❝ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോപ്പ അമേരിക്ക നടത്തിപ്പ് പ്രതിസന്ധിയിൽ❞

കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആതിഥേയത്വം വഹിക്കുന്നതിൽ നിന്നും കൊളംബിയ പിന്മാറി.അർജന്റീന, കൊളംബിയ എന്നീ രാജ്യങ്ങളിൽ വെച്ചു നടത്താനിരുന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരം കൊളംബിയയിൽ വെച്ചാണ് തീരുമാനിച്ചിരുന്നത്. കോൺമെബോൾ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.ജൂലൈ 10 ന്കൊളംബിയയിലെ ബാരൻക്വില്ലയുടെ എസ്റ്റാഡിയോ മെട്രോപൊളിറ്റാനോയിൽ വേചനയിരുന്നു കോപ്പയുടെ ഫൈനൽ ഷെഡ്യൂൾ ചെയ്തിരുന്നത്.

കൊളംബിയയിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം ചാമ്പ്യൻഷിപ്പ് നവംബറിലേക്ക് മാറ്റിവെക്കാൻ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു.നികുതി, ആരോഗ്യ സേവനം എന്നിവയുമായി ബന്ധപ്പെട്ട പുതുക്കിയ നിയമങ്ങൾ ഇവാൻ ഡ്യൂക്വയുടെ നേതൃത്വത്തിലുള്ള സർക്കാർ അവതരിപ്പിച്ചതിന്റെ ഭാഗമായാണ് കൊളംബിയയിൽ സമരങ്ങൾ നടക്കുന്നത്. എന്നാൽ ഇത് കോൺമെബോൾ അംഗീകരിച്ചില്ല ഇതിനെ തുടർന്നാണ് കൊളംബിയ ചാമ്പ്യൻഷിപ്പിൽ നടത്തിപ്പിൽ നിന്നും പുറത്തായത്.


ടൂർണമെന്റ് നടത്താൻ കൊളംബിയ കാണിച്ച ഉത്സാഹത്തെ പ്രശംസിച്ച ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ കൊളംബിയൻ ഫുട്ബോളിനും സൗത്ത് അമേരിക്കൻ ഫുട്ബോളിനും വളർച്ചയുണ്ടാക്കാൻ കഴിയുന്ന പദ്ധതികൾ ഇനിയും വരുമെന്നും വെളിപ്പെടുത്തി. കൊളംബിയയിൽ വെച്ചു നടത്താനിരുന്ന മത്സരങ്ങളുടെ പുതിയ വേദി അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും അവർ വ്യക്തമാക്കി.ഇതിനുള്ളപരിഹാര മാർഗങ്ങൾ അന്വേഷിക്കുകയാണ് കോൺമെബോൾ. എല്ലാ മത്സരങ്ങളും അർജന്റീനയിൽ നടത്തുക അല്ലെങ്കിൽ പുതിയൊരു രാജയത്തെ കണ്ടെത്തേണ്ടി വരും.

2020ൽ നടക്കാനിരുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് കോവിഡ് മഹാമാരിയെ തുടർന്നാണ് ഈ സമ്മറിലേക്കു മാറ്റിയത്. ജൂൺ 13നു നടക്കാനിരിക്കുന്ന മത്സരത്തിൽ 10 ലാറ്റിനമേരിക്കൻ ടീമുകളാണ് പങ്കെടുക്കുന്നത്. നേരത്തെ 12 ടീമുകളെയാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് ആശങ്കയെ തുടർന്ന് ഖത്തർ, ഓസ്‌ടേലിയ എന്നീ ടീമുകൾ ടൂർണമെന്റിൽ നിന്നും പിന്മാറി.