“ദയനീയ തോൽവിയുമായി ധോനിപ്പട പ്ലേ ഓഫ് കാണാതെ പുറത്ത്”|IPL 2022

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മുംബൈ ഇന്ത്യൻസിനു അഞ്ച് വിക്കറ്റ് ജയം. ഈ സീസണിൽ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ടീമാണ് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ്. നിർണായക മത്സരത്തിൽ പരാജയം സമ്മതിച്ചത് ചെന്നൈയുടെ സാധ്യതകളെല്ലാം കൊട്ടിയടച്ചു.

ചെന്നൈയെ 97 റൺസിന് എറിഞ്ഞൊതുക്കിയ മുംബൈ 14.5 ഓവറിലാണ് വിജയത്തിലെത്തിയത്. ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ജയിക്കാൻ അൽപം വിയർപ്പൊഴുക്കിയെങ്കിലും ഒടുവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ 103 റൺസെടുത്തു. മധ്യനിരയില്‍ 32 പന്തില്‍ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലക് വര്‍മയുടെ പോരാട്ടമാണ് ഒരുഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട മുംബൈക്ക് വിജയം സമ്മാനിച്ചത്. ടിം ഡേവിഡ്(18*), ഹൃതിക് ഷൊക്കീന്‍(18) എന്നിവരും മുംബൈയുടെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ചെന്നൈക്കായി മുകേഷ് ചൗധരി മൂന്ന് വിക്കറ്റെടുത്തു.

ഓപ്പണർ ഡെവോൺ കോൺവെ (0), മൊയീൻ അലി (0) എന്നിവർ ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ പുറത്തായപ്പോഴേ സിഎസ്കെയുടെ തകർച്ചയ്ക്ക് തുടക്കമായി. തുടർന്ന്, റോബിൻ ഉത്തപ്പ (1), ഋതുരാജ് ഗെയ്ക്വാദ് (7) എന്നിവർ ഓരോരുത്തരായി തുടർച്ചയായ ഓവറുകളിൽ കൂടാരം കയറിയതോടെ, ഇന്നിംഗ്സിന്റെ 5-ാം ഓവറിൽ തന്നെ ക്യാപ്റ്റൻ എംഎസ് ധോണി ക്രീസിലെത്തി.

ഒരു എൻഡിൽ ക്യാപ്റ്റൻ തന്റെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചപ്പോഴും, മറുതലക്കൽ കൊഴിഞ്ഞുപോക്കുകൾ തുടർന്നുക്കൊണ്ടിരുന്നു. അമ്പാട്ടി റായിഡു (10), ശിവം ദുബെ (10), ഡയ്ൻ ബ്രാവോ (12) എന്നിവരാരയും ധോണിക്ക് തുണ നിൽക്കാതെ വന്നപ്പോൾ, ധോണി സിഎസ്കെ ബാറ്റിംഗിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും ചുമലിലേറ്റി ആഞ്ഞടിക്കാൻ തുടങ്ങി. എന്നിരുന്നാലും വാലറ്റത്തും, സിമർജീത് സിംഗ് (2), മഹേഷ്‌ തീക്ഷണ (0) എന്നിവർ ക്രീസിൽ നിലയുറപ്പിക്കാതെ മടങ്ങിയതോടെ സിഎസ്കെ തകർച്ച പൂർണ്ണമായി.

ഒടുവിൽ പതിനൊന്നാമനായ മുകേഷ് ചൗധരിയെ (4) കാഴ്ച്ചക്കാരനാക്കി ധോണി ഒറ്റയ്ക്ക് സിഎസ്കെ സ്കോർ ബോർഡിൽ സ്കോർ ഉയർത്തി. എന്നാൽ, ഇന്നിംഗ്സിന്റെ 16-ാം ഓവറിലെ അവസാന ബോൾ, അടുത്ത ഓവറിൽ സ്ട്രൈക്ക് വീണ്ടെടുക്കാനായി ധോണി അതിവേഗം ഒരു സിംഗിൾ എടുക്കാൻ ശ്രമിച്ചപ്പോൾ, മുകേഷ് ചൗധരിക്ക് ക്രീസ് എത്താനായില്ല. അതോടെ, 33 പന്തിൽ 4 ഫോറും 2 സിക്സും സഹിതം 36* റൺസെടുത്ത് ധോണി അപരാജിതനായി പാവലിയനിലേക്ക് മടങ്ങി.