ദൈവത്തിന്റെ പോരാളികൾ തോറ്റു തുടങ്ങുന്നു , ആരാധകന്റെ കുറിപ്പ് .

ആദ്യ മത്സരം, പതിവ് തെറ്റിയില്ല, തോറ്റു, നല്ല ഒന്നാന്തരമായി തോറ്റു. ഏതൊരു ടീമിനോടാണോ ഒരിക്കലും തോൽക്കരുത് എന്ന് ആഗ്രഹിച്ചത്, അവരോട് തന്നെ നല്ല രീതിയിൽ തോറ്റു. മുംബൈ ഇന്ത്യൻസിന്റെ കുന്തമുന ബുമ്ര വെറും പരാജയമായപ്പോൾ, രോഹിത്തിന്റെ ക്യാപ്റ്റൻസിയും മോശമായി തോന്നി. ഫീൽഡിലെ പാകപ്പിഴകളും, പ്ലേയേഴ്സിന്റെ ദയനീയമായ ബോഡി ലാംഗ്വേജും റായുഡുവിനും ഡുപ്ലെസിക്കും കാര്യങ്ങൾ എളുപ്പമാക്കി. ബാറ്റിംഗ് നിര ആണെങ്കിൽ കടലാസ് പുലികളായി, വർഷങ്ങൾക്ക് ശേഷം ഐ പി എൽ കളിക്കുന്ന സൗരഭ് തീവാരി മിന്നിയത് മാത്രമാണ് പ്രതീക്ഷ. എന്തായാലും തോറ്റു നല്ല രീതിയിൽ തന്നെ തോറ്റു.

ദൈവത്തിന്റെ പോരാളികൾ… മത്സരം തോറ്റ ശേഷം ട്രോളുകൾ ഒരുപാട് ഇറങ്ങി. തീർച്ചയായും എല്ലാ വർഷവും പറയുന്നതാണ്, അവസാനമായി ഞങ്ങൾ ജയിച്ചു തുടങ്ങിയത് 2012 ലോ മറ്റൊ ആണ്. അതായത് ശേഷം മുംബൈ നേടിയ നാലു കപ്പുകളും തോറ്റു തുടങ്ങി തന്നെയാണ് നേടിയത്. അത് കൊണ്ട് ഞങ്ങളിതു പറയുന്നതിൽ കാര്യമുണ്ടെന്ന് സാരം, ഞങ്ങൾ തോറ്റു തുടങ്ങി ജയിച്ചു തെളിയിച്ചവരാണ്, ഒന്നല്ല നാലു വട്ടം. തുടക്കത്തിൽ ഞങ്ങളെ നോക്കി ചിരിച്ചവരെല്ലാം ഒടുക്കം കരഞ്ഞിട്ടേയുള്ളു, ചിലർ അംബാനി അംബാനി എന്ന് വിളിച്ചു മോങ്ങാറുണ്ട് എന്ന് മാത്രം.

കഴിഞ്ഞ 13 വർഷത്തോളമായി ഈ ടീമിനൊപ്പമുണ്ട്, നാലു കപ്പിന്റെ തിളക്കം മാറ്റി നിർത്തിയാൽ ഒരു മുംബൈ ഫാനായിരിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായി തോന്നിയിട്ടില്ല. ഈ സീസൺ മൊത്തം അവസാനിച്ചു എന്ന് കരുതിയ സമയത്ത് ജയിച്ചു കേറിയിട്ടുണ്ട്, കപ്പടിച്ചിട്ടുണ്ട്, ചിലപ്പോൾ പ്ലെ ഓഫ് പോലും കാണാതെ പുറത്ത് പോയിട്ടുണ്ട്. ആദ്യത്തെ നാലോ അഞ്ചോ കളി തോറ്റ ശേഷം തിരിച്ചു വന്ന് കപ്പടിക്കുക എന്നത് പറഞ്ഞു കേൾക്കുമ്പോൾ എളുപ്പമായി തോന്നുമെങ്കിലും മുംബൈ എന്ന ടീമിനും, രോഹിത് എന്ന ക്യാപ്റ്റനും, നിങ്ങളെന്ന ആരാധകർക്കും ഒട്ടും എളുപ്പമായിരുന്നില്ലത്. കളിയാക്കലും, വേദനകളും, നീറ്റലുകളുമൊക്കെ സഹിച്ചു ഒടുക്കം അവന്റെയൊക്കെ നെഞ്ചിൽ കയറി നിന്ന് കപ്പ് നേടുമ്പോൾ ഒരു സുഖമുണ്ട്, യാ മോനെ…..

നിങ്ങൾ ചിരിക്കുക, കളിയാക്കുക, ആസ്വദിക്കുക , ആനന്ദ നൃത്തം ചവിട്ടുക നിങ്ങൾക്ക് അതിനുള്ള അവകാശമുണ്ട്, നിങ്ങൾ മുംബൈയെ തോൽപിച്ചു കഴിഞ്ഞിരിക്കുന്നു.
പക്ഷെ മറക്കാതെയിരിക്കുക ഒടുക്കം നീല തീരമാലകൾ ഒരു പന പൊക്കം ഉയരത്തിൽ നിങ്ങളുടെ കണ്മുന്നിൽ വന്ന് നിൽക്കും, അന്ന് നിലത്തൊന്നുറച്ചു നിൽക്കാൻ കാലിനടിയിൽ മണ്ണ് പോലുമുണ്ടാവില്ല. ഇതൊക്കെ ഞങ്ങൾ ഒരുപാട് തവണ ചെയ്തിട്ടുള്ളതാണ് ഹേ..

“ചിതയിൽ നിന്ന് ഞാൻ ഉയർത്തെഴുന്നേൽക്കും
ചിറകുകൾ പൂ പോൽ
വിടർന്നെഴുന്നേൽക്കും”

Kripal Bhaskar