❝പരിശീലകർക്കായി👔💰നഷ്ടങ്ങളുടെ നഷ്ടപരിഹാരം നൽകുന്നത് പതിവാക്കിയ ടീം 🔵🏟ചെൽസി

പരിശീലകരെ പുറത്താക്കുക എന്നത് ഇംഗ്ലീഷ് ക്ലബ് ചെൽസിയെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. മികച്ച റിസൾട്ട് ഉണ്ടായിട്ടും പല പരിശീലകർക്കും സ്‌റ്റാംഫോർഡ് ബ്രിഡ്ജിൽ പിടിച്ചു നിൽക്കാനായില്ല. ചെൽസി ഉടമസ്ഥൻ റോമൻ അബ്രഹാമോവിച്ചിന്റെ അപ്രീതി സമ്പാദിച്ച ഒരു പരിശീലകനും ചെൽസിയിൽ തുടരാനായിട്ടില്ല. ചെൽസിയിൽ നിന്നും അവസാനം പുറത്താക്കിയ പരിശീലകനാണ് മുൻ ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡ്.

എന്നാൽ കരാർ കാലാവധിക്ക് മുൻപ് പരിശീലകരെ പുറത്താക്കുമ്പോൾ വൻ നഷ്ടപരിഹാരമാണ് ക്ലബ് കൊടുക്കേണ്ടി വന്നത്. 112.5 മില്യൺ പൗണ്ട്, ഏതാണ്ട് 1149 കോടി രൂപയാണ് 2003ൽ റഷ്യൻ കോടിപതി റോമൻ അബ്രാമോവിച്ച് ചെൽസി ഫുട്ബോൾ ക്ലബ് വാങ്ങിയതു മുതൽ പുറത്താക്കുന്ന പരിശീലകർക്ക് നഷ്ടപരിഹാരം നൽകാനായി മാത്രം മുടക്കിയ തുകയാണിത്. 14 പരിശീലകരാണ് അബ്രാമോവിച്ചിന്റെ 17 കൊല്ലത്തിനിടെ ചെൽസി വിട്ടത്.

അടുത്തിടെ ചെൽസി വിട്ട ഫ്രാങ്ക് ലാംപാർഡാണ് അവസാനമായി പുറത്താക്കപ്പെട്ട പരിശീലകൻ . 2 മില്യൺ പൗണ്ട് (20.49 കോടി രൂപ) വാങ്ങിയാണ് ചെൽസിയുടെ ഇതിഹാസ താരം കൂടിയായ ഫ്രാങ്ക് ലാംപാർഡ് വിട പറഞ്ഞത്. 6 മാസം കൂടി കഴിഞ്ഞിരുന്നങ്കിൽ പുതിയ കരാർ നിബന്ധന പ്രകാരം 6 മില്യൺ പൗണ്ട് (61.48 കോടി) ലാംപാർഡിന് നൽകേണ്ടി വന്നേനെ.സ്പാനിഷ് പരിശീലകൻ റാഫാ ബെനിറ്റസ്, ഡച്ച് തന്ത്രജ്ഞൻ ഗസ്സ് ഹിഡിങ്ക് എന്നിവർ മാത്രമാണ് കാലാവധി തീർന്ന് ചെൽസി വിട്ടു പോയത്.

ലാംപാർഡിന് മുൻപുണ്ടായിരുന്ന മൗറിഷ്യോ സാറി യുവെന്റസിലേക്ക് പോയ വകയിൽ ചെറിയൊരു തുക ചെൽസിക്ക് ലഭിച്ചതാണ് ഇക്കാലയളവിൽ പരിശീലകരിൽ നുന്നുണ്ടായ സാമ്പത്തിക നേട്ടം. പരിശീലക സ്ഥാനം തെറിച്ച വകയിൽ കാശു വാരിയവരിൽ പ്രധാനി നിലവിലെ ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോണ്ടെയും ടോട്ടനം ഹോട്സ്പർ പരിശീലകൻ ഹോസെ മൗറിന്യോയുമാണ്. ഇരുവർക്കും ടീം വിട്ട വകയിൽ 20 മില്യൺ പൗണ്ടിലേറെ (ഏതാണ്ട് 200 കോടിയിലേറെ രൂപ) ലഭിച്ചു. കോണ്ടെയ്ക്ക് ബാക്ക് റൂം സ്റ്റാഫുകളെ ഒഴിവാക്കിയ വകയിൽ 9 മില്യൺ പൗണ്ടും (92.23 കോടി രൂപ) മൗറിന്യോക്ക് രണ്ട് തവണയായി 8.3 മില്യൺ പൗണ്ടും (85 കോടി രൂപ) ലഭിച്ചു. കോണ്ടെയുടെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ രണ്ട് വർഷത്തെ കാലയളവിൽ 351 മില്യൺ ഡോളറിന് 13 കളിക്കാരെ ബ്ലൂസ് സ്വന്തമാക്കിയിരുന്നു.

