❝ യുവന്റസ് ⚫⚪ വിട്ടതിനു ശേഷമുള്ള
⚽👑 ക്രിസ്റ്റ്യാനോയുടെ പദ്ധതികൾ ഇങ്ങനെ ❞

യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെ കുറിച്ചുള്ള നിരവധി കിംവദന്തികൾ ഓരോ ദിവസവും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇറ്റലിയിൽ മികച്ച ഫോം പുലർത്തുന്ന പോർച്ചുഗീസ് ഇന്റര്നാഷനലിനെ സ്വന്തമാക്കാൻ വമ്പൻ ക്ലബ്ബുകൾ പിന്നാലെ തന്നെയുണ്ട്. 2022 വരെയാണ് റൊണാൾഡോക്ക് യുവന്റസുമായി കരാറുള്ളത്. ഇറ്റാലിയൻ വമ്പന്മാരുമായുള്ള കരാർ അവസാനിച്ചു കഴിഞ്ഞാൽ തന്റെ ആദ്യ കാല ക്ലബിലേക്ക് മടങ്ങി പോകുവാൻ താരം ആഗ്രഹിക്കുന്നു എന്ന റിപോർട്ടുകൾ പുറത്തു വന്നിരുന്നു.

തന്റെ മുൻ ക്ലബ്ബായ സ്പോർട്ടിംഗ് ലിസ്ബണിൽ രണ്ട് വർഷം ചെലവഴിക്കാൻ റൊണാൾഡോ ആഗ്രഹിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു.ഇറ്റാലിയൻ പത്രപ്രവർത്തകനായ ക്ലോഡിയോ റൈമോണ്ടി പറയുന്നതനുസരിച്ച് ഇറ്റലിയിൽ നിന്നും പോർചുഗലിലേക്ക് മാറിയതിനു ശേഷം തന്റെ കരിയറിലെ ഒരു സൈക്കിൾ പൂർത്തിയാക്കാനാണ് റൊണാൾഡോ ആഗ്രഹിക്കുന്നത്.


“അദ്ദേഹം (റൊണാൾഡോ) യുവന്റസിൽ സൈക്കിൾ അവസാനിപ്പിച്ച് രണ്ട് വർഷം സ്പോർട്ടിംഗിൽ കളിക്കാൻ ആഗ്രഹിക്കുന്നു. ക്രിസ്റ്റ്യാനോയ്ക്ക് യുവന്റസ് വിടാൻ ആഗ്രഹമില്ല, 2022 ൽ അവസാനിക്കുന്ന കരാറിനെ ബഹുമാനിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. റയൽ മാഡ്രിഡിലേക്കോ സ്പെയിനിലേക്കോ മടങ്ങാൻ ആഗ്രഹിക്കുന്നില്ല , അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു നീക്കത്തിനും സാമ്പത്തിക ശക്തിയില്ല. “റൊമാൽഡി കൂട്ടിച്ചേർത്തു.”വ്യക്തിപരമായ കാരണങ്ങളാലും അദ്ദേഹത്തിന്റെ സ്പോൺസർമാരുമായുള്ള ബന്ധത്താലും പ്രത്യേകിച്ച് ഒരു വ്യവസ്ഥകൾ ഇല്ലാതെയാണ് റൊണാൾഡോ യുവന്റസിൽ നിന്ന് പുറത്തു പോവുന്നത്”. എന്ന് റൈമോണ്ടി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്പോർട്ടിംഗ് ലിസ്ബൺ അവരുടെ അക്കാദമിക്ക് റൊണാൾഡോയുടെ പേര് നൽകിയിരുന്നു. കുറച്ചു കാലമായി റൊണാൾഡോയുടെ സ്പോർട്ടിങ് ലിസ്ബണിലെക്കുള്ള മടങ്ങി വരവുമായി ബന്ധപ്പെട്ട വാർത്തകൾ വന്നിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ, റൊണാൾഡോയുടെ അമ്മ ഡോളോറസ് അവീറോ, മകന്റെ പേരും നമ്പറും ഉള്ള സ്പോർട്ടിംഗ് ജേഴ്‌സി കൈവശം വച്ചിരിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. 12 ആം വയസ്സിൽ സ്പോർട്ടിങ്ങിൽ ചേർന്ന റൊണാൾഡോ സീനിയർ ടീമിനായി 31 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2003 ൽ 12.24 മില്യൺ ഡോളറിന് മാഞ്ചസ്റ്റർ യുണൈറ്റഡ്‌ റോണോയെ സ്വന്തമാക്കി.