ഐപിഎല്ലിൽ അപൂർവ നേട്ടത്തിനരികെ ജഡേജ

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് ദിവസങ്ങൾ ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ കാത്തിരിക്കുന്നത് അപൂർവ നേട്ടം. ഈ സീസണിൽ 73 റൺസ് കൂടി നേടിയാൽ ഐപിഎല്ലിൽ 2000 റൺസും 100 വിക്കറ്റും നേടുന്ന ആദ്യ താരമായും മാറും ഈ 31 കാരൻ. 19 ആം തീയതി നടക്കുന്ന ഐപിഎല്ലിന്റെ ഉൽഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ നേരിടും.

2008 ൽ ഐപിഎല്ലിന്റെ ആദ്യ എഡിഷനിൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിനൊപ്പം കരിയറിന് തുടക്കമിട്ട ജഡേജ കേരള ടസ്‌കേഴ്‌സ് ,ഗുജറാത്ത് ലയൺസ് എന്നി ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.170 മത്സരങ്ങളിൽ നിന്നും 1927 റൺസും 108 വിക്കറ്റുമാണ് ജഡേജയുടെ സമ്പാദ്യം . കഴിഞ്ഞ സീസണിൽ സൂപ്പർ കിങ്സിന് വേണ്ടി 15 വിക്കറ്റും 108 റൺസും നേടി. ഐപിഎല്ലിൽ അർധസെഞ്ചുറി നേടാതെ 1500 റൺസ് നേടുന്ന ആദ്യ താരവും ജഡേജയാണ്.

2000 റൺസും 100 വിക്കറ്റും നേടുന്ന താരമാവാൻ ജഡേജക്ക് വെല്ലുവിളിയുമായി സൂപ്പർ കിങ്‌സ് സഹതാരം ഷെയിൻ വാട്സണും രംഗത്തുണ്ട്. ഐപിഎല്ലിൽ വാട്സണ് 3575 റൺസും 92 വിക്കറ്റുമാണുള്ളത്.ഐ‌പി‌എല്ലിൽ 1900 റൺസിനൊപ്പം 100 വിക്കറ്റും എന്ന സവിശേഷ നേട്ടം സ്വന്തമാക്കിയ ജഡേജയെ ചെന്നൈ സൂപ്പർ കിങ്‌സ് കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു.ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുക്കുന്ന ഇടംകൈയൻ സ്പിന്നർ കൂടിയാണ് ജഡേജ (108 വിക്കറ്റ്).