❝ പ്രായം 3O കടന്നിട്ടും 💪🔥ഇത്തവണ
കോപ്പ 🏆⚽ ടൂർണമെന്റിൽ ഇറങ്ങുന്ന
പോരാളികൾ ❞

കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് ആരംഭിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളെല്ലാം ബ്രസീലിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. പ്രതിസന്ധികൾക്കിടയിലും ടൂർണമെന്റ് ബാക്കിയായി നടക്കും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിരവധി സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ചാമ്പ്യൻഷിപ്പിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന 30 വയസ്സിനു മുകളിലുള്ള 5 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.

​അലക്‌സിസ് സാഞ്ചെസ്

ചിലിയന്‍ സ്‌ട്രൈക്കര്‍ അലക്‌സിസ് സാഞ്ചസിന് പ്രായം 32 ആയെങ്കിലും ഗോളടിമികവില്‍ ഇപ്പോഴും പതിനേഴുകാരനാണ്. രാജ്യത്തിനായി 137 മത്സരങ്ങള്‍ കളിച്ച് 46 ഗോളുകള്‍ നേടിയ സാഞ്ചെസ് ഇത്തവണയും കോപ്പയില്‍ തിളങ്ങുമെന്നാണ് പ്രതീക്ഷ. 2015ലും 2016ലും ചിലി കോപ്പ നേടിയപ്പോള്‍ മുന്‍നിര പോരാളിയായിരുന്നു സാഞ്ചെസ്. ഈ സീസണിൽ ഇന്റർ മിലാന് വേണ്ടി 12 മത്സരങ്ങളിൽ മാത്രമാണ് ആദ്യ ഇലവനിൽ എത്തിയത്. എന്നാൽ ഏഴു ഗോളുകളും അഞ്ചു അസിസ്റ്റുമായി നിറഞ്ഞു നിന്നു. തന്റെ പ്രൈം ടൈം കഴിയാറായെങ്കിലും കോപ്പ അമേരിക്ക 2021 ൽ ഫോർവേഡിന് ഇപ്പോഴും സ്വാധീനം ചെലുത്താൻ കഴിയുമെന്ന് വ്യക്തമാണ്.

​എഡിസണ്‍ കവാനി

മുപ്പത്തിനാലാം വയസിലും ഗോള്‍ നേടുന്നതില്‍ പിശുക്കുകാട്ടാത്ത എഡിസന്‍ കവാനി ഇക്കുറിയും യുറുഗ്വായ്ക്കുവേണ്ടി ഇറങ്ങുന്നുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചുകൊണ്ടിരിക്കുന്ന കവാനി തിളങ്ങിയാല്‍ യുറുഗ്വായ് കോപ്പ നേടുമെന്നതിലും സംശയമില്ല. യുറുഗ്വായ് 2011ല്‍ കോപ്പ നേടിയപ്പോള്‍ കവാനി ടീമിനൊപ്പമുണ്ടായിരുന്നു. ഒരുപക്ഷെ രാജ്യത്തിനായുള്ള അവസാനത്തെ കോപ്പയായിരിക്കും കവാനി കളിക്കാനിറങ്ങുക.ഓൾഡ് ട്രാഫോർദിൽ അരങ്ങേറ്റ സീസണിൽ യൂണൈറ്റഡിനായി 10 ഗോളുകൾ നേടാനും മൂന്ന് അസിസ്റ്റുകൾ നൽകാനും കഴിഞ്ഞു. യുണൈറ്റഡിനെ യൂറോപ്പ ലീഗ് ഫൈനലിലെത്തിക്കുകയും ചെയ്തു.

​തിയാഗോ സില്‍വ

ബ്രസീലിനായി പ്രതിരോധ കോട്ടകെട്ടുന്ന തിയാഗോ സില്‍വയ്ക്ക് പ്രായം 36 ആയി. നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനായി സില്‍വ ഇക്കുറിയും ഇറങ്ങും. ചെല്‍സിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടിയശേഷമെത്തുന്ന താരത്തിന് പരിക്ക് വില്ലനാണെങ്കിലും ആദ്യ ഇലവനില്‍ കളിക്കാനുണ്ടാകുമെന്നാണ് സൂചന.കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിലൊന്നായിരുന്നു ബ്രസീൽ ഇന്റർനാഷണൽ.2019 ൽ കോപ്പ അമേരിക്ക നേടിയ ബ്രസീൽ ടീമിൽ അംഗമായ സിൽവയുടെ അനുഭവ സമ്പത്ത് കോപ്പ അമേരിക്ക 2021 ൽ നിർണായകമാകും.

​ലൂയിസ് സുവാരസ്

യുറുഗ്വന്‍ മുന്നേറ്റക്കാരന്‍ ലൂയിസ് സുവാരസ് മിന്നുന്ന ഫോമിലാണ്. അത്‌ലറ്റിക്കോ മാഡ്രിഡിനെ ലാ ലീഗ ചാമ്പ്യന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 34 വയസുകാരനായ സുവാരസ് തന്നെയായിരിക്കും ഇക്കുറിയും യുറുഗ്വായുടെ കുന്തമുന. 2011ല്‍ കോപ്പ നേടിയ യുറുഗ്വായ് ടീമില്‍ അംഗമായിരുന്നു. കവാനിക്കൊപ്പം സുവാരസും തിളങ്ങിയാല്‍ എതിരാളികള്‍ക്ക് യുറുഗ്വായെ തളയ്ക്കുക എളുപ്പമാകില്ല. ആധുനിക തലമുറയിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ ലൂയിസ് സുവാരസ് 2011 ൽ കോപ അമേരിക്ക നേടിയ ഉറുഗ്വേയുടെ ഭാഗമായിരുന്നു ആ വിജയം 2021 ലും ആവർത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.

ലയണല്‍ മെസ്സി

മുപ്പത്തിമൂന്നുകാരനായ മെസ്സി അര്‍ജന്റീനയുടെ എല്ലാമെല്ലാമാണ്. മെസ്സിയില്ലാത്ത ഒരു ടീമിനെ സങ്കല്‍പ്പിക്കാന്‍ വര്‍ഷങ്ങളായി അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ അര്‍ജന്റീനയുടെ കിരീടസാധ്യതയെല്ലാം മെസ്സിയുടെ കളിയെ ആശ്രയിച്ചായിരിക്കും. രാജ്യത്തിനായി ഒരു കിരീടമെങ്കിലും നേടാനുള്ള മെസ്സിയുടെ അവസരമാണിത്. അർജന്റീനയ്‌ക്കൊപ്പം ലയണൽ മെസ്സി മൂന്ന് കോപ അമേരിക്ക ഫൈനലുകളിൽ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ല. മികച്ച ഫോമിലുള്ള മെസ്സിക്ക് ഈ വർഷം രാജ്യത്തെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിക്കാൻ നല്ല അവസരമാണ് വന്നിരിക്കുന്നത്.