❝ ശക്തരായ ചിലിയെ നാട്ടിലേക്ക് പറഞ്ഞയച്ച് സെമിയിൽ സ്ഥാനമുറപ്പിച്ച് കാനറിപട ❞

കോപ്പ അമേരിക്ക ക്വാർട്ടർ പോരാട്ടത്തിൽ ശക്തരായ ചിലിക്കെതിരെ തകർപ്പൻ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ സെമിയിൽ സ്ഥാനം പിടിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. രണ്ടമ്മ പകുതിയുടെ തുടക്കത്തിൽ പകരക്കാരൻ ലൂക്കാസ് പക്വെറ്റ നേടിയ ഗോളിനയിരുന്നു ബ്രസീലിന്റെ ജയം. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസിന് ചുവപ്പു കാർഡ് കണ്ടതോടെ പത്തു പേരുമായി ചുരുങ്ങിയ ബ്രസീൽ പൊരുതി നേടിയ വിജയം കൂടി ആയിരുന്നു ഇത്. ചിലിയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചായിരുന്നു ബ്രസീലിന്റെ ജയം.

നെയ്മറെ മാത്രം മുന്നിൽ നിർത്തിയ 4 – 2 – 3 – 1 എന്ന ശൈലിയിൽ ഇറങ്ങിയ ബ്രസീലിനെ 5 -3 -2 എന്ന ശൈലിയിൽ ആണ് ചിലി നേരിട്ടത് .ചിലിയൻ നിരയിൽ നിരയിൽ സൂപ്പർ താരം അലക്സിസ് സാഞ്ചേസ് പരിക്കിൽ നിന്നും മോചിതനായി ടീമിൽ തിരിച്ചെത്തി. ഇരു ടീമുകളും തുടക്കം മുതൽ തന്നെ മുന്നേറി കളിച്ചു കൊണ്ടിരുന്നു. ബ്രസീൽ നെയ്‍മറിലൂടെയും ചിലി വർഗാസ് സാഞ്ചേസ് സഖ്യത്തിലൂടെയും എതിർ പ്രതിരോധത്തിലേക്ക് മുന്നേറികൊണ്ടിരുന്നു. പത്തം മിനുട്ടിൽ ചിലിയൻ താരം സെബാസ്റ്റ്യൻ വെഗാസിന്റെ ഗോളിലേക്കുള്ള ലോങ്ങ് റേഞ്ച് ഷോട്ട് ഗോൾകീപ്പർ എഡേഴ്സൺ രക്ഷപെടുത്തി. 15 ആം മിനുട്ടിൽ ബ്രസീലിയൻ സ്‌ട്രൈക്കർ റിച്ചാർലിസൺ ലോങ്ങ് റേഞ്ച് ഗോൾ ശ്രമവും ചിലിയൻ കീപ്പർ ക്ലോഡിയോ ബ്രാവോ കൈപ്പിടിയിൽ ഒതുക്കി .

22 ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും നെയ്‍മർ ബോക്‌സിനുള്ളിൽ റോബർട്ടോ ഫിർമിനോയെ ലക്ഷ്യമാക്കി കൊടുത്ത മനോഹരമായ ലോഫ്റ്റഡ് പാസ് പക്ഷെ ലിവർപൂൾ താരത്തിന് കണക്ട് ചെയ്യാനായില്ല.28 ആം മിനുട്ടിൽ ബ്രസീലിയൻ ഡിഫെൻഡർമാരെ മറികടന്ന് ചിലിയൻ സ്‌ട്രൈക്കർ വർഗാസിന്റെ ഇടതു കോണിലേക്കുള്ള ഷോട്ട് റിഫ്ലെക്സ് സേവിലൂടെ കീപ്പർ ആൻഡേഴ്സൺ തട്ടിയകറ്റി . 32 ആം മിനുട്ടിൽ ഡാനിലോയുടെ ഒരു ഗോൾ ശ്രമം ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. 38 ആം മിനുട്ടിൽ ജീസസിന്റെ പാസിൽ നിന്നും നെയ്മറുടെ ക്ലോസെ റേഞ്ച് ഷോട്ട് കീപ്പർ ബ്രാവോ രക്ഷപെടുത്തി. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് ഗബ്രിയയിൽ ജീസസ്സിന്റെ ഒരു ഷോട്ട് ലക്‌ഷ്യം കാണാതെ പോയി. ആദ്യ പകുതിയിൽ ഇരു ടീമുകളും തുല്യത പാലിച്ചു.

