കോപ്പ അമേരിക്ക : ❝ചിലിയെ പരാജയപ്പെടുത്തി ക്വാർട്ടർ ഉറപ്പിച്ച്‌ പാരാഗ്വേ, ബൊളീവിയയെ വീഴ്ത്തി ഉറുഗ്വേ ❞

കോപ്പ അമേരിക്കയിലെ എ ​ഗ്രൂപ്പിൽ ക്വാർട്ടർ ഉറപ്പിച്ച് പാരാ​ഗ്വേ. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ കരുത്തരായ ചിലിയെ എതിരില്ലാത്ത രണ്ട് ​ഗോളിന് കീഴടക്കിയാണ് പാരാ​ഗ്വേ ​ഗ്രൂപ്പ് ഘട്ടം കടന്നത്. ഒരു ഗോളും അസിസ്റ്റും നേടി മികച്ച പ്രകടനം പുറത്തെടുത്ത ന്യൂ കാസിൽ താരം മിഗുവൽ അൽമിറോണ് ആണ് പാരാ​ഗ്വേക്ക് വിജയം നേടിക്കൊടുത്തത്.33ാം മിനിറ്റിൽ ബ്രയാൻ സമുദിയോയിലൂടെയാണ് പാരാ​ഗ്വേ ആദ്യ ​ഗോൾ നേടിയത്. മി​ഗ്വേൽ അൽമിറോൺ എടുത്ത കോർണറിൽ ഹെഡ് ചെയ്ത് ബ്രയാൻ പന്ത് ​ഗോൾവലയ്ക്കുള്ളിലെത്തിക്കുകയായിരുന്നു.

58ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു രണ്ടാമത്തെ ​ഗോൾ. കാർലോസ് ​ഗോൺസാലസിനെതിരായ ചിലി താരത്തിന്റെ ഫൗളാണ് പാരാ​ഗ്വേയ്ക്ക് പെനാൽറ്റി നേടിക്കൊടുത്തത്. പെനാൽറ്റി വലയിലാക്കിയത് മി​ഗ്വേൽ അൽമിറോൺ. ചിലി നേരത്തെ തന്നെ കോപ്പ അമേരിക്ക ക്വാർട്ടർ ഉറപ്പിച്ചിരുന്നു. കളിയിൽ കൂടുതൽ ആധിപത്യം പുലർത്തി കളിച്ചത് ചിലി ആയിരുന്നു. പാസുകളിലും പന്ത് കൈവശം വെക്കുന്നതിലും അവർ പാരാ​ഗ്വേയേക്കാൾ ഏറെ മുൻപിൽ നിന്നു. ഇന്നത്തെ വിജയത്തോടെ രണ്ട് തവണ ജേതാക്കളായ പരാഗ്വേയെ ചിലിയേക്കാളും ഉറുഗ്വേയെയും മറികടന്ന് ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തി. പരാഗ്വേ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഉറുഗ്വേയെ നേരിടും. പരാഗ്വേക്ക് രണ്ടാം സ്ഥാനം നേടാൻ സമനില മതിയാവും .

ഗ്രൂപ്പ് എയിൽ മറ്റൊരു മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തകർത്ത് ഉറു​ഗ്വേ പരാജയപ്പെടുത്തി. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ ഉറു​ഗ്വേ 22 ഷോട്ടുകളുമായി മുന്നേറ്റം നടത്തിയെങ്കിലും അവസരങ്ങൾ പലതും വേണ്ടവിധം വിനിയോ​ഗിക്കാൻ അവർക്കായില്ല. 40ാം മിനിറ്റിൽ ബൊളിവിയൻ ​ഗോൾകീപ്പറുടെ ഓൺ ​ഗോളിൽ നിന്നാണ് ഉറു​ഗ്വേ അക്കൗണ്ട് തുറന്നത്. ബോക്സിൽ പന്ത് ക്ലിയർ ചെയ്യാൻ ബൊളിവിയൻ പ്രതിരോധനിര താരം ശ്രമിക്കുന്നതിന് ഇടയിൽ ​ഗോൾകീപ്പർ കാർലോസ് ലാംപെയുടെ ദേഹത്ത് തട്ടി ​ഗോൾവല കുലുക്കുകയായിരുന്നു.

79ാം മിനിറ്റിൽ കവാനിയിലൂടെയായിരുന്നു ഉറു​ഗ്വേയുടെ രണ്ടാമത്തെ ​ഗോൾ നേടിയത് .കവാനിയുടെ 51-ാമത് അന്താരാഷ്ട്ര ഗോളായിരുന്നു ഇത് . ഉറു​ഗ്വേയുടെ നിരന്തരമുള്ള ആക്ര മണത്തെ ചെറുത്ത് നിന്ന ​ഗോൾകീപ്പറാണ് വലിയ മാർജിനിലെ തോൽവിയിൽ നിന്ന് ബൊളിവിയയെ രക്ഷിച്ചത്.ലോകകപ്പ് യോ​ഗ്യതാ മത്സരം ഉൾപ്പെടെ കഴിഞ്ഞ 4 കളികളിൽ ഉറു​ഗ്വേയ്ക്ക് സ്കോർ ചെയ്യാൻ സാധിച്ചിരുന്നില്ല. ചിലിക്കെതിരെ 1-1ന് സമനില പിടിച്ചായിരുന്നു ഉറു​ഗ്വേ ​ഗോൾ സ്കോറിങ്ങിലേക്ക് തിരിച്ചെത്തിയത്. ബൊളിവിയക്കെതിരെ ​ഗോൾ വല കുലുക്കാനായതും അവസരങ്ങൾ സൃഷ്ടിക്കാനായതും സുവാരസിന്റേയും കൂട്ടരുടേയും ആത്മവിശ്വാസം കൂട്ടും.