❝ സെമി ഫൈനലിൽ സ്ഥാനമുറപ്പിക്കാൻ അർജന്റീനക്ക് ഇക്വഡോർ കടമ്പ കടക്കണം ❞

സൂപ്പർ താരം ലയണൽ മെസ്സിക്ക് എന്നും നിരാശ മാത്രം നൽകുന്ന ചാംപ്യൻഷിപ്പാണ് കോപ്പ അമേരിക്ക. മൂന്നു തവണ ഫൈനലിൽ എത്തിയിട്ടും കിരീടം നേടാൻ മെസ്സിക്കായില്ല.പലപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിട്ടും വീണു പോവാനാണ് വിധി. എന്നാൽ ഈ വർഷംകിരീടം നേടാനുള്ള സുവർണാവസരമാണ് വന്നിരിക്കുന്നത്.ലിയോയ്ക്ക് തന്റെ സ്വപ്നം നിറവേറ്റാനും അർജന്റീനയ്‌ക്കൊപ്പം ഒരു ട്രോഫി നേടാനുമുളള അവസാന അവസരമായാണ് കോപ്പയെ കാണുന്നത്. അത് നിറവേറ്റാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് 34 കാരൻ.

കോപ്പ അമേരിക്കയിൽ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന അര്ജന്റീന നാളെ കാലത്ത് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ഇക്വഡോറിനെ നേരിടും. ഇന്ത്യൻ സമയം രാവിലെ 6 .30 ക്കാണ് മത്സരം. മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ ഉറുഗ്വേ, കൊളംബിയയെ നേരിടും. പുലർച്ചെ 3.30നാണ് ഈ മത്സരം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോപ്പ കിരീടം തേടുന്ന അര്‍ജന്റീനയ്ക്ക് ഇക്വഡോര്‍ വലിയ വെല്ലുവിളി ഉയർത്തുമോ എന്ന് കണ്ടറിഞ്ഞു കാണാം.കോപ്പയിൽ തോൽവിയറിയാതെ മുന്നേറുകയാണ് അ‍ർജന്‍റീന. എന്നാല്‍ ഇക്കുറി ടൂർണമെന്‍റില്‍ ഇതുവരെ ഇക്വഡോറിന് ജയിക്കാനായിട്ടില്ല. ബ്രസീലിനെ സമനിലയിൽ തളച്ചെത്തുന്ന ഇക്വഡോറിനെ ലിയോണൽ സ്കലോണിയുടെ അ‍‍ർജന്‍റീനയ്ക്ക് നിസാരക്കാരായി കാണാൻ കഴിയില്ല. സീനിയർ ടീമിനൊപ്പം ആദ്യ കിരീടം ലക്ഷ്യമിടുന്ന ലിയോണൽ മെസിയിലാണ് എല്ലാ പ്രതീക്ഷകളും. മൂന്ന് ഗോളും രണ്ട് അസിസ്റ്റുമായി ടൂർണമെന്‍റിലെ താരമാണ് മെസി.കഴിനാജ് മത്സരത്തിൽ ബൊളീവിയക്കെതിരെ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മ വിശ്വാസത്തിലാണ് അര്ജന്റീന ഇറങ്ങുന്നത്.

ടൂർണമെന്റിന്റെ ആദ്യ രണ്ട് ഗെയിമുകൾ ലയണൽ സ്കലോണി 4-3-3 എന്ന ശൈലിയിൽ ഇറങ്ങിയപ്പോൾ സമനിലയും വിജയവും നേടി. പിന്നീടുളള മത്സരങ്ങളിൽ 4-2-3-1 ശൈലിയിൽ കളിക്കുമ്പോൾ ടീം സ്ഥിരതയോടെയും സമനിലയോടെയും കാണപ്പെട്ടു.ഗോളി ഫ്രാങ്കോ അർമാനിക്ക് പകരം എമിലിയാനോ മാർട്ടിനസ് തിരിച്ചെത്തും പ്രതിരോധത്തിൽ വിങ് ബാക്കുകളായി ഗോൺസാലോ മോണ്ടിയലിനും മാർക്കോസ് അക്കുനയ്ക്കും പകരമായി സ്കാലോണിക്ക് നഹുവൽ മോളിന, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവർ ടീമിൽ എത്താൻ സാധ്യതയുണ്ട്. സെൻട്രൽ ഡിഫെൻസിൽ ലിസാന്ദ്രോ മാർട്ടിനെസ്, നിക്കോളാസ് ഒറ്റമെൻഡി, എന്നിവർ അണിനിരക്കും. മധ്യനിരയില്‍ റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരേഡസ്, ഗുയ്‌ഡോ റോഡ്രിഗ് എന്നിവരാകും കളിക്കുക. ലയണൽ മെസ്സിക്കൊപ്പം മുന്നേറ്റ നിരയിൽ സ്‌ട്രൈക്കർ ലൗട്ടാരോ മാര്‍ട്ടിനസ് ടീമിൽ തിരിച്ചെത്തും ഫോമിലുള്ള പപ്പു ഗോമസും ആദ്യ ഇലവനിൽ ഉണ്ടാവും.

ഇരു ടീമും 36 കളിയിൽ മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്. ഇരുപത്തിയൊന്നിലും ജയം അർജന്‍റീനയ്ക്ക് ഒപ്പം നിന്നു. ഇക്വഡോർ ജയിച്ചതാവട്ടെ അഞ്ച് കളിയിൽ മാത്രം. 10 മത്സരം സമനിലയിൽ അവസാനിച്ചു.കഴിഞ്ഞ വർഷം ഇരു ടീമുകളും തമ്മിലുള്ള അവസാന കൂടിക്കാഴ്ചയിൽ അര്ജന്റീന ലയണൽ മെസ്സിയുടെ ഒരു ഗോളിന് വിജയിച്ചു.

അർജന്റീന സാധ്യത ഇലവൻ (4-2-3-1): എമിലിയാനോ മാർട്ടിനെസ്; ഗോൺസാലോ മോണ്ടിയൽ, ലിസാന്ദ്രോ മാർട്ടിനെസ്, നിക്കോളാസ് ഒറ്റമെൻഡി, മാർക്കോസ് അക്കുന; ലിയാൻ‌ഡ്രോ പരേഡെസ്, റോഡ്രിഗോ ഡി പോൾ; ഗുയ്‌ഡോ റോഡ്രിഗ്, ലയണൽ മെസ്സി, അലജാൻഡ്രോ ഗോമസ്; ലൗട്ടാരോ മാര്‍ട്ടിനസ്.
ഇക്വഡോർ സാധ്യത ഇലവൻ (5-4-1): ഹെർണാൻ ഗാലിൻഡെസ്; പിയേറോ ഹിൻകാപ്പി, ഡീഗോ പാലാസിയോസ്, റോബർട്ട് അർബോലെഡ, ഏഞ്ചലോ പ്രെസിയാഡോ, പെർവിസ് എസ്റ്റുപിനൻ; അലൻ ഫ്രാങ്കോ, ജെഗ്‌സൺ മെൻഡെസ്, മൊയ്‌സെസ് കൈസെഡോ, എഡ്വാർ പ്രെസിയാഡോ; എൻനെർ വലൻസിയ.