അബ്രഹിമോവിച്ച് ടീം വാങ്ങുന്ന സമയത്ത് പരിശീലകനായിരുന്നു ക്ലോഡിയോ റായ്നേരിയാണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ചെൽസിയെ പരിശീലിപ്പിച്ചത്. 2000ൽ ടീമിലെത്തിയ റായ്നേരി, 2004ൽ പുറത്താക്കപ്പെടുന്നത് വരെ 199 കളികളിൽ ചെൽസി പരിശീലകനായി. വൻ താരങ്ങളെ പലരെയും എത്തിക്കാമായിരുന്ന പണം പരിശീലകരിൽ പാഴാക്കിയെന്ന് ഉടമയെ പഴി പറയാം. പക്ഷേ ചെൽസി ആരാധകർക്കറിയാം, ടീം വാങ്ങിയതു മുതൽ ഈ റഷ്യൻ കോടീശ്വരനാണ് അവരുടെ സൂപ്പർ ഹീറോ. ക്ലബ്ബിനെ ലീഗ് കിരീടത്തിലും ചാംപ്യൻസ് ലീഗിലും വിജയികളാക്കിയത് ഈ സൂപ്പർ ഹീറോ പണം വാരിയെറിഞ്ഞ് ടീമിലെത്തിച്ച മാനേജർമാരും താരങ്ങളുമാണ്.

ഒരുപക്ഷേ പരിശീലകരെ ടീമിലെത്തിച്ച ആ പണം ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ നിലയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവർ ചെൽസി കൂടാരത്തിലെത്തിയേനെ. 60 മില്യൺ യൂറോയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റെണാൾഡോയുടെ നിലവിലെ വിപണി മൂല്യം , അതായത് 533 കോടി രൂപ. സൂപ്പർ താരം മെസിയുടെ വിപണി മൂല്യം 80 മില്യൺ യൂറോയും (588 കോടി). ഇരുവരുടെയും വിപണി മൂല്യം മുഴുവൻ നൽകിയാലും 1131 കോടി രൂപയേ വരൂ.. 2 സൂപ്പർ താരങ്ങളെ വാങ്ങാനുള്ളതിലേറെ പണം അവർ മാനേജർമാരെ പുറത്താക്കാൻ ചെലവിട്ടു കഴിഞ്ഞു. പുതുതായി പരിശീലക സ്ഥാനം ഏറ്റെടുത്ത റ്റോമസ് ട്യുച്ചേൽ എത്ര നാൾ ചെൽസിയിൽ ഉണ്ടാവുമെന്ന് കണ്ടറിഞ്ഞു കാണേണ്ടി വരും.

റോമൻ അബ്രാമോവിച്ച് യുഗത്തിലെ ചെൽസി പരിശീലകർ:-

ക്ലോഡിയ റായ്നേരി : 2000 – 2004 മേയ് : 199 മത്സരങ്ങൾ
ഹോസെ മൗറിന്യോ : 2004 ജൂൺ – 2007 സെപ്റ്റംബർ :185 മത്സരങ്ങൾ
അവ്റാം ഗ്രാന്റ് : 2007 സെപ്റ്റംബർ – 2008 മേയ്: 54: മത്സരങ്ങൾ
സ്കൊളാരി : 2008 ജൂലൈ – 2009 ഫെബ്രുവരി : 36: മത്സരങ്ങൾ
ഗസ്സ് ഹിഡിങ്ക് : 2009 ഫെബ്രുവരി – 2009 മേയ് : 22 : മത്സരങ്ങൾ
കാർലോ ആൻസലോട്ടി : 2009 ജൂൺ – 2011 മേയ് : 109 : മത്സരങ്ങൾ
ആന്ദ്രേ വില്ല ബോവാസ് : 2011 ജൂൺ – 2012 മാർച്ച് : 40 : ത്സരങ്ങൾ
റോബർട്ടോ ഡി മാറ്റിയോ :2012 മാർച്ച് –2012നവംബർ :42 : മത്സരങ്ങൾ
റാഫ ബെനിറ്റസ് : 2012 നവംബർ – 2013 മേയ് : 48 : മത്സരങ്ങൾ
ഹോസെ മൗറിന്യോ : 2013 ജൂൺ – 2015 ഡിസംബർ : 136 :മത്സരങ്ങൾ
ഗസ്സ് ഹിഡിങ്ക് : 2015 ഡിസംബർ – 2016 മേയ് : 27 :മത്സരങ്ങൾ
അന്റോണിയോ കോണ്ടേ : 2016 ജൂലൈ – 2018ജൂലൈ :106 : മത്സരങ്ങൾ
മൗറിഷ്യോ സാറി : 2018 ജൂലൈ – 2019 ജൂൺ : 63 : മത്സരങ്ങൾ
ഫ്രാങ്ക് ലാംപാർഡ് : 2019 ജൂലൈ – 2020 ജനുവരി : 84 : മത്സരങ്ങൾ