‘അങ്ങനെയല്ല ഗെയിം കളിക്കേണ്ടത്’..! സഹതാരത്തിന് വാർണറുടെ മറുപടി ; കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം |IPL 2022| David Warner |DC |SRH

ഐപിഎൽ 2022-ലെ 50-ാം മത്സരത്തിൽ ഡെൽഹി ക്യാപിറ്റൽസ് ഓപ്പണർ ഡേവിഡ് വാർണർ തന്റെ മുൻ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 92* റൺസ് നേടി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ, മത്സരത്തിനിടെ സഹതാരം റോവ്മാൻ പവൽ വെച്ചുനീട്ടിയ ഓഫർ നിസ്വാർത്ഥതയോടെ വാർണർ നിരസിച്ചതും ആരാധകരുടെ കയ്യടികൾക്ക് അർഹമായി.

ഇന്നിംഗ്സിന്റെ അവസാന ഓവർ  ബാക്കി നിൽക്കെ സെഞ്ചുറിയിലെത്താൻ വാർണർ നന്നായി സജ്ജമായിരുന്നുവെങ്കിലും, ഉമ്രാൻ മാലിക് എറിഞ്ഞ അവസാന ഓവറിൽ റോവ്മാൻ പവൽ ഒരു സിക്‌സും മൂന്ന് ഫോറും പറത്തി 19 റൺസ് നേടിയപ്പോൾ, മറുവശത്ത് അവസാന ഓവറിൽ ഒരു പന്ത് പോലും നേരിടാതെ വാർണർ 92* എന്ന നിലയിൽ തന്നെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. മത്സരത്തിനിടയിലെ ഇന്നിംഗ്സ് ബ്രേക്കിൽ അവസാന ഓവറിൽ വാർണറുമായുള്ള സംഭാഷണം പവൽ വെളിപ്പെടുത്തി.

“അവസാനം എനിക്ക് ബാറ്റ് കിട്ടി. അന്നേരം, സെഞ്ച്വറി നേടാൻ ഒരു സിംഗിൾ ഇടണോ എന്ന് ഞാൻ ഡേവിഡ് വാർണറോട് ചോദിച്ചു. എന്നാൽ, അദ്ദേഹം എന്നോട് പറഞ്ഞ മറുപടി, ‘അങ്ങനെയല്ല ഗെയിം കളിക്കേണ്ടത്,’ എന്നായിരുന്നു. ഒപ്പം പരമാവധി സ്കോർ ഉയർത്താൻ എന്നോട് പറഞ്ഞു,” ആദ്യ ഇന്നിംഗ്‌സിന് ശേഷം പവൽ പ്രക്ഷേപകരോട് പറഞ്ഞു

“ചിലപ്പോൾ, ഞാൻ ആഗ്രഹിച്ചതുപോലെ ബാറ്റ് ചെയ്യാനാകാറില്ല. ചില പ്ലാനിംഗുകൾ ചെയ്തു. മാത്രമല്ല, വിക്കറ്റ് മികച്ചതായിരുന്നു, പൂർണ്ണവും വേഗത കുറഞ്ഞതുമായ പന്തുകൾക്കായി ഞാൻ കാത്തിരിക്കുകയും അവ തിരഞ്ഞുപ്പിടിച്ച് അടിക്കുകയും ചെയ്തു, അവസാനത്തിലേക്ക് ഷോട്ടുകൾ പായിക്കാൻ സാധിച്ചു” റോവ്മാൻ പവൽ കൂട്ടിച്ചേർത്തു. സ്പിന്നർമാർക്കെതിരെ ഉയർന്ന ഓർഡറിൽ ബാറ്റ് ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് നായകൻ ഋഷഭ് പന്തിനോട് പറഞ്ഞിരുന്നതായിയും പവൽ പറഞ്ഞു.