❝കോപ്പ അമേരിക്ക നടത്തിപ്പിൽ നിന്നും അർജന്റീന പിന്മാറാനൊരുങ്ങുന്നു❞

കോവിഡ് അനിയന്ത്രിതമായി ഉയരുന്നത് കൊണ്ടു തന്നെ വരുന്ന ജൂണിൽ അർജന്റീനയിലും കൊളംബിയയിലും വെച്ചു നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയിൽ നിന്നും അർജന്റീന പിന്മാറിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതോടെ കോവിഡ് മൂലം ഒരു വർഷത്തേക്കു കൂടി നീട്ടേണ്ടി വന്ന ടൂർണമെന്റ് കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 2020ൽ നടക്കാനിരുന്ന ടൂർണമെന്റ് കോവിഡിനെ തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്. യൂറോ കപ്പും സമാനമായ രീതിയിൽ ഈ വർഷത്തേക്ക് മാറ്റി വെച്ചിരുന്നു.

ടൂർണമെന്റ് ആരംഭിക്കാൻ രണ്ടു മാസത്തോളം മാത്രം ബാക്കി നിൽക്കെ ലോകമെമ്പാടും കോവിഡ് പടരുന്നത് വീണ്ടും ശക്തമായിരിക്കയാണ്. പല രാജ്യങ്ങളും ഇതേത്തുടർന്ന് നിയന്ത്രണങ്ങൾ ശക്തമാക്കുകയും ചെയ്‌തു.ഇതോടെ ടൂർണമെന്റ് മൊത്തത്തിൽ കൊളംബിയയിലേക്ക് മാറ്റേണ്ടി വരുന്നതിന്റെ സാധ്യതയെക്കുറിച്ചാണ് നിലവിൽ ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനായ കോൺമിബോൾ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഇഎസ്പിഎൻ ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.


രണ്ടു ഗ്രൂപ്പുകളായി അർജന്റീനയിലും കൊളംബിയയിലും വെച്ചു നടത്താനായിരുന്നു കോൺമിബോളിന്റെ പദ്ധതി. ഗ്രൂപ്പ്‌ എ അർജന്റീനയിൽ വെച്ചും ഗ്രൂപ്പ്‌ ബി കൊളംബിയയിൽ വെച്ചും നടക്കുമെന്ന പ്രതീക്ഷയാണ് കോവിഡ് മൂലം തകർന്നിരിക്കുന്നത്. ഇഎസ്പിഎന്നിൻ്റെ ലാറ്റിൻ അമേരിക്കൻ ജേർണലിസ്റ്റായ ആന്ദ്രേസ്‌ അംഗുലോയാണ്‌ ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

കോപ്പ അമേരിക്കയുടെ നടത്തിപ്പിനെ അർജന്റീനിയൻ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് സംശയത്തിന്റെ മുനയിൽ നിർത്തുമ്പോഴും കൊളംബിയൻ പ്രസിഡന്റായ ഇവാൻ ദൂകെ അനുകൂലിച്ചു സംസാരിക്കുകയാണുണ്ടായത്. അർജന്റീനക്ക് കോപ്പ ലിബർട്ടഡോസ് നടത്താമെങ്കിൽ കോപ്പ അമേരിക്കയും നടത്താനാവുമെന്നാണ് ദൂകെയുടെ പക്ഷം. എന്നാൽ കൊളംബിയ കോപ്പ അമേരിക്ക നടത്താൻ എല്ലാ അർത്ഥത്തിലും സജ്ജരാണെന്നാണ് അദ്ദേഹം വ്യക്തമാക്കിത്.

ജൂൺ 13 മുതൽ ജൂലൈ 10 വരെയാണ് കോപ്പ അമേരിക്ക നടക്കാനിരിക്കുന്നത്.
അർജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്ക ടൂർണമെന്റ് സംഘടിപ്പിക്കാനിരുന്നത്. സൗത്ത് അമേരിക്കയിൽ കോവിഡ് സാഹചര്യം രൂക്ഷമായതും ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളെ ടൂർണമെന്റ് ബാധിക്കാനും സാധ്യതയുള്ളതിനാൽ ഖത്തർ, ഓസ്ട്രേലിയ എന്നീ ടീമുകൾ നേരത്തെ തന്നെ കോപ്പ അമേരിക്കയിൽ പങ്കെടുക്കുന്നതിൽ നിന്നും പിൻവാങ്ങിയിരുന്നു.