❝ബ്ലോക്ക്ബസ്റ്റർ കൈമാറ്റത്തിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്❞

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ തായ്യാറെടുക്കുന്നു എന്ന രീതിയിലുള്ള വാർത്തകൾ കുറച്ചു നാളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. 2022 വരെ യുവന്റസുമായി കരാറുള്ള റൊണാൾഡോ ക്ലബ് വിടുന്നതിന്റെ സൂചനകൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം റൊണാൾഡോ തന്റെ ആദ്യ കാല ക്ലബായ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കുള്ള വഴിയിലാണ്.മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുന്നാർ സോൾസ്‌ജെയർ അഞ്ച് തവണ ബാലൺ ഡി ഓർ വിജയിയെ ഓൾഡ് ട്രാഫോർഡിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമം തുടങ്ങിയിരിക്കുന്നു.

ഇറ്റാലിയൻ പ്രസിദ്ധീകരണമായ ഗാസെറ്റ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട് പ്രകാരം റൊണാൾഡോയെ സ്വന്തമാക്കുന്നതിനായി ഫ്രഞ്ച് താരം പോൾ പോഗ്ബയെ യുവന്റസിന് വിട്ടുകൊടുക്കാൻ യുണൈറ്റഡ് തയ്യാറാണ്. എന്നിരുന്നാലും ഇറ്റലിയിൽ ആഴ്ചയിൽ അഞ്ചു ലക്ഷം പൗണ്ട് ശമ്പളം വാങ്ങുന്ന പോർച്ചുഗീസ് സ്‌ട്രൈക്കർ പ്രീമിയർ ലീഗിലേക്ക് മടങ്ങണമെങ്കിൽ ശമ്പളം വെട്ടിക്കുറയ്‌ക്കേണ്ടി വരും.ഫ്രഞ്ച് ഭീമൻമാരായ പാരീസ് സെൻറ് ജെർ‌മെയിനും കൈലിയൻ എംബപ്പെയെ വിൽക്കുകയാണെങ്കിൽ റൊണാൾഡോയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു.


തനിക്ക് പോഗ്ബയെ നിലനിർത്താൻ ആഗ്രഹമുണ്ടെന്നും ഈ സമ്മറിൽ താരത്തിന്റെ കരാർ നീട്ടാൻ ഒരുങ്ങുകയാണെന്നും സോൽസ്‌ജെയർ പറഞ്ഞിട്ടുണ്ടെങ്കിലും റൊണാൾഡോയെപ്പോലെയുള്ള ഒരു താരത്തിന്റെ തിരികെ യൂണൈറ്റഡിലെത്തിക്കാൻ നോർവീജിയൻ തന്ത്രജ്ഞൻ തീരുമാനം മാറ്റിയേക്കും.കാൽസിയോമെർകാറ്റോ വഴിയുള്ള ട്യൂട്ടോസ്‌പോർട്ടിന്റെ അഭിപ്രായത്തിൽ, വില്ലാരിയലിനെതിരായ യൂറോപ്പ ലീഗ് ഫൈനലിലെ തോൽവി പോൾ പോഗ്ബയുടെ യുണൈറ്റഡ് ജേഴ്സിയിലെ അവസാന മത്സരമാണെന്നാണ്. റൊണാൾഡോക്കും പോഗ്ബക്കും കരാറിൽ ഒരു വർഷം കൂടി മാത്രമാണ് ബാക്കിയുള്ളത്. അതിനാൽ 12 മാസത്തിനുശേഷം അവരെ സൗജന്യ ട്രാൻസ്ഫറിൽ നഷ്ടപ്പെടാതിരിക്കാൻ ക്ലബ്ബുകൾ ഈ സമ്മറിൽ തന്നെ ഒഴിവാക്കാനുള്ള സാധ്യത കാണുന്നുണ്ട്.

വ്യക്തിഗത തലത്തിൽ റൊണാൾഡോക്ക് മാന്യമായ ഒരു സീസൺ തന്നെയായിരുന്നു ഇത്.സിരി എ ടോപ് സ്‌കോറർ അവാർഡ് ആദ്യമായി നേടുകയും ചെയ്തു. ആന്ദ്രേ പിർലോയെ പുറത്താക്കിയതിന് ശേഷം യുവന്റസിൽ പകരമെത്തിയ മുൻ പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രിക്ക് റൊണാൾഡോയെ നിലനിർത്താനാണ് തലപര്യം.