❝വാങ്കഡെയിൽ പവർകട്ട് ; ചെന്നൈ സൂപ്പർ കിംഗ്സ് തകർന്നടിഞ്ഞു❞|IPL 2022

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 59-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ബാറ്റിംഗ് തകർച്ച. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ, ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ സിഎസ്കെയുടെ ബാറ്റിംഗ് ലൈനപ്പിൽ പിന്നീടങ്ങോട്ട് തുടർച്ചയായി ചീട്ടുകൊട്ടാരം പോലെ ബാറ്റർമാർ തകർന്നു തരിപ്പണമായി.

മുംബൈ ഇന്ത്യൻസിനെതിരായ (എംഐ) മത്സരത്തിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ മികച്ച ഫോമിലുള്ള ഓപ്പണർ ഡെവൺ കോൺവെയെ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഗോൾഡൻ ഡക്കിന് നഷ്ടമായി. ഡാനിയേൽ സാംസ്‌ എറിഞ്ഞ ലെങ്ത് ഡെലിവറി, ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ച സിഎസ്കെ ഓപ്പണർക്ക് പിഴച്ചതോടെ, പന്ത് അദ്ദേഹത്തിന്റെ പാഡുകളിൽ തട്ടി. തുടർന്ന്, മുംബൈ താരങ്ങൾ എൽബിഡബ്ല്യു അപ്പീൽ നടത്തിയെങ്കിലും, ലെഗ് സൈഡിലേക്ക് സ്വിങ് ചെയ്തിരുന്നു എന്ന് തോന്നിപ്പിച്ച പന്ത് വിക്കറ്റിൽ നിന്ന് അകന്ന് പോവും എന്നാണ് എല്ലാവരും കരുതിയത്.

പക്ഷെ, മുംബൈ താരങ്ങളുടെ എൽബിഡബ്ല്യു അപ്പീൽ ശരിവെച്ച ഓൺ-ഫീൽഡ് അമ്പയർ വിരൽ ഉയർത്തുകയും കോൺവെയുടെ വിക്കറ്റ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, കോൺവെയുടെ ഓപ്പണിംഗ് പങ്കാളിയായ ഋതുരാജ് ഗെയ്‌ക്‌വാദ് അമ്പയർമാരുമായി അൽപനേരം സംസാരിച്ചെങ്കിലും കോൺവെ ഡഗൗട്ടിലേക്ക് മടങ്ങാൻ നിർബന്ധിതനായി. കൂടാതെ, അതേ ഓവറിൽ മൊയിൻ അലിയെയും ഡക്കിന് സിഎസ്കെയ്ക്ക് നഷ്ടമായി.

എന്നാൽ, സാധാരണ നിലയിൽ കോൺവെ രീതി വെച്ച് നോക്കുമ്പോൾ, ഏതൊരു ബാറ്ററും അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത് റിവ്യൂ നൽകുമായിരുന്നു. എന്നാൽ, നിർഭാഗ്യകരമെന്ന് പറയട്ടെ, ലോകകപ്പിന് പോലും വേദിയായ വാങ്കഡെ സ്റ്റേഡിയത്തിൽ അന്നേരം പവർകട്ട് ആയിരുന്നു. അതുകൊണ്ട് തന്നെ, DRS ലഭ്യമല്ലാത്തതിനാൽ ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർക്ക് DRS ഉപയോഗിക്കാൻ കഴിഞ്ഞില്ല.

പവര്‍കട്ട് കാരണം ഏഴു മണിക്ക് നടക്കേണ്ടിയിരുന്ന ടോസും അല്‍പ്പം വൈകിയായിരുന്നു നടന്നത്. ടോസിനു മുമ്പ് ഒഫീഷ്യലുകള്‍ ഗ്രൗണ്ടിലേക്കു വരികയും ഇരു ക്യാപ്റ്റന്‍മാരോടും മാച്ച് റഫറിയോടും സംസാരിക്കുന്നതും കാണാമായിരുന്നു. കോണ്‍വേയുടെ മാത്രമല്ല റോബിന്‍ ഉത്തപ്പയുടെ പുറത്താവലിലും പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ജസ്്പ്രീത് ബുംറയുടെ ബോളിലായിരുന്നു ഉത്തപ്പ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയത്. പക്ഷെ ഡിആര്‍എസ് ലഭ്യമല്ലാത്തതിനാല്‍ ഉത്തപ്പയ്ക്കും തീരുമാനം റിവ്യു ചെയ്യാന്‍ കഴിയാതെ ക്രീസ് വിടേണ്ടിവന്നു.

മത്സരത്തിൽ ചെന്നൈ 97 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ എംഎസ് ധോണി 36 റൺസുമായി പൊരുതി നോക്കി. താരം പുറത്താകാതെ നിന്നപ്പോള്‍ ചെന്നൈ 16 ഓവറിൽ പുറത്തായി.39/6 എന്ന നിലയിലേക്ക് വീണ ടീമിനെ ധോണിയും ബ്രാവോയും ചേര്‍ന്ന് 39 റൺസ് ഏഴാം വിക്കറ്റിൽ നേടിയെങ്കിലും കൂട്ടുകെട്ടിനും അധികം ആയുസ്സില്ലാതെ പോയപ്പോള്‍ ചെന്നൈയുടെ ഇന്നിംഗ്സ് 98 റൺസിൽ അവസാനിച്ചു.മുംബൈയ്ക്കായി ഡാനിയേൽ സാംസ് മൂന്നും കുമാര്‍ കാര്‍ത്തികേയ, റൈലി മെറിഡിത്ത് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.