❝ കോപ്പ അമേരിക്ക സ്വപ്ന ഫൈനലിന് മുൻപ് ബ്രസീലിന് കനത്ത തിരിച്ചടി ❞

കോപ്പ അമേരിക്കയിൽ ഇന്ന് നടന്ന രണ്ടാം സെമിയിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി അർജന്റീന ബ്രസീലിനെതിരെയുള്ള സ്വപ്ന ഫൈനലിന് യോഗ്യതെ നേടിയിരിക്കുകയാണ്. ജൂലൈ 11 ഞായറാഴ്ച പുലർച്ചെ 5 .30 നാണ് മത്സരം തുടങ്ങുന്നത്.എന്നാൽ സൂപ്പർ ഫൈനലിന് മുൻപ് തന്നെ ബ്രസീലിന് വലിയ തിരിച്ചടി ഏറ്റിരിക്കുകയാണ്.ചുവപ്പ് കാര്‍ഡ് കണ്ട ഫോര്‍വേഡ് ഗബ്രിയേല്‍ ജെസ്യൂസിന് കോപ്പ ഫൈനല്‍ കളിക്കാനാവില്ല. ചിലെക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 48-ാം മിനുറ്റില്‍ മെനയെ അപകടകരമായി ഫൗള്‍ ചെയ്തതതിന് ജെസ്യൂസിനെ രണ്ട് മത്സരങ്ങളില്‍ നിന്ന് കോൺമെബോൾ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷനൊപ്പം 5000 ഡോളര്‍ പിഴയും താരത്തിന് ചുമത്തിയിട്ടുണ്ട്.


ഇതോടെ റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിലെ ഫൈനൽ പോരാട്ടം മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർക്ക് നഷ്ടമാവും.പെറുവിനെതിരായ സെമി ഫൈനലില്‍ ജെസ്യൂസ് പുറത്തിരുന്നിരുന്നു. ജെസ്യൂസിന് പകരം എവ‍ര്‍ട്ടനാണ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടംപിടിച്ചത്.പരിശീലകന്‍ ടിറ്റെയ്‌ക്ക് കീഴില്‍ ചുവപ്പ് കാര്‍ഡ് രണ്ട് തവണ വാങ്ങിയ ഏക താരമാണ് ഗബ്രിയേല്‍ ജെസ്യൂസ്. രണ്ട് വർഷം മുമ്പ് പെറുവിനെതിരായ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിന്റെ 3-1 വിജയത്തിൽ ജീസസ് ഒരു ഗോൾ നേടിയിരുന്നു.

2016 ൽ നെയ്മറുമൊത്തുള്ള ഒളിമ്പിക് ഗെയിംസിൽ വിജയിക്കുകയും തുടർന്ന് പാൽമിറാസിനെ ബ്രസീൽ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തത്തിനു ശേഷം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ ജീസസ് എന്നും വിശ്വസിക്കാവുന്ന താരമാണ്.ബ്രസീലിനൊപ്പം എന്നും തിളങ്ങിയ താരമാണ് ജീസസ്. 2016 ൽ ബ്രസീലിനൊപ്പം അരങ്ങേറ്റം കുറിച്ച ജീസസ് 47 മത്സരങ്ങളിൽ നിന്നും 18 ഗോളുകൾ നേടിയിട്ടുണ്ട്.എന്നാൽ ഈ കോപ്പയിൽ നാല് മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ താരത്തിനായിട്ടില്ല.