ട്രോഫികൾ ഒന്നുമില്ല പക്ഷേ സൗരവ് ഗാംഗുലി എങ്ങനെ ഇതിഹാസമായി 😱ഈ നേട്ടങ്ങൾ അമ്പരപ്പിക്കും

എഴുത്ത് :കെ. നന്ദകുമാർ പിള്ള(ക്രിക്കറ്റ്‌ കാർണിവൽ )

എന്തുകൊണ്ട് സൗരവ് ഗാംഗുലി ക്യാപ്റ്റൻ എന്ന നിലയിൽ ഒരുപാട് ട്രോഫികളൊന്നും ആ മനുഷ്യന്റെ ശേഖരത്തിലില്ല. എന്നിട്ടും എന്തുകൊണ്ടാണ് സൗരവ് ഗാംഗുലി ഇന്നും വാഴ്ത്തപ്പെടുന്നത്. ഗാംഗുലിയുടെ കളികൾ അധികം അവസരം ലഭിക്കാത്ത ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് എന്നും സ്വാഭാവികമായും ഉയരുന്ന ഒരു pradhan👌ചോദ്യമാണിത്. എനിക്ക് സാധിക്കുന്ന രീതിയിൽ അതിനൊരു മികച്ച ഉത്തരം നൽകാനാണ് എന്റെ ശ്രമം. 1986 ൽ കപില്ദേവിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ വെച്ച് ടെസ്റ്റ് പരമ്പരയിൽ 2 – 0 ന് ഇന്ത്യൻ ടീം പരാജയപ്പെടുത്തി. അന്ന് സമ്പൂർണ ആധിപത്യത്തോടു കൂടിയാണ് നമ്മൾ ആ സീരീസ് വിജയിച്ചത്. അതോടെ ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർന്നു. അതൊരു വമ്പൻ പുതിയ തുടക്കണമാണെന്ന് ഏവരും കരുതി. പക്ഷെ നേരെ തിരിച്ചാണ് സംഭവിച്ചത്.

അതേ അണയാൻ പോകുന്ന തിരിയുടെ ആളിക്കത്തലായിരുന്നു ആ പരമ്പര വിജയം. അതിനു ശേഷം ഏഷ്യക്ക് വെളിയിൽ ഒരു ടെസ്റ്റ് വിജയം ഇന്ത്യക്ക് അന്യമായി നിന്നു. ഏഷ്യയിൽ തന്നെ ശ്രീലങ്കക്കെതിരെ (1993) ഒരു വിജയം മാത്രമാണ് ഇന്ത്യക്ക് വെളിയിൽ നേടാനായത്. പലപ്പോഴും നാട്ടിൽ പുലികളായിരുന്നപ്പോഴും വിദേശത്തു ഇന്ത്യ കടലാസ് പുലികളായി തുടർന്നു. അതിനിടയിൽ ക്യാപ്റ്റന്മാർ മാറി മാറി വന്നു. വെങ്‌സർക്കാർ, ശ്രീകാന്ത്, രവി ശാസ്ത്രി (1 ടെസ്റ്റ്), അസറുദ്ദിൻ, സച്ചിൻ ടെണ്ടുൽക്കർ അങ്ങനെ പലരും. ചിലപ്പോഴൊക്കെ ജയത്തിനടുത്ത് എത്തിയെങ്കിലും അത് സമനിലയിലോ അപ്രതീക്ഷിത പരാജയത്തിലോ ആണ് കലാശിച്ചത്. 1991 ൽ സിഡ്നിയിലും, 1996/97 ൽ ബാർബഡോസിലും ജോഹാന്നസ്‌ബർഗിലും 1998 ൽ വെല്ലിങ്ങ്ടണിലും ജയത്തിനടുത്ത് നിന്നാണ് കൈ വിട്ടുപോയത്. സച്ചിൻ ടെണ്ടുൽക്കറിൽ നിന്ന് 2000 ലാണ് ഗാംഗുലി നായകസ്ഥാനം ഏറ്റെടുക്കുന്നത്. നായകനായി ആദ്യ ടെസ്റ്റ് ബംഗ്ലാദേശിനെതിരെ അവരുടെ നാട്ടിലായിരുന്നു. ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടിയ ബംഗ്ലാദേശ് മത്സരം സമനിലയിൽ എത്തിക്കുമെന്ന് കരുതിയെങ്കിലും രണ്ടാം ഇന്നിങ്സിൽ അവരെ 91 ന് പുറത്താക്കി ഇന്ത്യ അപ്രതീക്ഷിത വിജയം നേടി.

