❝ ആദ്യ ജയം തേടി 💪🇦🇷 അർജന്റീന
ശക്തരായ 🇺🇾🔥 ഉറുഗ്വേയ്ക്കെതിരെ ❞

കോപ്പ അമേരിക്കയിലെ ആദ്യ ജയം തേടി അര്ജന്റീന ഇന്നിറങ്ങും. എസ്റ്റാഡിയോ നാഷനൽ ഡി ബ്രസീലിയ മാനെ ഗാരിഞ്ചയിൽ നടക്കുന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരും കരുതാറുമായ ഉറുഗ്വേയാണ് അര്ജന്റീനയുട എതിരാളികൾ. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചരക്കാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ ചിലിയോട് സമനില വഴങ്ങിയായ അര്ജന്റീന വിജയിക്കാൻ തന്നെ ഉറപ്പിച്ചാവും ഉറുഗ്വേക്കെതിരെ ഇറങ്ങുന്നത്. ലയണൽ സ്കലോണിയുടെ കീഴിൽ മികച്ചൊരു യൂണിറ്റായി വളർന്ന അര്ജന്റീന കഴിഞ്ഞ 14 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല.2019 നു ശേഷം അവർ തോൽവി അറിഞ്ഞിട്ടില്ല , എന്നാൽ അവസാന കളിച്ച മൂന്നു മത്സരങ്ങളിലും ആദ്യ ഗോൾ നേടി സമനില വഴങ്ങുകയും ചെയ്തു.

കോപ്പയിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ രണ്ടു ടീമുകൾ ഏറ്റുമുട്ടുന്നതിലുപരി പ്രിയ സുഹൃത്തുക്കളായ ലിയോണല്‍ മെസിയും ലൂയിസ് സുവാരസും നേർക്കുനേർ വരുന്ന പോരാട്ടമാണിത്.ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടത്തിന് മുമ്പ് മെസിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സുവാരസ്. ആദ്യ ജയത്തിനായി അർജന്റീന ഇറങ്ങുമ്പോള്‍ ജയിച്ച് തുടങ്ങുകയാണ് ഉറുഗ്വേയുടെ ലക്ഷ്യം. അർജന്റീന ഒരിക്കൽക്കൂടി ലിയോണല്‍ മെസിയിലേക്ക് ഉറ്റുനോക്കുമ്പോൾ ഉറുഗ്വേയുടെ പ്രതീക്ഷ ലൂയിസ് സുവാരസിലാണ്.

ബാഴ്‌സലോണക്കാലം മുതൽ ഉറ്റസുഹൃത്തുക്കളാണ് മെസിയും സുവാരസും. ഇക്കഴിഞ്ഞ സീസണിൽ സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയെങ്കിലും ഇവരുടെ സൗഹൃദത്തിന് പോറലേറ്റിട്ടില്ല. എന്നാൽ കളിക്കളത്തിൽ നേർക്കുനേർ വന്നാൽ ഈ സൗഹൃദം ഉണ്ടാവില്ലെന്നാണ് സുവരാസ് പറയുന്നത്. ‘മെസി ഏറ്റവും മികച്ച താരമാണ്. കളിക്കളത്തിൽ എതിരാളിയായി ഇറങ്ങാത്ത സന്ദർഭങ്ങളിൽ ഒഴികെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ്. കളത്തിലിറങ്ങിയാൽ സൗഹൃദത്തിന് സ്ഥാനമില്ല, ജയം മാത്രമാണ് ലക്ഷ്യം’ എന്നും സുവാരസ് പറഞ്ഞു.

