❝റൊണാൾഡോക്ക് വായുവിൽ 2 മീറ്റർ ഉയരത്തിൽ ചാടാനും 3 മിനിറ്റ് അതിൽ തുടരാനും കഴിയും❞ : പെരസിനെതിരെ ക്രിസ്റ്റ്യാനോയുടെ സഹോദരി

യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടർന്നും കളിക്കാൻ ആഗ്രഹിക്കുന്ന ഇതിഹാസ താരം റൊണാൾഡോയുടെ മാഞ്ചസ്റ്റർ യൂണൈറ്റഡിലെ ഭാവി അനിശ്ചിത്വത്തിലാണ്.എന്നാൽ പോർച്ചുഗീസ് സൂപ്പർ താരത്തിന് ഇതുവരെ ക്ലബ് കണ്ടെത്താൻ സാധിച്ചിട്ടില്ല. യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ല എന്ന നിലപാടിലാണ് ഉള്ളത്.

അതിനിടയിൽ കഴിഞ്ഞ ദിവസം 2022 ലെ യുവേഫ സൂപ്പർ കപ്പ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരെ നേടിയതിന് ശേഷം, ചില ആരാധകർ റയൽ മാഡ്രിഡിന്റെ പ്രസിഡന്റായ ഫ്ലോറന്റിനോ പെരസിനോട് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. “വീണ്ടും? 38 വയസ്സുമായി?” എന്നാണ് പെരെസ് ആരാധകരോട് മറുപടി പറഞ്ഞത്.പെരസിന്റെ അഭിപ്രായങ്ങൾ റൊണാൾഡോയുടെ സഹോദരി കാറ്റിയ അവീറോക്ക് അത്ര ഇഷ്ടപ്പെട്ടില്ല.

“അവന് 38 വയസ്സുണ്ട്, പക്ഷേ അവന് വായുവിൽ 2 മീറ്റർ ഉയരത്തിൽ ചാടാനും 3 മിനിറ്റ് അതിൽ തുടരാനും കഴിയും, അവന്റെ ശരീരത്തിൽ കൊഴുപ്പില്ല. സ്വയം ബഹുമാനിക്കുക ഓൾഡ് മാൻ നിങ്ങൾക്ക് 75 വയസ്സായി” ക്രിസ്റ്റ്യാനോയുടെ സഹോദരി ഇൻസ്റ്റാഗ്രാമിൽ പ്രതികരിച്ചു.കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി റൊണാൾഡോ മികച്ച പ്രകടനമാണ് നടത്തിയത്.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് 38 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടി, നിരവധി അവസരങ്ങളിൽ റെഡ് ഡെവിൾസിന്റെ രക്ഷകനായിരുന്നു.ഇതൊക്കെയാണെങ്കിലും യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനായില്ല ആറാം സ്ഥാനത്താണ് എത്തിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലെ ഇതിഹാസ താരമായിരുന്നു.ലോസ് ബ്ലാങ്കോസിനായി 435 മത്സരങ്ങൾ കളിച്ച ഈ വെറ്ററൻ ഫോർവേഡ് 446 ഗോളുകളും 131 അസിസ്റ്റുകളും നേടി.ബെർണബ്യൂവിലെ കാലത്ത് അദ്ദേഹം നാല് ബാലൺ ഡി ഓർ ബഹുമതികൾ നേടി.നാല് ചാമ്പ്യൻസ് ലീഗ് ട്രോഫികൾ, രണ്ട് ലാ ലിഗ കിരീടങ്ങൾ, രണ്ട് കോപ്പ ഡെൽ റേ ട്രോഫികൾ, രണ്ട് സ്പാനിഷ് സൂപ്പർ കപ്പുകൾ എന്നിവയും നേടി.2018ൽ 105.3 മില്യൺ പൗണ്ടിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്ക് പോയത്.