ക്യാപ്റ്റൻ എന്ന നിലയിൽ ഗാംഗുലിയുടെ മികച്ച തുടക്കം. 7 വർഷത്തിന് ശേഷം ഇന്ത്യക്ക് വെളിയിൽ ഒരു വിജയം. ഇന്ത്യൻ ആരാധകർക്ക് ഒരുപാട് സന്തോഷം നൽകിയ തുടക്കവും വിജയവുമായിരുന്നു അത്. ആറു മാസങ്ങൾക്ക് ശേഷം 2001 ൽ ഇന്ത്യയുടെ സിംബാബ്വേ ടൂർ. 1992 ൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ദുർബലരായ സിംബാബ്‌വെയുടെ ആദ്യ ടെസ്റ്റിൽ ഇന്ത്യ തോൽക്കാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ആ പേടി എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നു. പക്ഷെ ഗാംഗുലിയുടെ പുതിയ ഇന്ത്യ ചരിത്രം മാറ്റിയെഴുതി. 15 വർഷങ്ങൾക്ക് ശേഷം ഏഷ്യക്ക് വെളിയിൽ ഇന്ത്യ ഒരു ടെസ്റ്റ് വിജയിച്ചു. അന്നത്തെ സന്തോഷം ഒരുവേള നമുക്ക് ഒട്ടും പറഞ്ഞറിയിക്കാൻ ആവാത്തതാണ്. തൊട്ടടുത്ത വർഷം 2002ലാണ് വെസ്റ്റ് ഇൻഡീസ് ടൂർ. അവിടെയും ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. പോർട്ട് ഓഫ് സ്പെയിനിൽ 37 റൺസിന്റെ വിജയം. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മതി മറന്ന് ആഹ്ളാദിച്ച സന്ദർഭം.

1997 ലെ ബാർബഡോസിലെ കറുത്ത അധ്യായത്തിന്റെ ഓർമ്മകളുടെ കാഠിന്യം കുറയ്ക്കാൻ സഹായിച്ച വിജയം. അതേ വർഷം തന്നെയാണ് ഇംഗ്ലണ്ടിലെ ലീഡ്‌സിൽ ഇന്നിങ്സിനും 46 റൺസിനും ഐതിഹാസിക വിജയം. സച്ചിനും ദ്രാവിഡും ഗാംഗുലിയും സെഞ്ചുറികൾ നേടിയ മത്സരം. 2003ൽ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ അഡലെയ്ഡിലും വിജയം നേടിയാണ് ഗാംഗുലി തന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ചത്. ഇനി പറയൂ നിങ്ങൾ ചിന്തിക്കൂ ലോകകപ്പ് വിജയങ്ങളുടെയോ പ്രധാനപെട്ട മറ്റു ട്രോഫികളുടെയോ തിളക്കം ഇല്ലെങ്കിൽ കൂടി ഈ മനുഷ്യനെ എങ്ങനെയാ സ്നേഹിക്കാൻ, ആരാധിക്കാൻ കഴിയാതെ ഇരിക്കുക!!!. ഇത് മാത്രമല്ല, യുവരാജ്, സഹീർ, ഹർഭജൻ, സെവാഗ്, അങ്ങനെ ദാദയുടെ തണലിൽ, അദ്ദേഹം നൽകിയ ആത്മവിശ്വാസത്തിൽ എത്ര മികച്ച താരങ്ങളെയാണ് ഇന്ത്യക്ക് ലഭിച്ചത്. ലോർഡ്‌സ് എന്ന ക്രിക്കറ്റ് തറവാടിന്റെ ബാൽക്കണിയിൽ നിന്ന്, ഇന്ത്യക്ക് വേണ്ടി, ഇന്ത്യക്കാർക്ക് വേണ്ടി, തന്റെ ടി ഷർട്ട് ഊരി ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ആഢ്യത്തത്തെ വെല്ലുവിളിക്കാൻ ഗാംഗുലിക്ക് അല്ലാതെ വേറെ ആർക്കു സാധിക്കും