❝ 🏟🏆 ഇസ്താൻബൂളിലേക്ക് 😍✈പറക്കാൻ
🔵ചെൽസിയും ⚪റയൽ മാഡ്രിഡും നേർക്കുനേർ ❞

യുവേഫ ചാമ്പ്യൻസ് ലീഗിലെ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഇന്ന് യൂറോപ്പിലെ രണ്ട് വലിയ ശക്തികൾ ഒരിക്കൽ കൂടെ നേർക്കുനേർ വരും. ഇന്ന് ലണ്ടനിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ചെൽസിയെ നേരിടും. ആദ്യ പാദത്തിൽ മാഡ്രിഡിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സ്കോർ 1-1 എന്നായിരുന്നു. ഒരു എവേ ഗോൾ നേടാൻ ആയത് ചെൽസിക്ക് ഇന്ന് മുൻതൂക്കം നൽകും. പതിനേഴാം ഫൈനലും പതിനാലാം കിരീടവും ലക്ഷ്യമിട്ടാണ് റയൽ മാഡ്രിഡ് ഇറങ്ങുന്നത്. അതേസമയം മൂന്നാം ഫൈനലും രണ്ടാം കിരീടവും ഉന്നമിട്ട് ചെൽസി. ഇന്നത്തെ വിജയികള്‍ കലാശപ്പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.


സിനദിൻ സിദാന്റെയും തോമസ് ടുഷേലിന്റെയും തന്ത്രങ്ങൾ ഒരിക്കൽക്കൂടി മാറ്റുരയ്‌ക്കുന്നു. റയലിന്റെ മൈതാനത്ത് മഴയിൽ കുതിർന്ന ആദ്യപാദത്തിൽ ഇരുടീമും ഓരോ ഗോളടിച്ച് സമനില പാലിച്ചു. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഗോളിന് മുന്നിലെത്തിയ ചെൽസിക്കെതിരെ റയൽ ഒപ്പമെത്തിയത് കരീം ബെൻസേമയിലൂടെ. സമനിലയോടെ മടങ്ങിയെങ്കിലും എവേ ഗോളിന്റെ മുൻതൂക്കം ചെൽസിക്കുണ്ട്.പരിക്കേറ്റ ഡിഫൻഡർ റാഫേൽ വരാൻ കളിക്കില്ലെങ്കിലും ക്യാപ്റ്റൻ സെർജിയോ റാമോസും ഫെർലാൻഡ് മെൻഡിയും ഫെഡെ വെൽവേർദയും തിരിച്ചെത്തിയത് സിദാന് ആശ്വാസമാവും. കരീം ബെൻസേമയുടെ സ്‌കോറിംഗ് മികവിനെയാണ് റയൽ ഉറ്റുനോക്കുന്നത്. ചെൽസിയിൽ നിന്ന് റയലിലേക്ക് ചേക്കേറിയതിന് ശേഷം എഡൻ ഹസാർഡ് സ്റ്റാഫോർഡ് ബ്രിഡ്ജിൽ തിരിച്ചെത്തുന്ന ആദ്യമത്സരം കൂടിയാവും ഇത്.ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലാക്കാനിറങ്ങുന്ന ടുഷേൽ, തിമോ വെർണർ, പുലിസിച്ച്, മേസൺ മൗണ്ട് എന്നിവരെയാവും ഗോൾ വേട്ടയക്ക് നിയോഗിക്കുക. മധ്യനിരയിൽ എൻഗോളെ കാന്റെ, ബെൻ ചിൽവെൽ എന്നിവരുടെ പ്രകടനവും ചെൽസിക്ക് നിർണായകമാവും. റയലും ചെൽസിയും ഇതിന് മുൻപ് ഏറ്റുമുട്ടിയത് നാല് കളിയിൽ. ചെൽസി ഒറ്റക്കളിയിലും ജയിച്ചിട്ടില്ല. റയൽ രണ്ടിൽ ജയിച്ചപ്പോൾ രണ്ടുമത്സരം സമനിലയിൽ അവസാനിച്ചു.ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്.

ചെൽസി സാധ്യത ഇലവൻ (3-4-3): എഡ്വാർഡ് മെൻഡി; അന്റോണിയോ റൂഡിഗർ, തിയാഗോ സിൽവ, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ; സീസർ അസ്പിലിക്കുറ്റ, ബെൻ ചിൽ‌വെൽ, എൻ‌ഗോളോ കാന്റെ, ജോർ‌ജിൻ‌ഹോ; മേസൺ മൗണ്ട് , ക്രിസ്റ്റ്യൻ പുലിസിക്, ടിമോ വെർണർ.
റയൽ മാഡ്രിഡ് സാധ്യത ഇലവൻ (4-3-3): കോർട്ടോയിസ്; നാച്ചോ, സെർജിയോ റാമോസ്, ഈഡർ മിലിറ്റാവോ, ഫെർലാൻഡ് മെൻഡി; കാസെമിറോ, ലൂക്ക മോഡ്രിക്, ടോണി ക്രൂസ്; മാർക്കോ അസെൻസിയോ, വിനീഷ്യസ് ജൂനിയർ, കരീം ബെൻസെമ.