❝ ഈ വ്യവസ്ഥ അംഗീകരിച്ചാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ ചേരുമെന്ന് റിപോർട്ടുകൾ ❞

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലേക്കുള്ള നീക്കവുമായി വളരെയധികം അഭ്യൂഹങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. സൂപ്പർ താരം ഈ സീസൺ അവസാനത്തോടെ യുവന്റസ് വിടുമെന്നും അടുത്ത സീസണിൽ മുൻ കാല ക്ലബായ റയൽ മാഡ്രിഡിൽ ചേരുമെന്ന വാർത്തകളും പുറത്തു വന്നിരുന്നു.ഡിയാരിയോ ഗോളിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒരു വ്യവസ്ഥ അംഗീകരിച്ചാൽ ഇപ്പോൾ പോർച്ചുഗീസ് താരം റയൽ മാഡ്രിഡിലേക്ക് മടങ്ങാൻ തയ്യാറാണ്.

അടുത്ത സീസണിൽ ക്ലബ്ബിന്റെ മാനേജരായി സിനെഡിൻ സിഡാനെ തുടരുകയാണെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവിന് പച്ചക്കൊടി കാണിക്കും. സിദാനെയുടെ സാന്നിധ്യമാണ് റൊണാൾഡോയെ വീണ്ടും റയലിലേക്ക് അടുപ്പിക്കുന്നത്.അടുത്ത സീസണിൽ റയൽ സിദാനെ നിലനിർത്തുമോ എന്നതും സംശയമാണ്. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ കടന്നെങ്കിലും ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനും, ബാഴ്സലോണക്കും പിറകിൽ മൂന്നാംസ്ഥാനത്താണ് റയൽ. യുവന്റസിൽ റൊണാൾഡോയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ പുറത്തായ അവർ സിരി എയിൽഇന്റർ മിലാനും എസി മിലാനും പിന്നിൽ മൂന്നാം സ്ഥാനത്താണ്. റൊണാൾഡോയുടെ പ്രതീക്ഷിച്ച ഫലം കിട്ടാത്തതോടെ യുവന്റസും താരത്തെ കൈവിടാനുള്ള പുറപ്പാടിലാണ്.

കരിയറിലെ ഏറ്റവും മികച്ച വർഷങ്ങൾ റൊണാൾഡോ ആസ്വദിച്ചത് സിദാനൊപ്പമാണ്. ഇരുവരും തുടർച്ചയായി മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ സിരി എയിലേക്ക് പോയതിനുശേഷം റയലിനും ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല.റൊണാൾഡോ റയൽ മാഡ്രിഡിലേക്ക്മടങ്ങിയെത്തുന്നതിനെ സിദാനും സ്വാഗതം ചെയ്തിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് അറ്റലാന്റയ്‌ക്കെതിരായ പോരാട്ടത്തിന് മുമ്പ് സ്കൈ സ്പോർട്സിനോട് സംസാരിച്ച സിദാനെ പറഞ്ഞു.

“അതെ, അത്ശരി ആകാം. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഞങ്ങൾക്കറിയാം, അവൻ ആരാണെന്നും അവൻ ഇവിടെ ചെയ്ത എല്ലാ കാര്യങ്ങളും ഞങ്ങൾക്കറിയാം.” എന്നാൽ ഇപ്പോൾ അദ്ദേഹം ഒരു യുവന്റസ് കളിക്കാരനാണ്, ഞങ്ങൾ ഇത് മാനിക്കണം. ഇപ്പോൾ, ഭാവി എന്തായിരിക്കുമെന്ന് നോക്കാം. അദ്ദേഹത്തെ പരിശീലിപ്പിക്കാൻ ഞാൻ ഭാഗ്യവാനായിരുന്നു, അദ്ദേഹം വളരെ ശ്രദ്ധേയനാണ്”. സിദാൻ കൂട്ടിച്ചേർത്തു.

ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഭാവിയെക്കുറിച്ച് ശക്തമായ ഊഹക്കച്ചവടമാണ് നിലനിൽക്കുന്നത്. എന്തായാലും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ എക്കാലത്തേയും ഏറ്റവും ആവേശകരമായ ട്രാൻസ്ഫർ വിൻഡോകളിലൊന്നായിരിക്കും എന്നതിൽ സംശയമില്ല.