❝ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നാലിലൊന്ന് വിലയിട്ട് യുവന്റസ്❞

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പോർട്ടോക്കെതിരെ എവേ ഗോളിൽ പുറത്തായതോടെ റൊണാൾഡൊക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. കാൽ നൂറ്റാണ്ടായി യുവന്റസിന്റെ കിട്ടാക്കനിയായി മാറിയ ചാമ്പ്യൻസ് ലീഗ് നേടുക എന്ന ഒറ്റ ലക്ഷ്യം വെച്ച് മൂന്നു വർഷം മുൻപ് റയൽ മാഡ്രിഡിൽ നിന്നും 100 മില്യൺ ഡോളറിനു ടൂറിനിലെത്തിയ റൊണാൾഡോക്ക് മൂന്നു സീസണുകളിലും ടീമിനെ ക്വാർട്ടറിനു അപ്പുറം എത്തിക്കാനായില്ല. ക്ലബ്ബിനകത്തു നിന്നും പുറത്തു നിന്നും താരത്തിനെതിരെ വിമർശനം ഉയർന്നു വന്നിരിക്കുകയാണ്.

അതിനിടയിൽ റൊണാൾഡോയെ യുവന്റസ് എടുത്തത് തെറ്റായ തീരുമാനമാണെന്നും താരത്തെ ഒഴിവാക്കണമെന്ന അഭിപ്രായവുമായി പഴയ താരങ്ങളും പരിശീലകരും രംഗത്തെത്തുകയും ചെയ്തിരുന്നു. 2022 വരെ ക്ലബ്ബുമായി കരാറുള്ള റൊണാൾഡോയെ യുവന്റസ് ഈ സീസൺ അവസാനത്തോടെ ഒഴിവാക്കും എന്ന തരത്തിലുള്ള വാര്ത്തകളും പുറത്തു വന്നിരിക്കുകയാണ്. സിരി എ യിലും സ്ഥിതി വ്യത്യസ്തമല്ല കഴിഞ്ഞ പത്തു വർഷമായി കൈവശം വെച്ചിരിക്കുന്ന കിരീടം ഈ വർഷം നേടാനാകുമോ എന്നതും സംശയമാണ്.

കൊറിയർ ഡെല്ലോ സ്പോർട്ടിന്റെ അഭിപ്രായത്തിൽ സാമ്പത്തിക നഷ്ടം ഒഴിവാക്കുന്നതിനായി സെരി എ ചാമ്പ്യന്മാർ താരത്തിന്റെ ട്രാൻസ്‌ഫർ മൂല്യം കുത്തനെ കുറച്ചിരിക്കുകയാണ്. മൂന്നു വർഷം മുൻപ് 100 മില്യൺ ഡോളറിനെത്തിയ 36 കാരനെ 24 മില്യൺ ഡോളർ ലഭിച്ചാൽ താരത്തെ ഒഴിവാക്കുമെന്ന് യുവന്റസിൽ നിന്നും വന്ന പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.അടുത്ത വർഷം കരാർ അവസാനിക്കുന്ന റൊണാൾഡോയെ ഫ്രീ ട്രാൻസ്ഫറിൽ വിടാതെ കുറഞ്ഞ വിലയിൽ വിൽക്കാനാണ് യുവന്റസ് ശ്രമിക്കുന്നത്.

യുവന്റസിനായി 121 മത്സരങ്ങളിൽ നിന്ന് 92 ഗോളുകൾ നേടിയ റൊണാൾഡോ ഈ സീസണിൽ സിരി എ യിലെ ഗോൾ സ്കോറർമാരിൽ മുന്നിലാണ്.വ്യക്തിഗത പ്രകടനകളിൽ മുന്നിൽ നിൽക്കുമ്പോഴും വലിയ മത്സങ്ങളിൽ പഴയ മികവ് പുലർത്താൻ സാധിക്കാത്തതും താരത്തിന് വിനയായി. പലപ്പോഴും യുവൻറസിന്റെ ഗെയിം പ്ലാനുമായി ഒത്തുപോകുവാൻ റൊണാൾഡോക്ക് സാധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

അതേസമയം റൊണാൾഡോയുടെ ട്രാൻസ്‌ഫർ മൂല്യം യുവന്റസ് ഇത്രയധികം കുറക്കുന്നത് മുപ്പത്തിയാറുകാരനായ താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ക്ലബുകൾക്ക് സഹായകമായിരിക്കും. അതിനിടയിൽ റൊണാൾഡോ സാന്റിയാഗോ ബെർണബ്യൂവിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡിസ് ഇതിനകം റയൽ മാഡ്രിഡുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്‌പെയിനിലെ റിപ്പോർട്ടുകൾ വന്നു.വരും മാസങ്ങളിൽ ചർച്ചകൾ ശക്തമാകുമെന്നും എൽ ചിരിൻ‌ഗ്യൂട്ടോ റിപ്പോർട്ട് ചെയ്തു.ഒൻപത് സീസണുകളിലായി 438 മത്സരങ്ങളിൽ, ലോസ് ബ്ലാങ്കോസിനായി റൊണാൾഡോ 450 ഗോളുകൾ നേടിയിട്ടുണ്ട്.