❝റോയൽസിന് പുതിയ ക്യാപ്റ്റൻ❞ ; ദക്ഷിണാഫ്രിക്കൻ താരത്തെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് ബാർബഡോസ് റോയൽസ്

ഇന്ന് ലോക ക്രിക്കറ്റിലെ മുഖ്യധാര ക്രിക്കറ്റ് ബോർഡുകളുടെ കീഴിലെല്ലാം ഫ്രാഞ്ചൈസി ക്രിക്കറ്റുകൾ നടക്കുന്നുണ്ട്. ഐപിഎൽ, ബിബിഎൽ, ഇംഗ്ലീഷ് ടി20 ബ്ലാസ്റ്റ്, സിപിഎൽ, പിഎസ്എൽ, എസ്പിഎൽ, ബിപിഎൽ തുടങ്ങിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളെല്ലാം ഇന്ന് വളരെ ജനപ്രീതി നേടിയതും ശ്രദ്ധേയമായവയുമാണ്. ടി 20 ക്രിക്കറ്റ് ഏറെ ഇഷ്ടപെടുന്ന വെസ്റ്റ് ഇൻഡീസിലും കരീബിയൻ പ്രീമിയർ ലീഗ് എന്ന പേരിൽ വർഷങ്ങളായി ഫ്രാഞ്ചൈസി ലീഗ് വിജയകരമായി നടക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറെ 2022 കരീബിയൻ പ്രീമിയർ ലീഗിന്റെ (സിപിഎൽ) ബാർബഡോസ് റോയൽസിന്റെ ക്യാപ്റ്റനായി നിയമിച്ചതായി റോയൽസ് സ്പോർട്സ് ഗ്രൂപ്പ് ബുധനാഴ്ച പ്രഖ്യാപിച്ചു.ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) രാജസ്ഥാൻ റോയൽ‌സിൽ കളിച്ച സമയത്ത് 32 കാരനായ മില്ലർ ഹെഡ് കോച്ച് ട്രെവർ പെന്നി, റോയൽസ് ക്രിക്കറ്റ് ഡയറക്ടർ കുമാർ സംഗക്കാര എന്നിവരുമായി ബാർബഡോസ് റോയൽസിലും പ്രവർത്തിക്കും.രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടർ കുമാർ സംഘക്കാര തന്നെയാണ് ബാർബഡോസ് റോയൽസിന്റെയും ടീം ഡയറക്ടർ.

ഇപ്പോൾ ഇംഗ്ലണ്ടിനെതിരെ പുരോഗമിക്കുന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയുടെ സ്റ്റാൻഡ് ഇൻ ക്യാപ്റ്റനാണ് മില്ലർ.മൂന്ന് സീസണുകളുടെ ഇടവേളയ്ക്ക് ശേഷം മില്ലർ CPL-ലേക്ക് മടങ്ങിയെതുന്നത് .അവസാനമായി 2018-ൽ ജമൈക്ക തലാവസിനെ പ്രതിനിധീകരിച്ച മില്ലർ 2016-ൽ സെന്റ് ലൂസിയ സൂക്‌സിനു വേണ്ടിയും പാടാണിഞ്ഞു.മിഡിൽ ഓർഡർ ബാറ്റർ സിപിഎല്ലിലെ 15 ഇന്നിംഗ്‌സുകളിൽ നിന്ന് 146-ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 332 റൺസ് നേടിയിട്ടുണ്ട്. ഐപിഎല്ലിന്റെ 2022 സീസണിൽ, മില്ലർ തകർപ്പൻ ഫോമിലായിരുന്നു, 16 മത്സരങ്ങളിൽ നിന്ന് 142.73 സ്‌ട്രൈക്ക് റേറ്റിൽ 481 റൺസ് നേടി.

ജേസൺ ഹോൾഡർ, ഒഷെയ്ൻ തോമസ്, ഒബെദ് മക്കോയ്, കൈൽ മേയേഴ്‌സ്, ഹെയ്‌ഡൻ വാൽഷ്, ഡെവൺ തോമസ്, നൈം യങ് എന്നിവരടങ്ങിയ ശക്തമായ വെസ്റ്റ് ഇന്ത്യൻ കോർ നിലനിർത്തിക്കൊണ്ട് ബാർബഡോസ് റോയൽസ് അവരുടെ സിപിഎൽ സീസൺ ഉയർന്ന ആത്മവിശ്വാസത്തോടെ ആരംഭിക്കും. ക്വിന്റൺ ഡി കോക്ക്, മുജീബ് ഉർ റഹ്മാൻ, അസം ഖാൻ, കോർബിൻ ബോഷ്, ഡേവിഡ് മില്ലർ തുടങ്ങിയ പരിചയസമ്പന്നരായ ടി20 സ്പെഷ്യലിസ്റ്റുകൾ അവരുടെ ടീമിലുണ്ട്.

“രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോൾ അതിന്റെ മാനേജ്മെന്റിനോട് ഞാൻ നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. ഇപ്പോൾ വീണ്ടും അവർക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് ഞാൻ സന്തോഷവാനാണ്. കരീബിയൻ കളിക്കാരും യുവനിരയും ഉൾപ്പെടുന്ന ഒരു മികച്ച ടീമാണ് ബാർബഡോസ്. ആദ്യ സീസണിൽ ഞങ്ങൾക്ക് ചെയ്യാവുന്നതിന്റെ മാക്സിമം ചെയ്യാൻ ശ്രമിക്കും. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കും,” മില്ലർ പറഞ്ഞു.