13 ആം നമ്പർ ജേഴ്സിയണിഞ്ഞ് 39 ആം വയസ്സിൽ ഖത്തർ വേൾഡ് കപ്പ് കളിക്കാൻ ഡാനി ആൽവസ് |Dani Alves |Qatar 2022

ഈ മാസം ഖത്തറിൽ നടക്കുന്ന 2022 ഫിഫ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.വെറ്ററൻ ഡിഫൻഡർ ഡാനി ആൽവസ് ടീമിലെത്തിയതാണ് ആരാധകരെ അമ്പരപ്പിച്ചത് . വേൾഡ് കപ്പ് സ്ക്വാഡിൽ ഇടം നേടുന്ന ഏറ്റവും പ്രായം കൂടിയ ബ്രസീലിയൻ താരമായി ആൽവാസ് ഇതോടെ മാറുകയും ചെയ്തു.

1966 ലോകകപ്പിൽ 37 വയസ്സുള്ള ഇതിഹാസ റൈറ്റ് ബാക്ക് ജാൽമ സാന്റോസിന്റെ റെക്കോർഡ് മറികടന്ന് ഖത്തറിൽ അഞ്ച് തവണ ലോക ചാമ്പ്യന്മാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനാകും ആൽവസ്.ക്ലബ്ബ് തലത്തിൽ 46 ട്രോഫികളുമായി കൂടുതൽ കിരീടം നേടിയ ആൽവ്സ് 2010, 2014 ടൂർണമെന്റുകളിൽ ബ്രസീലിന്റെ മഞ്ഞ ജഴ്‌സി അണിഞ്ഞിരുന്നു. മുൻ ബാഴ്‌സലോണ റൈറ്റ് ബാക്ക്, നിലവിൽ മെക്‌സിക്കൻ ടീമായ UNAM പ്യൂമാസിനു വേണ്ടിയാണു ബൂട്ട് കെട്ടുന്നത്.സ്ക്വാഡ് പ്രഖ്യാപനത്തിന് മുമ്പ് പരിക്കിന്റെ സംശയം ഉണ്ടായിരുന്നു, കാരണം കാൽമുട്ടിന് പരിക്കേറ്റതിനാൽ ഒരു മാസത്തിലേറെയായി അദ്ദേഹം കളിച്ചിട്ടില്ല.

അവസാന 26 അംഗ ടീമിൽ ആൽവസിനെ ഉൾപ്പെടുത്തിയതിനെ സോഷ്യൽ മീഡിയയിൽ പലരും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ നെഗറ്റീവ് ഫീഡ്‌ബാക്കിൽ ടിറ്റെ ആശങ്കപ്പെടുന്നില്ല. കൂടാതെ പരിചയസമ്പന്നനായ ഡിഫൻഡർക്ക് ഖത്തറിൽ ബ്രസീലിനെ മികച്ച രീതിയിൽ സഹായിക്കാനാകും എന്ന് ടിറ്റെ പറഞ്ഞു.“ഞാനിവിടെ വന്നത് ട്വിറ്ററിലെ ആളുകളെ പ്രീതിപ്പെടുത്താനല്ല, ബ്രസീലിയൻ ജനതയുടെ എത്ര ശതമാനം അഭിപ്രയം പറയുന്നുണ്ടെന്ന് എനിക്കറിയില്ല.വ്യത്യസ്‌ത അഭിപ്രായങ്ങളെ ഞാൻ മാനിക്കുന്നു, എല്ലാവരേയും ബോധ്യപ്പെടുത്താൻ എനിക്ക് സാധിക്കില്ല ” ടിറ്റെ പറഞ്ഞു.സെപ്തംബർ അവസാനം മുതൽ പ്യൂമാസിനായി കളിച്ചിട്ടില്ലാത്ത ആൽവ്സ് അടുത്തിടെ ബാഴ്‌സലോണയിൽ തന്റെ ഫിറ്റ്‌നസ് വർദ്ധിപ്പിക്കുന്നതിനായി പരിശീലനം നടത്തുന്നുണ്ട്.

ഖത്തറിൽ നടക്കുന്ന ടൂർണമെന്റിന് യഥാസമയം റൈറ്റ് ബാക്ക് തയ്യാറാകുമെന്ന് ബ്രസീൽ ടീം ഡോക്ടർ ഫാബിയോ മഹ്‌സെരെഡ്‌ജിയാൻ സ്ഥിരീകരിച്ചു.പരുക്ക് കാരണം ആൽവസിന് 2018 റഷ്യയിൽ നടന്ന ലോകകപ്പ് നഷ്‌ടമായിരുന്നു.തിയാഗോ സിൽവ, നെയ്മർ എന്നിവരോടൊപ്പം 2014-ൽ അദ്ദേഹത്തിന്റെ ജന്മദേശമായ ബ്രസീലിൽ നടന്ന ലോകകപ്പിൽ പങ്കെടുത്തിരുന്നു.റൈറ്റ് ബാക്ക് സെലെക്കാവോയ്‌ക്കായി 124 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു മത്സരം കൂടി കളിച്ചാൽ ഇതിഹാസ ലെഫ്റ്റ് ബാക്ക് റോബർട്ടോ കാർലോസിനൊപ്പമെത്തുകയും ചെയ്യും.142 മത്സരങ്ങൾ കളിച്ച കഫുവാണ് ബ്രസീലിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ചിട്ടുളളത്.

Rate this post