സുനിൽ ഛേത്രി :❝അടുത്ത തവണ നിങ്ങൾ എന്നെ വയസ്സൻ എന്ന് വിളിക്കുമ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുക❞

ഇന്ത്യൻ ഫുട്ബോളിലെ പ്രായം തളർത്താത്ത പോരാളിയാണ് ഇതിഹാസ താരം സുനിൽ ഛേത്രി. 37 ആം വയസ്സിലും ഇന്ത്യയിലെ ഏറ്റവും മികച്ച താരമായാണ് ഛേത്രിയെ കണക്കാക്കുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന ഫിറ്റ്നസ് ഇന്ത്യൻ നായകന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.സുനിൽ ഛേത്രി വെള്ളിയാഴ്ച തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു.

“നിങ്ങൾ ഒരു തമാശ കേൾക്കണം. കഴിഞ്ഞ ഒരു മാസമായി ഞാൻ യൂറോപ്പിൽ അവധി ആഘോഷിക്കുകയായിരുന്നു. അവധികാലത്ത് ഞാൻ എല്ലാം കഴിക്കുകയും ചെയ്തു, തിരിച്ചു വന്നതിനു ശേഷം ഏകദേശം 5 ദിവസത്തെ പരിശീലനത്തിൽ ഞങ്ങൾക്ക് വളരെ ആഴത്തിലുള്ള ടെസ്റ്റ് ഉണ്ടായിരുന്നു.’22, 21, 20′ വയസുണ്ടായിരുന്ന അവർക്കെല്ലാം എന്നെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. അത് ലജ്ജാകരമായതിനാൽ ഞാൻ സ്കോറുകൾ നിങ്ങളോട് പറയില്ല. അതിനാൽ അടുത്ത തവണ നിങ്ങൾ എന്നെ വയസ്സൻ എന്ന് വിളിക്കുമ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുക” ഛേത്രി പറഞ്ഞു.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഛേത്രിയുടെ വീഡിയോയിൽ അഭിപ്രായം രേഖപ്പെടുത്തി, “ഹഹ ലെജൻഡ്” എന്ന് എഴുതി. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ റെനെഡി സിംഗും വീഡിയോയിൽ പ്രതികരിച്ചു, ”സുനിൽ, നിങ്ങൾ ചെറുപ്പത്തിൽ ഈ ആൺകുട്ടികളേക്കാൾ മോശമായിരുന്നു. അത് മറക്കരുത്. എന്നാൽ നിങ്ങൾ എത്ര ദൂരം എത്തിയെന്ന് നോക്കൂ, അവർ നിങ്ങളിൽ നിന്ന് പഠിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്” റെനെഡി എഴുതി.

50 അന്താരാഷ്ട്ര ഗോളുകൾ നേടുന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരമാണ് 37 കാരനായ ഛേത്രി.129 മത്സരങ്ങളിൽ നിന്ന് 84 ഗോളുകൾ നേടിയിട്ടുണ്ട്. 162 മത്സരങ്ങളിൽ നിന്ന് 86 ഗോളുകൾ നേടിയ മെസ്സിക്കും 189 മത്സരങ്ങളിൽ നിന്ന് 117 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പിന്നിൽ നിൽക്കുന്നത് ഇന്ത്യൻ താരമാണ്.അടുത്ത ഏഷ്യൻ കപ്പ് 2023-ന്റെ അവസാനത്തിലോ 2024-ന്റെ തുടക്കത്തിലോ നടക്കാനിരിക്കെ അന്താരാഷ്ട്ര ഫുട്‌ബോളിൽ 17 വർഷം പൂർത്തിയാക്കുന്ന ഛേത്രി, ഈ ടൂർണമെന്റിനെ തന്റെ മികച്ച കരിയറിലെ അവസാനമായി കണക്കാക്കിയേക്കാം.