രണ്ടാം മത്സരത്തിലും ദയനീയ തോൽവി, ചെന്നൈ സൂപ്പർ കിങ്സിന് എന്ത് പറ്റി?

ഐപിഎല്ലില്‍ ഇതുവരെ കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇതെന്ത് പറ്റി? തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും സിഎസ്‌കെ ദയനീയ പ്രകടനം നടത്തിയതോടെ ആരാധകരുടെ മനസ്സിലുയരുന്ന ചോദ്യമാണിത്. തങ്ങള്‍ ഇതുവരെ കണ്ട, ഇത്തവണ പ്രതീക്ഷിച്ച സിഎസ്‌കെ ഇങ്ങനെയല്ലെന്ന് അവര്‍ ഒരുപോലെ പറയുന്നു. ഈ സീസണില്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും സിഎസ്‌കെയ്ക്കു പിഴച്ചിരിക്കുന്നു. ഇതേ പ്രകടനം തന്നെ തുടരുകയാണെങ്കില്‍ ധോണിപ്പട പ്ലേഓഫില്‍ പോലുമെത്തുമോയെന്ന കാര്യം സംശയമാണ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഒന്നു പോരുതാന്‍ പോലും ശ്രമിക്കാതെയാണ് സിഎസ്‌കെ 44 റണ്‍സിന്റെ പരാജയമേറ്റുവാങ്ങിയത്. രാജസ്ഥാന്‍ റോല്‍സിനെതിരായ തൊട്ടുമുമ്പത്തെ കളിയിലാവട്ടെ കളി തോല്‍ക്കുമെന്നുറപ്പിച്ച ഘട്ടത്തിലായിരുന്നു സിഎസ്‌കെയുടെ പോരാട്ടവീര്യമുണര്‍ന്നത്. അപ്പോഴേക്കും എതിരാളികള്‍ ജയം വരുതിയിലാക്കുകയും ചെയ്തിരുന്നു. വിക്കറ്റ് നിലനിര്‍ത്താന്‍ വേണ്ടി മാത്രം പ്രതിരോധത്തിലൂന്നി കളിക്കുന്ന ശൈലിയാണ് രണ്ടു കളിയിലും സിഎസ്‌കെ സ്വീകരിച്ചത്.തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും വലിയ വിജയലക്ഷ്യമാണ് മുന്നിലുണ്ടായിരുന്നതെങ്കിലും സിംഗിളുകളും ഡബിളും കളിച്ച് പതിയെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോവുന്ന ബോറന്‍ ശൈലി തന്നെയാണ് സിഎസ്‌കെ പിന്തുടര്‍ന്നത്.

വലിയ റണ്‍ചേസ് നടത്തുന്ന ഇത്തരം മല്‍സരങ്ങളില്‍ മികച്ച തുടക്കം ലഭിച്ചെങ്കില്‍ മാത്രമേ പിടിമുറുക്കാനും പിന്നീട് വരുന്നവര്‍ക്ക് ഇത് നിലനിര്‍ത്തി ടീമിനെ വിജയത്തിലെത്തിക്കാനും ടി20യില്‍ സാധിക്കൂ. എന്നാല്‍ റിസ്ക്കെടുത്ത് കളിക്കാന്‍ സിഎസ്കെ നിരയില്‍ ആരും മുന്നോട്ട് വരുന്നില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം.സിഎസ്‌കെയുടെ ബാറ്റിങ് ലൈനപ്പിലേക്കു വന്നാല്‍ ആശ്രയിക്കാവുന്ന താരങ്ങള്‍ വളരെ ചുരുക്കം മാത്രമേ ഉള്ളൂവെന്നു കാണാം. ഫാഫ് ഡുപ്ലെസിയാണ് ഇക്കൂട്ടത്തില്‍ മുന്നില്‍.

ധോണിക്കു തന്റെ പഴയ താളത്തിലേക്കുയരാന്‍ ഇനിയുമായിട്ടില്ല. ക്രിക്കറ്റില്‍ നിന്നുള്ള നീണ്ട ബ്രേക്ക് അദ്ദേഹത്തിന്റെ പ്രകടനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നു ഇതുവരെയുള്ള ബാറ്റിങ് പരിശോധിച്ചാല്‍ ബോധ്യമാവും. മറ്റുള്ളവരുടെ കാര്യമെടുത്താല്‍ വാട്‌സന്‍, വിജയ്, റുതുരാജ് ഗെയ്ക്വാദ്, കേദാര്‍ ജാദവ്, സാം കറെന്‍ എന്നിവരൊന്നും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നവരല്ല. ഇക്കൂട്ടത്തില്‍ തന്നെ റുതുരാജും കറെനും അനുഭവസമ്പത്ത് തീരെ കുറവുള്ളവരുമാണ്.

സീസണില്‍ മൂന്നു മല്‍സരങ്ങള്‍ പൂര്‍ത്തിയായെങ്കിലും ടീമിന്റെ കാര്യത്തില്‍ കൃത്യമായൊരു ചിത്രം ഇനിയും തെളിയുന്നില്ലെന്ന് മല്‍സരശേഷം ധോണി തന്നെ സമ്മതിക്കുന്നു. ടീമിനെ സംബന്ധിച്ച് ഇതു മോശം മല്‍സരമായിരുന്നു. വിക്കറ്റിനു വേഗം കുറവായിരുന്നു. ബാറ്റിങിലെ വേഗമില്ലായ്മ ഞങ്ങള്‍ക്കു ശരിക്കും തിരിച്ചടിയായി. തുടക്കം വേഗം കുറഞ്ഞതായതിനാല്‍ തന്നെ റണ്‍റേറ്റ് കുതിച്ചുയര്‍ന്നു കൊണ്ടിരുന്നു. അതു ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്.