❝റൊണാൾഡോ മികച്ച കളിക്കാരനാണ് ,കൂടെ നല്ല വെറുപ്പിക്കലും ; പെനാൽറ്റിയടിച്ചതിനു ശേഷം ഫൈനലിൽ ഗോൾ നേടിയപോലെ ❞

യൂറോ 2020 ൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളുടെ കൂട്ടത്തിലാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിനെ യൂറോയിൽ പ്രീ ക്വാർട്ടറിൽ എത്തിക്കാൻ മുഖ്യ പങ്കു വഹിച്ച 36 കാരൻ നിരവധി റെക്കോർഡുകളാണ് കാൽകീഴിലാക്കിയത്. തന്റെ അഞ്ചാം യൂറോ കപ്പിനിറങ്ങിയ ക്രിസ്റ്റ്യാനോ കഴിഞ്ഞ വർഷത്തെ കിരീട നേട്ടം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് പ്രീ ക്വാർട്ടറിൽ ബെൽജിയത്തെ നേരിടാനൊരുങ്ങുന്നത്.എന്നാൽ മികച്ച പ്രകടനം നടത്തുന്നതിനിടയിലും വിമർശനങ്ങൾ എന്നും ഏറ്റു വാങ്ങേണ്ടി വരുന്ന താരം കൂടിയാണ് ക്രിസ്റ്റ്യാനോ.

ഇപ്പോഴിതാ ഹങ്കേറിയൻ പരിശീലകൻ മാർകോ റോസിയാണ് റൊണാൾഡോക്കെതിരെ കടുത്ത വിമര്ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.ഇറ്റാലിയൻ മാധ്യമമായ ഗസെറ്റ ഡെല്ലോ സ്​​പോർട്ടിന്​ നൽകിയ അഭിമുഖത്തിലാണ്​ മാർകോ റോസി റൊണാൾഡോയെ വിമർശിച്ചത്​. പ്രമുഖ ഫുട്​ബാൾ മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഇറ്റാലിയൻ പരിശീലകനായ റോസി 2018ലാണ്​ ഹംഗറിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്​.”റൊണാൾഡോ ചാമ്പ്യൻ താരമാണ്​. പക്ഷേ അതേസമയം അദ്ദേഹം വെറുപ്പിക്കുന്നവനുമാണ്​. ഞങ്ങളുമായുള്ള മത്സരത്തിൽ പെനൽറ്റി നേടിയ ശേഷം ഫൈനലിൽ ഗോളടിച്ചത്​ പോലെയാണ്​ ആഘോഷിച്ചത്​. ആളുകൾ ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നുണ്ട്​” -മാർകോ റോസി പറഞ്ഞു.

ആദ്യ മത്സരത്തിൽ പോർചുഗലിനോട് തോൽവി വഴങ്ങിയെങ്കിലും ഫ്രാൻസിനെയും ജര്മനിയെയും സമനിലയിൽ തളച്ച ഹംഗറി വിരോചിതമായാണ് യൂറോ കപ്പിൽ നിന്നും പുറത്തു പോയത്.ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഹംഗറിയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക്​ പോർച്ചുഗൽ തോൽപ്പിച്ചിരുന്നു. 84 മിനിറ്റുവരെ ഗോളുകളൊന്നും വീഴാതിരുന്ന മത്സരം മൂന്നുഗോളുകളുമായി പോർച്ചുഗൽ സ്വന്തമാക്കുകയായിരുന്നു. പെനാൽറ്റി ഗോളടക്കം രണ്ടുഗോളുകളാണ്​ റൊണാൾഡോ അന്ന്​ സ്വന്തമാക്കിയത്​.

പുഷ്​കാസ്​ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റൊണാൾഡോയെ ഹംഗറി ആരാധകർ കൂക്കിവിളിക്കുകയും ചെയ്​തിരുന്നു. അഞ്ചുഗോളുകൾ നേടിയ റൊണാൾഡോണ്​ യൂറോകപ്പിലെ ടോപ്​സ്​കോറർമാരിൽ മുന്നിട്ട്​ നിൽക്കുന്നത്​. അതിൽ മൂന്നുഗോളുകളും പെനാൽറ്റിയി​ലൂടെയായിരുന്നു.