സ്റ്റെർലിങ്ങിന് ഗോൾ , പ്രീ സീസണിൽ തകർപ്പൻ ജയവുമായി ചെൽസി |Chelsea

പ്രീ-സീസൺ പര്യടനത്തിൽ തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിക്ക് വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് ഉഡിനെസിനെ ചെൽസി 3-1 ന് പരാജയപ്പെടുത്തി. ഉഡിനീസിന്റെ ഹോം ഗ്രൗണ്ടായ ഫ്രിയുലിയിൽ നടന്ന മത്സരത്തിൽ അവരുടെ പുതിയ സൈനിംഗ് റഹീം സ്റ്റെർലിംഗ് ചെൽസിക്കായി ഗോൾ നേടി. പ്രീ-സീസൺ ടൂറിലെ ചെൽസിയുടെ അവസാന മത്സരം കൂടിയായിരുന്നു ഇത്.

കളിയുടെ 20-ാം മിനിറ്റിൽ മധ്യനിര താരം എൻഗോലോ കാന്റെയാണ് ചെൽസിക്കായി ആദ്യ ഗോൾ നേടിയത്. 37-ാം മിനിറ്റിൽ സ്‌ട്രൈക്കർ റഹീം സ്റ്റെർലിംഗ് ചെൽസിയുടെ ലീഡ് 2-0 ആയി ഉയർത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് 42-ാം മിനിറ്റിൽ ജെറാർഡ് ഡ്യൂലോഫ്യൂ ഉദിനെസിനായി ഒരു ഗോൾ മടക്കി. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ചെൽസി 2-1ന് മുന്നിലായിരുന്നു.

തുടർന്ന് ഇരു ടീമുകളും മത്സരത്തിലുടനീളം ഗോൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കളിയുടെ അവസാന നിമിഷം വീണ്ടും ചെൽസി തന്നെ ലക്ഷ്യം കണ്ടു. 90-ാം മിനിറ്റിൽ ഹഡ്‌സൺ-ഒഡോയിയുടെ അസിസ്റ്റിൽ മേസൺ മൗണ്ട് ചെൽസിയുടെ മൂന്നാം ഗോൾ നേടി. അവസാന വിസിലിൽ ചെൽസി 3-1ന് ജയിച്ചു. മത്സരത്തിൽ ഉഡിനീസ് 3 ഷോട്ടുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ ചെൽസി 10 ഷോട്ടുകൾ ലക്ഷ്യത്തിലെത്തിച്ചു.

പ്രീ-സീസൺ മത്സരങ്ങളിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയെങ്കിലും, തുച്ചലിന്റെ ടീം ശക്തമായ ടീമുമായാണ് പുതിയ സീസണിൽ പ്രവേശിക്കുന്നത് . ബ്രസീലിയൻ സെന്റർ ബാക്ക് തിയാഗോ സിൽവയ്‌ക്കൊപ്പം കൗലിബാലിയും എത്തിയതോടെ ചെൽസിയുടെ പ്രതിരോധം കൂടുതൽ ശക്തമായി മാറി.റഹീം സ്റ്റെർലിങ്ങിന്റെ വരവ് മുന്നേറ്റ നിരക്ക് കൂടുതൽ കരുത്ത് നൽകുകയും ചെയ്തു .