❝ 🇨🇱 ചിലിക്കെതിരെ🔥⚽ ജയിക്കാനാവാതെ
🇦🇷 അർജന്റീനയുടെ തുടക്കം ❞

സമനില കൊണ്ട് കോപ്പ അമേരിക്ക പ്രയാണം തുടങ്ങി അർജൻ്റീന. ഗ്രൂപ്പ് മത്സരത്തിൽ ചിലെക്കെതിരെ 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. സമനിലയിൽ കലാശിച്ച മത്സരത്തിൽ അർജൻ്റീനക്കായി ലയണൽ മെസ്സി മനോഹരമായ ഫ്രീകിക്ക് ഗോൾ നേടി. കളിയിൽ ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ച താരം ഒരുക്കിക്കൊടുത്ത അവസരങ്ങൾ മുതലാക്കുന്നതിൽ സഹതാരങ്ങൾ പരാജയപ്പെട്ടതാണ് അർജൻ്റീനയുടെ സമനിലക്ക് കാരണമായത്. എഡ്വേർഡോ വർഗാസാണ് കളിയിൽ ചിലെക്കായി സമനില ഗോൾ നേടിയത്.

ലൗട്ടാരോ മാർട്ടിനെസിനെയും മെസ്സിയെയും അറ്റാക്കിൽ ഇറക്കി കളി തുടങ്ങിയ സ്കലോണിയുടെ അർജന്റീനയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. നിരവധി അവസരങ്ങൾ തുടക്കത്തിൽ തന്നെ അർജന്റീന സൃഷ്ടിച്ചു. അർജൻ്റീനക്കായി ലോ ചെൽസോ, ഗോൺസാലസ്, മെസ്സി, ലുവാതാരോ മാർട്ടിനസ് എന്നിവർ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതെല്ലാം ചിലെയുടെ ഗോളി ക്ലോഡിയോ ബ്രാവോയുടെ മികവിൻ്റെ മുന്നിൽ നിഷ്പ്രഭമായി. ഇരു ടീമുകളും കളിയിൽ ഒപ്പത്തിനൊപ്പം നിന്ന സമയത്താണ് കളിയിൽ വഴിത്തിരിവായി അർജൻ്റീന ഗോൾ നേടിയത്.

33ആം മിനിറ്റിൽ അർജൻ്റീന താരമായ ലോ ചെൽസോയെ ബോക്സിനു മുന്നിൽ വെച്ച് വീഴ്‌ത്തിയതിന് റഫറി അർജൻ്റീനക്ക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു. ഫ്രീകിക്ക് എടുത്ത ലയണൽ മെസ്സി പന്തിനെ ചിലെ പ്രതിരോധ മതിലിനു മുകളിലൂടെ തൊടുത്തു വിട്ട പന്ത് ചിലെ ഗോളി ബ്രാവോക്ക് അവസരം നൽകാതെ പോസ്റ്റിൻ്റെ വലതു മൂലയിലേക്ക് പറന്നിറങ്ങി. അർജൻ്റീനക്ക് വേണ്ടി 145ആം മത്സരത്തിൽ കളിക്കാനിറങ്ങിയ താരത്തിൻ്റെ ദേശീയ ജേഴ്‌സിയിലെ 73ആം ഗോൾ.

രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ഈ ഗോളിന് മറുപടി നൽകാൻ ചിലിക്കായി. 56ആം മിനുട്ടിൽ വിദാലിനെ ടഗ്ലിഫികോ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി വിധിച്ചത്. ആ പെനാൾട്ടി വിദാൽ തന്നെയാണ് എടുത്തത്. വിദാലിന്റെ ഷോട്ട് സമർത്ഥമായി മാർട്ടിനെസ് തടത്തു എങ്കിലും വാർഗാസിന്റെ ഹെഡർ പന്ത് വലയിലേക്ക് തന്നെ എത്തിച്ചു.വിജയ ഗോൾ നേടാനായി പൊരുതിയ ഇരു ടീമുകളും അവരുടെ ടീമിൽ മാറ്റം വരുത്തി പുതിയ താരങ്ങളെ കളത്തിലിറക്കി. പക്ഷേ കാര്യമായ മുന്നേറ്റങ്ങൾ ഇരുഭാഗത്ത് നിന്നും ഉണ്ടായില്ല. ശേഷം കളി തീരാൻ 10 മിനിറ്റ് ബാക്കി നിൽക്കെ ലയണൽ മെസ്സി ബോക്സിലേക്ക് ഒരു നല്ല അവസരം നൽകിയെങ്കിലും പന്തിലേക്ക് തല വച്ച ഗോൺസാലസിൻ്റെ ഹെഡർ ഗോൾപോസ്റ്റിന് മുകളിലൂടെയാണ് പോയത്.

അധികസമത്തിലേക്ക് നീണ്ട കളിയുടെ മൂന്നാം മിനിറ്റിൽ വീണ്ടും മെസ്സി ഒരു അവസരം ഒരുക്കി നൽകിയെങ്കിലും ചിലെ താരം റോക്കോയുടെ സമയോചിത ഇടപെടൽ അർജൻ്റീനയെ ഗോൾ നേടുന്നതിൽ നിന്നും വിലക്കി. പിന്നീട് കളിയുടെ അവസാന മിനിറ്റിൽ ഒരു മുന്നേറ്റം നടത്തി അർജൻ്റീന കോർണർ നേടിയെടുത്തെങ്കിലും അത് ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല. ആദ്യ വിജയം തേടി അടുത്ത മത്സരത്തിൽ ഇനി ശനിയാഴ്ച പുലർച്ചെ ഉറുഗ്വേയെ അർജന്റീന നേരിടും.