4-3-3 ശൈലിയിൽ ഇറങ്ങുന്ന ആര്ജന്റീനയുടെ ഗോൾ വലകാക്കുന്നത് ഫോമിലുള്ള ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് തന്നെയാവും.നിക്കോളാസ് ഒറ്റമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ സെന്റർ ബാക്ക് സ്ഥാനത്തെത്തും രണ്ട് ഫുൾ ബാക്ക് ആയി ഗോൺസാലോ മോണ്ടിയലും നിക്കോളാസ് ടാഗ്ലിയാഫിക്കോയും അണിനിരക്കും. മിഡ്‌ഫീൽഡിൽ, ബാക്ക്‌ലൈൻ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ലിയാൻ‌ഡ്രോ പരേഡസിനായിരിക്കും.ബോക്സ്-ടു-ബോക്സ് മിഡ്ഫീൽഡ് റോളിൽ റോഡ്രിഗോ ഡി പോളും ക്രിയേറ്റീവ് മിഡ്ഫീൽഡറായി ജിയോവാനി ലോ സെൽസോയും അണിനിരക്കും. മുന്നേറ്റ നിരയിൽ മെസ്സിക്കൊപ്പം മാർട്ടിനെസും എയ്ഞ്ചൽ ഡി മരിയയും അണിനിരക്കും. സ്‌ട്രൈക്കർ സ്ഥാനത്തേക്ക് സെർജിയോ അഗ്യൂറോയെയും പരിഗണിക്കാൻ സാധ്യതയുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ ഒരു ചുവപ്പ് കാർഡ് കാരണം രണ്ട് മത്സരങ്ങളുടെ സസ്‌പെൻഷന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വെറ്ററൻ സ്‌ട്രൈക്കർ എഡിൻസൺ കവാനി ടീമിലേക്ക് തിരിച്ചെത്തും. മികച്ച ഫോമിലുള്ള സുവാരസും ചേരുമ്പോൾ ഉറുഗ്വേയെ തടയാൻ പ്രയാസമാകും.ലൂക്കാസ് ടോറെയിറ,റയൽ മാഡ്രിഡിന്റെ ഫെഡറിക്കോ വാൽവർഡെ എന്നിവരടങ്ങുന്ന മിഡ്‌ഫീൽഡും മികച്ചതാണ്.ഡീഗോ ഗോഡിൻ, ജോസ് മരിയ ഗിമെനെസ് എന്നിവർ സെന്റര് ബാക്കയെത്തും. യഥാക്രമം വലത്, ഇടത് വശങ്ങളിൽ ജിയോവന്നി ഗോൺസാലസ്, മാർട്ടിൻ കാസെറസ് എന്നിവർ അണിനിരക്കും. കീപ്പറായി പരിചയസമ്പന്നനായ ഫെർണാണ്ടോ മുസ്‌ലെറ എത്തും.

അർജന്റീനയും ഉറുഗ്വേയും തമ്മിൽ അവസാനമായി ഏറ്റുമുട്ടിയത് 2019 നവംബറിൽ സൗഹൃദ മത്സരത്തിലാണ്. അന്ന് 2-2 സമനിലയിൽ അവസാനിച്ചു. ഉറുഗ്വേയ്‌ക്കായി സ്റ്റാർ സ്‌ട്രൈക്കർമാരായ ലൂയിസ് സുവാരസ്, എഡിൻസൺ കവാനി എന്നിവർ ഗോളുകൾ നേടിയപ്പോൾ സെർജിയോ , മെസ്സി എന്നിവർ അര്ജന്റീനക്കായി ഗോളുകൾ നേടി.

അര്ജന്റീന സാധ്യത ലൈനപ്പ് (4-3-3): മാർട്ടിനെസ്; മോണ്ടിയൽ, റൊമേറോ, ഒറ്റമെൻഡി, ടാഗ്ലിയാഫിക്കോ; ഡി പോൾ, പരേഡെസ്, ലോ സെൽസോ; മെസ്സി, മാർട്ടിനെസ്, ഡി മരിയ.
ഉറുഗ്വേ സാധ്യത ലൈനപ്പ് (4-4-2): മുസ്‌ലെറ; ഗോൺസാലസ്, ഗിമെനെസ്, ഗോഡിൻ, കാസെറസ്; ടോറസ്, വാൽവർഡെ, ടോറേര, റോഡ്രിഗസ്; കവാനി, സുവാരസ്.