ക്രിക്കറ്റിലും,ടെന്നിസിലും, ഗോൾഫിലും മികവ് തെളിയിച്ച് ബാർട്ടി

ആദ്യം ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ് ക്രിക്കറ്റിൽ, പിന്നെ വനിതാ ടെന്നിസിൽ ലോക ഒന്നാം നമ്പർ താരം, ഇപ്പോഴിതാ ഗോൾഫിലും കിരീടം..ഓൾറൗണ്ടർ എന്ന വിശേഷണത്തെയും അതിശയിപ്പിച്ച് മുന്നേറുകയാണ് ഓസ്ട്രേലിയക്കാരി ആഷ്‌ലി ബാർട്ടി. കോവിഡ് ലോക്ഡൗൺ നൽകിയ അവധിക്കാലം മുതലെടുത്ത് ഗോൾഫ് കളിക്കാനിറങ്ങിയ ബാർട്ടി കഴിഞ്ഞ ദിവസം ബ്രിസ്ബെയ്നിലെ ബ്രൂക്‌വാട്ടർ ഗോൾഫ് ക്ലബ് കിരീടം ചൂടി.

കിരീടവുമായി നിൽക്കുന്ന ചിത്രം ബാർട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ ആരാധകപ്രവാഹമായി. ഇരുപത്തിനാലുകാരിയായ ബാർട്ടി കോവിഡ് മുൻകരുതലെന്ന നിലയിൽ ഈ വർഷം യുഎസ് ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ചാംപ്യൻഷിപ്പുകളിൽ മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിച്ചിരുന്നു.നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാംപ്യനായ ബാർട്ടി തുടർന്നാണ് ഗോൾഫ് കളിക്കിറങ്ങിയത്.

2014 ൽ ടെന്നിസിൽ നിന്നും ഇടവേളയെടുക്കുകയും പ്രഥമ വിമൻസ് ബിഗ് ബാഷ് ലീഗിൽ ബ്രിസ്‌ബേൻ ഹിറ്റിനു വേണ്ടി കളത്തിലിറങ്ങി. ക്രിക്കറ്റിൽ വേണ്ടത്ര ശോഭിക്കാതിരുന്ന ബാർട്ടി 2016 ൽ ടെന്നിസിലേക്ക് തിരിച്ചു വന്നു. കഴിഞ്ഞ 7 മാസമായി ടെന്നിസിൽ ഒരു മത്സരം പോലും കളിക്കാതിരിന്നെങ്കിലും ലോക ഒന്നാം നമ്പർ താരമായി ഇപ്പോഴും തുടരുന്നു ഈ ഓസ്‌ട്രേലിയക്കാരി.