❝ 🤜⚽ അടിയും അടികൊത്ത ⚽🤛 തിരിച്ചടിയുമായി
ആദ്യ പാദം 💪🔥 പിരിഞ്ഞു ❞

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ആദ്യ പാദത്തിൽ സമനിലയിൽ പിരിഞ് സ്രായൽ മാഡ്രിഡും ചെൽസിയും. മാഡ്രിഡിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി. ആദ്യ പകുതിയിൽ തന്നെ ഇരു ഗോളുകളും പിറന്നു . ക്രിസ്റ്റ്യൻ പുലിസിക് നിർണായകമായ എവേ ഗോളിലൂടെ ചെൽസിയെ മുന്നിലെത്തിച്ചെങ്കിലും സൂപ്പർ സ്‌ട്രൈക്കർ ബെൻസേമയുടെ മികച്ചൊരു വോളി റയലിന്റെ രക്ഷക്കെത്തി. മത്സരത്തിൽ കൂടുതൽ ഗോളവസരം സൃഷ്ടിച്ചതും മികച്ചു നിന്നതുംക് ചെൽസിയായിരുന്നു.


ചെൽസിയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. 10 ആം മിനുട്ടിൽ തന്നെ ടിമോ വെർണറിലൂടെ ചെൽസിക്ക് മുന്നിലെത്താനുള്ള സുവർണാവസരം ലഭിച്ചു. ബോക്സിനകത്തു നിന്നും ക്രിസ്റ്റ്യൻ പുലിസിക് കൊടുത്ത മനോഹര പാസിൽ നിന്നും വെർണറുടെ ഗോൾ കീപ്പർ കോർട്ടോയിസ് തടുത്തിട്ടു. 14 മിനുട്ടിൽ ചെൽസി മുന്നിലെത്തി. ബോക്സിനകത്തു നിന്നും ഗോൾകീപ്പറെയും മറികടന്നു ക്രിസ്റ്റ്യൻ പുലിസിക് സമർത്ഥമായി പന്ത് വലയിലാക്കി. ഗോൾ വീണതോടെ റയൽ ഉണർന്നു കളിച്ചു , ബെൻസേമയും വിനിഷ്യസും കൂടുതൽ ആക്രമിച്ചു കളിച്ചു. 23 ആം മിനുട്ടിൽ കരീം ബെൻസെമയുടെ ബോക്സിനു പുറത്തു നിന്നുള്ള ഇടം കാൽ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി.


29 ആം മിനുട്ടിൽ റയൽ സമനില പിടിച്ചു. ബോക്സിനുള്ളിൽ നിന്ന് മികച്ചൊരു അക്രോബാറ്റിക് ഷോട്ടിലൂടെ ബെൻസിമ ചെൽസി വല ചലിപ്പിച്ച് സ്കോർ 1 -1 ആക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ വെർണറിലൂടെ ഗോൾ നേടാൻ ചെൽസിക്ക് അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇരു ടീമുകളും കൂടുതൽ ആക്രമണങ്ങൾക്ക് മുതിരാതായപ്പോൾ കളി മധ്യനിരയിൽ ഒതുങ്ങി. 66 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിനു പകരമായി മുൻ ചെൽസി താരം കൂടിയായ ഹസാഡ് ഇറങ്ങി. ചെൽസിയാവട്ടെ സീസർ അസ്പിലികുറ്റയ്ക്ക് പകരമായി റീസ് ജെയിംസ്,ടിമോ വെർണർ പകരക്കാരനായി കൈ ഹാവെർട്സ്,ക്രിസ്റ്റ്യൻ പുലിസിക്ക് പകരമായി ഹക്കിം സിയെക്ക് എന്നിവരെ തോമസ് തുച്ചൽ ഇറക്കി.

സിയെച്ച ഇറങ്ങിയതോടെ ചെൽസി കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിക്കുവാൻ തുടങ്ങി. ആദ്യ പകുതിയിൽ എന്ന പോലെ രണ്ടാം പകുതിയിലും റയൽ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കാൻ ചെൽസി മുന്നേറ്റ നിരക്കായി. 78 ആം മിനുട്ടിൽ ചെൽസിക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും കീപ്പർ കോർട്ടോയിന്റെ കൈകളിലേക്കായിരുന്നു. അവസാന പത്തുമിനുട്ടിൽ ഇരു ടീമുകളും കൂടുതൽ ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.രണ്ടാം പാദ മത്സരം മെയ് അഞ്ചിന് നടക്കും.