രണ്ടാം പകുതിയിൽ ഒരു മാറ്റവുമായാണ് ബ്രസീൽ ഇറങ്ങിയത്.റോബർട്ടോ ഫിർമിനോക്ക് പകരം ലൂക്കാസ് പക്വെറ്റ ഇറങ്ങി. ആദ്യ മിനുട്ടിൽ തന്നെ അതിനുളള ഫലവും ലഭിച്ചു. പക്വെറ്റയിലൂടെ ബ്രസീൽ ആദ്യ ഗോൾ നേടി. നെയ്മറുടെ ഒരു പാസിൽ നിന്നും പക്വെറ്റ തൊടുത്തു വിട്ട വലം കാൽ ഷോട്ട് ചിലിയൻ വല കുലുക്കി സ്കോർ 1 -0 ആയി. എന്നാൽ തൊട്ടടുത്ത മിനുട്ടിൽ തന്നെ ബ്രസീലിനു വലിയ തിരിച്ചടി നേരിട്ടു. ചിലിയൻ താരം മെനയെ അപകടകരമാം വിധം ഫൗൾ ചെയ്തതിന് ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിന് നേരെ റഫറി ചുവപ്പു കാണിച്ചു പുറത്താക്കി.ഇതോടെ ബ്രസീൽ പത്തുപേരുമായി ചുരുങ്ങി.

62 ആം മിനുട്ടിൽ ചിലി ഗോൾ നേടിയെങ്കിലും റഫറി പട്രീഷ്യോ ലൂസ്റ്റോ ഓഫ്‌സൈഡ് വിളിച്ചു. 66 ആം മിനുട്ടിൽ പന്തുമായി ഡിഫെൻഡർമാരെ വെട്ടിച്ച് ഒറ്റക്ക് മുന്നേറിയ നെയ്മറുടെ ഷോട്ട് കീപ്പർ ബ്രാവോ തടുത്തിട്ടു. 68 ആം മിനുട്ടിൽ ചിലിയൻ താരം ബ്രെരേട്ടന്റെ ഹെഡ്ഡർ ക്രോസ്സ് ബാറിൽ തട്ടി പോയി. 71 ആം മിനുട്ടിൽ ഡാനിലോയുടെ ഒരു ലോങ്ങ് റേഞ്ച് ഷോട്ട് കീപ്പർ അനായാസം കൈപ്പിടിയിലൊതുക്കി. 77 ആം മിനുട്ടിൽ വർഗാസിന്റെ കരുത്തുറ്റ ഒരുഷോട്ട് ഗോൾകീപ്പർ എഡേഴ്സൻ കുത്തിയകറ്റി. മത്സരം അവസാന മിനുട്ടുകളിലേക്ക് കടന്നതോടെ ബ്രസീൽ കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു.സമനില ഗോളിനായി ചിലി കൂടുതൽ മുന്നേറി കളിച്ചെങ്കിലും ശക്തമായ ബ്രസീലിയൻ പ്രതിരോധത്തെ പരീക്ഷിക്കാനായില്ല.

ഇന്ന് നടന്ന ആവേശകരമായ ആദ്യ ക്വാർട്ടർ മത്സരത്തിൽ പരാഗ്വേയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്നു പെറു സെമി ഫൈനലിൽ സ്ഥാനം പിടിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോൾ വീതംനേടി തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് കടന്നത്. സെമി ഫൈനലിൽ ബ്രസീലിന്റെ എതിരാളികൾ പെറുവാണ്.