
ഡൽഹിയെ തകർത്ത് വിട്ട് ചെന്നൈയും ധോണിയും പ്ലെ ഓഫിലേക്ക്
നിർണായക മത്സരത്തിൽ ഡൽഹിയെ കീഴടക്കി പ്ലേയോഫിൽ പ്രവേശിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ഡൽഹിയിൽ നടന്ന മത്സരത്തിൽ 77 റൺസിനായിരുന്നു സി എസ് കെയുടെ വിജയം. വിജയത്തോടെ ക്വാളിഫയറും ഏറെക്കുറെ ചെന്നൈ ഉറപ്പിച്ചു.224 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 146 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.
58 പന്തിൽ 7 ഫോറും 5 സിക്സും ഉൾപ്പടെ 86 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണർ മാത്രമാണ് ഡൽഹി ക്യാപിറ്റൽസിന് വേണ്ടി തിളങ്ങിയത്.ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ദീപക് ചഹാർ നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി.മതീഷ പതിരാന, മഹീഷ് തീക്ഷണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. വാർണറെ കൂടാതെ യഷ് ദുള്‍ (13), അക്‌സര്‍ പട്ടേല്‍ (15), എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.

ആദ്യം ബാറ്റ് ചെയ്ത ഗംഭീര തുടക്കമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് റുതുരാജ് ഗെയ്‌ക്‌വാദും ദേവോണ്‍ കോണ്‍വേയും നല്‍കിയത്. ആദ്യം അര്‍ധസെഞ്ചുറിയിലെത്തിയ റുതുരാജ് 37 പന്തില്‍ സീസണിലെ മൂന്നാം ഫിഫ്റ്റി തികച്ചു. അക്‌സര്‍ പട്ടേലിനെയും കുല്‍ദീപ് യാദവിനേയും തുടര്‍ച്ചയായി സിക്‌സറുകള്‍ക്ക് പറത്തി. . മത്സരത്തില്‍ ദേവോണ്‍ കോണ്‍വേയ്‌ക്കൊപ്പം 100 റണ്‍സിലേറെ കൂട്ടുകെട്ട് സ്ഥാപിച്ച ശേഷമാണ് റുതുരാജ് മടങ്ങിയത്.
ഐപിഎല്ലില്‍ ഇത് നാലാം തവണയാണ് റുതുരാജ്-കോണ്‍വേ സഖ്യം 100 റണ്‍സ് പാര്‍ട്‌ണര്‍ഷിപ്പ് സൃഷ്‌ടിക്കുന്നത്. 50 പന്തില്‍ മൂന്ന് ഫോറും ഏഴ് സിക്‌സറും സഹിതം 79 റണ്‍സെടുത്ത ഗെയ്‌ക്‌വാദിനെ ചേതന്‍ സക്കരിയ 15-ാം ഓവറിലെ മൂന്നാം പന്തില്‍ പുറത്താക്കി. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ സിഎസ്‌കെയ്‌ക്കായി 141 റണ്‍സ് നേടി. കോണ്‍വേ 52 പന്തിൽ നിന്നും 11 ബൗണ്ടറിയും മൂന്നു സിക്സുമടക്കം 87 റണ്സെടുത്തു. മൂന്നാമനായി ഇറങ്ങിയ ദുബെ മൂന്നു സിക്‌സടക്കം 9 പന്തിൽ നിന്നും 22 റണ്സെടുത്ത് പുറത്തായി.

നായകൻ എംഎസ് ധോണി നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർ ആഘോഷിച്ചു.2021ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് നാലാം നമ്പറിൽ ധോണി അവസാനമായി ബാറ്റ് ചെയ്തത്. ഐപിഎല്ലിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോഴാണ് 41-കാരൻ ഏറ്റവും കൂടുതൽ വിജയിച്ചത്. ഡിസിക്കെതിരെ, ധോണി 5 റൺസുമായി പുറത്താകാതെ നിന്നെങ്കിലും, ഇന്നിംഗ്‌സ് അവസാനിപ്പിക്കാൻ ഒരു സിഗ്‌നേച്ചർ മാക്സിമം അടിക്കാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന്റെ ആരാധകർ അൽപ്പം നിരാശരായിരിക്കാം. ജഡേജ ഏഴു പന്തിൽ നിന്നും 20 റൺസുമായി പുറത്താവാതെ നിന്നു.