലാസിക്കോയിൽ കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ലൂക്കാസ് വാസ്‌ക്വെസിനെ ബാക്കി സീസണിൽ കളിക്കാൻ കഴിയാത്ത അവർക്ക് തിരിച്ചടിയാണ്. റയൽ ക്യാമ്പിലെ ഏറ്റവും വലിയ ആശ്വാസം മുൻ ചെൽസി താരം ഈഡൻ ഹസാർഡിന്റെ മടങ്ങിവരവാണ്. ക്രൊയേഷ്യൻ മിഡ്ഫീൽഡർ മാറ്റിയോ കോവാസിക് പരിക്ക് മൂലം കളിക്കാൻ സാധിക്കില്ല.

റയൽ മാഡ്രിഡ് സാധ്യത ഇലവൻ (3-4-3): കോർട്ടോയിസ്; റാഫോൾ വരാനെ, ഈഡർ മിലിറ്റാവോ, നാച്ചോ; മാർസെലോ, ലൂക്ക മോഡ്രിക്, കാസെമിറോ, ടോണി ക്രൂസ്; വിനീഷ്യസ് ജൂനിയർ, കരീം ബെൻസെമ, ഈഡൻ ഹസാർഡ്.
ചെൽസി സാധ്യത ഇലവൻ (3-5-2): എഡ്വാർഡ് മെൻഡി; ആൻഡ്രിയാസ് ക്രിസ്റ്റെൻസൺ, തിയാഗോ സിൽവ, അന്റോണിയോ റൂഡിഗർ; സീസർ അസ്പിലികുറ്റ, ജോർ‌ജിൻ‌ഹോ, എൻ‌ഗോളോ കാന്റെ, മേസൺ മൗണ്ട്, ബെൻ‌ ചിൽ‌വെൽ; ക്രിസ്റ്റ്യൻ പുലിസിക്, ടിമോ വെർണർ