❝ഹോളണ്ടിന് ചെക്ക്❞ ; ഹോളണ്ടിനെ നാട്ടിലേക്കയച്ച് ചെക്ക് റിപ്പബ്ലിക്ക് ക്വാർട്ടറിൽ

യൂറോ കപ്പിൽ മുൻ ചാമ്പ്യന്മാരായ ഹോളണ്ട് പ്രീ ക്വാർട്ടറിൽ പുറത്ത് , ഇന്ന് ഹംഗറിയിലെ ബൂഡപെസ്ട് അരീനയിൽ ആയിരകണക്കിന് ആരാധകരുടെ മുന്നിൽ നടന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കാണ് ഹോളണ്ടിന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തത്. രണ്ടാം പകുതിയിൽ നേടിയ ഇരട്ട ഗോളുകൾക്കാണ് ചെക്കിന്റെ വിജയം. 55 ആം മിനുട്ടിൽ ഡിഫൻഡർ ഡി ലിറ്റ് ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ പത്തു പെരുമായാണ് ഹോളണ്ട് മത്സരം അവസാനിപ്പിച്ചത്.ചുവപ്പ് കാർഡ് പിറക്കുമ്പോൾ കളി ഗോൾരഹിതമായി നിൽക്കുക ആയിരുന്നു. നിര്‍ഭാഗ്യങ്ങള്‍ വിട്ടൊഴിയാതെ വന്നപ്പോള്‍ ബുദാപെസ്റ്റ് നഗരത്തില്‍ ഒത്തുകൂടിയ അനേകായിരം നെതര്‍ലന്‍ഡ്‌സ് ആരാധകര്‍ക്ക് കണ്ണീരോടെ യൂറോ കപ്പിനോട് വിടപറയേണ്ടി വന്നു.

സൂപ്പർ താരങ്ങളടങ്ങിയ ഹോളണ്ടിനെതിരെ ആദ്യ പകുതിയിൽ തന്നെ കരുതിയാണ് ചെക്ക് റിപ്പബ്ലിക്ക് കളിച്ചു തുടങ്ങിയത്. ഗ്രൂപ്പ് മത്സരങ്ങളിലെ പോലെ ഹോളണ്ടിന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല ചെക്ക് റിപബ്ലിക്ക് ഹോളണ്ടിനൊപ്പം തന്നെ പിടിച്ചു നിന്നു. മത്സരത്തിന്റെ തുടക്കത്തിൽ ഡിപ്പയുടെ നേതൃത്വത്തിൽ ഹോളണ്ട് മുന്നേറ്റം അഴിച്ചു വിട്ടെങ്കിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. വലതു വിങ്ങിൽ ഡംഫ്രൈസിലൂടെ മികച്ച മുന്നേറ്റങ്ങൾ ഹോളണ്ട് നടത്തി കൊണ്ടിരുന്നു. മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത് ഹോളണ്ടിനായിരുന്നു.ഡെയ്‌ലി ബ്ലൈൻഡ് ക്രോസിൽ നിന്നും ഡിലിറ്റിനെ ഹെഡർ ഗോൾ വലയ്ക്ക് അകത്തേക്ക് ആയിരുന്നില്ല പോയത്.

21ആം മിനുട്ടിൽ സെവിക് വലതി വിങ്ങിൽ നിന്ന് നൽകിയ ക്രോസിൽ നിന്ന് സൗചകിന്റെ ഹെഡർ ഹോളണ്ട് ഡിഫൻസിനെ ഒരു നിമിഷം ഞെട്ടിച്ചു.ആദ്യ പകുതി മുന്നോട്ട് പോകുന്തോറും ചെക്ക് മത്സത്തിൽ കൂടുതൽ ആത്മവിശ്വാസം കാണിക്കാൻ തുടങ്ങി.ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത് ബരാകിനായിരുന്നു. 38ആം മിനുട്ടിൽ ഒരു കൗണ്ടറിലൂടെ ചെക്ക് നടത്തിയ മുന്നേറ്റം അവസാനം ബരാകിലെത്തി. പക്ഷെ ഗോൾ വലക്കു തൊട്ടു മുന്നിൽ വെച്ച് ബരാക് എടുത്ത ഷോട്ട് ഡിലിറ്റിന്റെ കാലിൽ തട്ടി പുറത്തേക്ക് പോയി. ആദ്യ പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് അടിക്കാൻ പോലും ഹോളണ്ടിനായില്ല.


