𝐃𝐞𝐚𝐥 𝐃𝐨𝐧𝐞! 2023 ജനുവരി 1 മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ ക്ലബ്ബിനായി ബൂട്ട് കെട്ടും |Cristiano Ronaldo

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ ക്ലബ്ബുമായി ധാരണയിലെത്തി. പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ ഈ സീസൺ അവസാനം വരെ നിലനിന്നിരുന്നു. എന്നാൽ ക്ലബ്ബുമായുള്ള ബന്ധം വഷളാവുകയും റൊണാൾഡോയുടെ കരാർ നവംബറിൽ പരസ്പര ഉടമ്പടി പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏത് ക്ലബിലേക്ക് മാറുമെന്ന ചർച്ചകൾ ഫുട്ബോൾ ലോകത്ത് തുടങ്ങി.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ശേഷം യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളൊന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ഔദ്യോഗികമായി താൽപര്യം കാണിച്ചിരുന്നില്ല. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരു ഫ്രീ ഏജന്റിൽ സൈൻ ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നിട്ടും, 37-കാരന്റെ ഉയർന്ന ശമ്പളം പല ക്ലബ്ബുകളെയും മാറ്റി നിർത്തി. അതിനിടെ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ വേദിയിൽ സൗദി അറേബ്യൻ ക്ലബ് അൽ നാസർ ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയും സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസറും ഇപ്പോൾ ധാരണയിൽ എത്തിയതായി മാർക്ക റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യൻ ക്ലബ്ബുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടര വർഷത്തെ കരാറിൽ ഒപ്പുവച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിഫലം ഒരു സീസണിൽ 200 മില്യൺ ഡോളറാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരി 1 മുതൽ അൽ നാസറിലേക്ക് ചേരുമെന്നും മാർക്ക റിപ്പോർട്ട് ചെയ്തു. നിലവിൽ പോർച്ചുഗലുമായുള്ള ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ തന്റെ ക്ലബ് കരിയർ ഭാവിയെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.

9 തവണ സൗദി പ്രൊഫഷണൽ ലീഗ് ജേതാക്കളായ അൽ നാസർ ഈ സീസണിൽ പോയിന്റ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്. യൂറോപ്പിലെ പ്രധാന ലീഗുകളെല്ലാം ഇപ്പോൾ ലോകകപ്പ് ഇടവേളയിലാണെങ്കിലും സൗദി പ്രോ ലീഗ് ഇപ്പോഴും സജീവമാണ്. ലോകകപ്പിന് ശേഷം ജനുവരിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ലോകകപ്പിൽ ബ്രസീലിനെതിരെ ഗോൾ നേടിയ കാമറൂൺ സ്‌ട്രൈക്കർ വിൻസെന്റ് അബൂബക്കർ, കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഓസ്പിന തുടങ്ങിയ പ്രമുഖ താരങ്ങൾ അൽ നാസർ ടീമിലുണ്ട്.

Rate this post