❝ ചിറക്‌ വിരിച്ച്‌ കാനറിപ്പട, പത്താം കിരീടത്തിലേക്കുള്ള യാത്രയിൽ പെറുവിനെയും മറികടന്ന്‌ കലാശ പോരാട്ടത്തിലേക്ക് ❞

കോപ്പ അമേരിക്ക കിരീടം ആർക്കും വിട്ടുകൊടുക്കില്ലെന്നു ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന്‌ തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ബ്രസീൽ.ആദ്യ പകുതിയിൽ ലൂക്കാസ് പക്വെറ്റ നേടിയ മികച്ചൊരു ഗോളിലാണ് ബ്രസീലിന്റെ വിജയം .സൂപ്പർ താരം നെയ്മറുടെ പാസിൽ നിന്നായിരുന്നു ഗോൾ പിറന്നത്.കോപ്പയിൽ പത്താം കിരീടമാണ് ബ്രസീൽ ലക്ഷ്യമിടുന്നത്.നാളെ പുലർച്ചെ നടക്കുന്ന അർജന്റീന-കൊളംബിയ മത്സരത്തിലെ വിജയികളെ ഫൈനലിൽ ബ്രസീൽ നേരിടും.

കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും മാറ്റങ്ങൾ വരുത്തിയാണ് ബ്രസീലും പെറുവും ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട കാരണം സസ്പെൻഷനിലായ ഗബ്രിയേൽ ജിസ്യുസിന് പകരം ലൂക്കാസ് പക്വേറ്റയും റോബർട്ടോ ഫിർമിനോയ്ക്ക് പകരം എവർട്ടണെയും ടിറ്റെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. മത്സരത്തിന്റെ ആരംഭം മുതൽ ബ്രസീലിന്റെ നിയന്ത്രണത്തിലായിരുന്നു.എട്ടാം മിനിറ്റിൽ തന്നെ ആദ്യ അവസരം തുറന്നെടുത്തു. പക്വേറ്റ പെറു പ്രതിരോധ നിരയെ പിളർത്തി മുന്നോട്ട് റിച്ചാർലിസന് നൽകിയ ത്രൂ പാസ് താരം ബാക് ഹീൽ കൊണ്ട് നെയ്മർക്ക് നൽകി എന്നാൽ താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി .പെറുവിൻ്റെ ഹാഫിലേക്ക് പിന്നീട് ബ്രസീൽ കളി ചുരുക്കി. തുടർ മുന്നേറ്റങ്ങളുമായി വന്ന അവർ പെറു ഗോളി ഗലേസെയെ പരീക്ഷിച്ച് കൊണ്ടിരുന്നു. 19ാം മിനിറ്റിൽ ഒരു ശ്രമത്തിൽ നിന്നും രണ്ട് ഗോൾ അവസരങ്ങളാണ് ബ്രസീലിന് വീണുകിട്ടിയത്. പക്ഷേ അസാമാന്യ റിഫ്ലെക്സോടെ രണ്ട് ശ്രമവും പെറു ഗോളി തടുത്തിട്ടു. പക്വേറ്റ നൽകിയ പാസിൽ നിന്ന് ബോക്സിൽ നിന്നും നെയ്മർ ഷോട്ട് എടുത്തെങ്കിലും ഗലേസെ അത് തടുത്തിട്ടു ഇതിൽ നിന്നും പന്ത് കിട്ടിയ റിച്ചാർലിസൻ വീണ്ടും ഷോട്ട് എടുത്തെങ്കിലും അസാമാന്യ മികവോടെ പെറു ഗോളി ആ ശ്രമവും നിർവീര്യമാക്കി.


അവസരങ്ങൾ സൃഷ്ടിച്ച് കൊണ്ടിരുന്ന ബ്രസീൽ 35ാം മിനിറ്റിൽ കളിയിൽ ലീഡ് നേടി. പെറു താരത്തിൻ്റെ കാലിൽ നിന്നും പന്ത് കിട്ടിയ റിച്ചാർലിസൻ അത് നെയ്മർക്ക് നൽകി. പന്തുമായി മുന്നേറി ബോക്സിൽ എത്തിയ നെയ്മർ അത് പെറു പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്സിൻ്റെ മധ്യത്തിൽ നിൽക്കുകയായിരുന്ന പക്വേറ്റക്ക് പന്ത് പാസ് ചെയ്ത് നൽകി. ഒന്ന് കുത്തിയുയർന്ന പന്തിനെ അഡ്ജസ്റ്റ് ചെയ്ത് പക്വേറ്റ എടുത്ത ഷോട്ട് സ്ഥാനം തെറ്റി നിന്നിരുന്ന ഗലേസെയെ കീഴ്പ്പെടുത്തി വലയിൽ കയറി .രണ്ടാം പകുതിയിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് പെറു ഇറങ്ങിയത്. ആദ്യ പകുതിയിൽ അധികം അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ പോയ അവർ രണ്ടാം പകുതിയിൽ ആക്രമ ണങ്ങൾ നടത്തിയാണ് തുടങ്ങിയത്. ഇതോടെ ബ്രസീൽ പ്രതിരോധത്തിലേക്ക് നീങ്ങി.മുന്നേറ്റങ്ങളുമായി ലാപഡുലയും കുയേവയും പകരക്കാരനായി വന്ന ഗാർസിയയും ഇടക്കിടെ ബ്രസീൽ ബോക്സിൽ ഇരമ്പിയെത്തി. ഉറച്ച് നിന്ന ബ്രസീൽ ഗോളിയും പ്രതിരോധവും അതെല്ലാം സമർത്ഥമായി പ്രതിരോധിച്ചു നിന്നു.

രണ്ടാം പകുതിയിൽ ഒന്ന് പിന്നിൽ പോയ ശേഷം ബ്രസീൽ പതിയെ അവരുടെ മേധാവിത്വം വീണ്ടെടുക്കാൻ തുടങ്ങി. കളി വീണ്ടും ബ്രസീലിൻ്റെ കയ്യിൽ ആയതോടെ പെറു ഗോൾമുഖത്തേക്ക് പന്തെത്താൻ തുടങ്ങി. ഇതിനിടയിൽ 71ാം മിനിറ്റിൽ റിച്ചാർലിസൻ ബോക്സിൽ വീണതിന് ബ്രസീൽ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.ആദ്യ പകുതിയിൽ നിന്ന് വ്യത്യസ്തമായി ബ്രസീൽ നിരയ്ക്കൊപ്പം നിൽക്കുന്ന പ്രകടനമാണ് പെറു രണ്ടാം പകുതിയിൽ പുറത്തെടുത്തത്. അതിനാൽ മറുഭാഗത്തേക്കും മുന്നേറ്റങ്ങൾ വന്ന് കൊണ്ടിരുന്നു. കളിയുടെ 80ാം മിനിറ്റിൽ പക്വേറ്റയുടെ ഫൗളിൽ പെറുവിന് ബ്രസീൽ ബോക്സിന് അടുത്ത് നിന്ന് ഫ്രീകിക്ക് കിട്ടി. ഇടത് ഭാഗത്ത് നിന്നും വന്ന യോടുൻ്റെ ക്രോസിലേക്ക് കാല്ലെൻസ് ഉയർന്ന് ചാടി ഹെഡ് ചെയ്തെങ്കിലും താരത്തിൻ്റെ ദുർബലമായ ഹെഡ്ഡർ പോസ്റ്റിന് പുറത്തേക്ക് പോയി. അവസാന മിനുട്ട് വരെ പെറു ഗോൾ മടക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമായിപ്പോയി. നെയ്മറാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.

കടപ്പാട്