ഹോളണ്ടിന്റെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. മെംഫിസ് ഡിപെയില്‍ നിന്നും വാങ്ങിയ പന്തുമായി മലേന്‍ ചെക് ബോക്‌സിലെത്തുമ്പോള്‍ കീഴ്‌പ്പെടുത്താന്‍ ഗോള്‍ കീപ്പര്‍ മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ തോമസ് വാക്ലിക്കിനെ കബളിപ്പിക്കാന്‍ മലേനായില്ല അദ്ദേഹത്തിന് ഷോട്ട് എടുക്കാനായില്ല ഗോൾ കീപ്പർ പന്ത് കൈപ്പിടിയിലൊതുക്കി . ഇതിനു പിന്നാലെയാണ് മത്സരത്തിലെ വലിയ വഴിത്തിരിവായി ഡിലീറ്റിന്‌ ചുവപ്പു കാർഡ് ലഭിക്കുന്നത്.പാട്രിക്ക് ഷിക്കിന്റെ മുന്നേറ്റം തടയുന്നതിനിടയിൽ മനപ്പൂർവ്വം പന്ത് കൈകൊണ്ട് തട്ടി അകറ്റിയതിനാണ് ഡിലിറ്റിന് ചുവപ്പ് കാർഡ് കിട്ടിയത്. താരത്തിന്റെ പക്വതയില്ലാത്ത പെരുമാറ്റത്തിന് ഹോളണ്ട് വലിയ വില കൊടുക്കേണ്ടി വന്നു.

ഹോളണ്ട് പത്തു പേരായി ചുരുങ്ങിയതോടെ ചെക്ക് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. 64ആം മിനുട്ടിൽ കദർബെകിന്റെ ഒരു ഷോട്ട് ഡംഫ്രൈസിന്റെ സമർത്ഥമായ ഒരു ബ്ലോക്ക് കൊണ്ട് മാത്രമാണ് ഗോളാവാതിരുന്നത്. അതികം വൈകാതെ ചെക്ക് മത്സരത്തിലെ ആദ്യ ഗോൾ നേടി. 68 ആം മിനുട്ടിൽ ടോമാസ് കലാസിന്റെ ഹെഡ്ഡർ ടോമാസ് ഹോൾസ് ഹെഡ്ഡറിലൂടെ ഡച്ച് വല കുലുക്കി. ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ പത്തു പേരായി ചുരുങ്ങിയ ഹോളണ്ടിൽ നിന്നും കാര്യമായി ഉണ്ടായില്ല.

80ആം മിനുട്ടിൽ ചെക്ക് അവരുടെ രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ ഗോൾ അടിച്ച ഹോൾസ് ആണ് രണ്ടാം ഗോൾ ഒരുക്കിയത്. പന്തുമായി ഒറ്റക്ക് മുന്നേറിയ ഹോൾസ് പെനാൾട്ടി ബോക്സിൽ വെച്ച് പന്ത് പാട്രിക്ക് ഷിക്കിനു കൈമാറി, ഷിക്കിന്റെ ഇടം കാലൻ ഷോട്ട് വീണ്ടും ഡച്ച് വല കുലുക്കി. ചെക്ക് ഫോർവേഡിന്റെ ചാമ്പ്യൻഷിപ്പിലെ നാലാമത്തെ ഗോളായിരുന്നു ഇത്. ക്വാർട്ടറിൽ ഡെന്മാർക്കാണ് ചെക്ക് റിപ്പബ്ലിക്കിന്റെ എതിരാളികൾ.