❝ഗോള്‍ നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഗ്രൗണ്ട് വിട്ട സംഭവം; റൊണാള്‍ഡോയ്ക്ക് വിലക്കിന് സാധ്യത ❞

സെര്‍ബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഗോള്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ആം ബാന്‍ഡ് വലിച്ചെറിഞ്ഞ് ഗ്രൗണ്ട് വിട്ട പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ നടപടിക്ക് സാധ്യത. ഫിഫയുടെ അച്ചടക്ക സമിതി താരത്തിനെ ഒരു മല്‍സരത്തില്‍ നിന്ന് വിലക്കിയേക്കുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ശനിയാഴ്ച സെര്‍ബിയക്കെതിരെ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമില്‍ റൊണാള്‍ഡോ നേടിയ ഗോളാണ് റഫറി നിഷേധിച്ചത്. മല്‍സരം 2-2 സമനിലയിലായിരുന്നു കലാശിച്ചത്. റൊണാള്‍ഡോയുടെ ഗോള്‍ അനുവദിച്ചിരുന്നെങ്കിൽ പോര്‍ച്ചുഗല്‍ മല്‍സരത്തില്‍ ജയിക്കുമായിരുന്നു. എന്നാല്‍ പന്ത് ഗോള്‍ ലൈനിനും മുമ്പേ സെര്‍ബിയന്‍ താരം തട്ടിയകറ്റിയെന്ന് ചൂണ്ടികാട്ടിയാണ് റഫറി ഗോള്‍ നിഷേധിച്ചത്.

എന്നാൽ റീപ്ലേകളിൽ എല്ലാം പന്ത് ഗോൾവര കടന്നതായി കാണിച്ചിരുന്നു. റൊണാൾഡോയുടെ അപ്പീൽ നിരാകരിക്കുന്നതിനോടൊപ്പം താരത്തിനെതിരെ മഞ്ഞക്കാർഡ് കൂടി റഫറി കാണിച്ചിരുന്നു. ഇതിൽ പ്രതിഷേധം ഉയർത്തിക്കൊണ്ടാണ് കളി അവസാനിക്കുന്നതിന് മുൻപേ തന്നെ റൊണാള്‍ഡോ ആം ബാന്‍ഡ് വലിച്ചെറിഞ്ഞ് കളം വിട്ടത്. കളിക്ക് ശേഷം താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും പ്രതിഷേധം അറിയിച്ചു.


മത്സരശേഷം കളി നിയന്ത്രിച്ച ഡച്ച് റഫറി ഡാനി മക്കലി പോര്‍ച്ചുഗല്‍ ടീമിനോടും പരിശീലകനോടും മാപ്പ് പറഞ്ഞിരുന്നു. മത്സരത്തിന് ശേഷം വിഡിയോകൾ കണ്ടപ്പോഴാണ് തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടത്. ഇതിനെ തുടർന്ന് റഫറി തെറ്റിന് പരിഹാരമെന്നോണം മാപ്പ് പറഞ്ഞത്. എന്നാല്‍ ക്യാപ്റ്റനായ റൊണാള്‍ഡോയുടെ നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് മുന്‍ താരങ്ങള്‍ അടക്കമുള്ളവർ അഭിപ്രായപ്പെട്ടിരുന്നു.

റൊണാൾഡോയുടെ നടപടി പരിശോധിക്കാൻ ഫിഫ ഗവേണിംഗ് ബോഡിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ തീരുമാനം ഇതുവരെയും വന്നിട്ടില്ല എങ്കിലും അവരുടെ റിപ്പോർട്ടിലെ ചില സൂചനകൾ വച്ചാണ് വിലക്കിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നത്.അതേസമയം റൊണാൾഡോ വലിച്ചെറിഞ്ഞ ക്യാപ്റ്റന്റെ ആം ബാൻഡ് സെർബിയയിലെ ഒരു ജീവകാരുണ്യ സംഘടന ലേലത്തിന് വച്ചിരിക്കുകയാണ്. ആറ് വയസുകാരനായ ഒരു കുട്ടിയുടെ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുവാൻ വേണ്ടിയാണ് ഇത് ലേലത്തിന് വച്ചിരിക്കുന്നത്.

കടപ്പാട്