“ടി20 ക്രിക്കറ്റിൽ ലോക റെക്കോർഡ് സൃഷ്ടിച്ച് ഡേവിഡ് വാർണർ” : ഐ‌പി‌എൽ 2022

ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ഡേവിഡ് വാർണർ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഉജ്ജ്വലമായ അർദ്ധ സെഞ്ച്വറി നേടി പുതിയൊരു ടി 20 റെക്കോർഡ് കുറിച്ചിരിക്കുകയാണ്.മത്സരത്തിന് മുമ്പ് ക്രിസ് ഗെയ്‌ലിനൊപ്പം ടി20 ക്രിക്കറ്റിൽ 88 അർധസെഞ്ച്വറി നേടിയ വാർണർ, അപകടകരമായ SRH ബൗളിംഗ് നിരയ്‌ക്കെതിരെ 34 പന്തിൽ 89-ാം അർദ്ധ സെഞ്ച്വറി നേടി.

77 അർധസെഞ്ചുറികളുമായി മൂന്നാം സ്ഥാനത്ത് വിരാട് കോലിയും 70 അർധസെഞ്ചുറികളുമായി ആരോൺ ഫിഞ്ച് നാലാമതും 69 അർധസെഞ്ചുറികളുമായി ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.തന്റെ മുൻ ടീമിനെതിരെ ഡേവിഡ് വാർണർ പുറത്തെടുത്ത തകർപ്പൻ ബാറ്റിംഗ് പ്രകടനം ശ്രദ്ധേയമായി. തുടക്കത്തിൽ തന്നെ ഡൽഹിക്ക് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരു തലക്കൽ പിടിച്ചു നിന്ന വാർണർ, 58 പന്തിൽ 12 ഫോറും 3 സിക്സും സഹിതം 158.62 സ്ട്രൈക്ക് റേറ്റിൽ 92 റൺസ് നേടി പുറത്താകാതെ നിന്നു. വാർണറും പവലും ചേർന്ന് 4-ാം വിക്കറ്റിൽ 122 റൺസാണ് ഡൽഹി സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.

മത്സരത്തിൽ 3 സിക്സുകൾ പറത്തിയ ഡേവിഡ് വാർണർ, ടി20 ക്രിക്കറ്റിൽ 400 സിക്സുകൾ നേടുന്ന ബാറ്റർമാരുടെ എലൈറ്റ് പട്ടികയിൽ ഇടം നേടി. ലോക ക്രിക്കറ്റിൽ ടി20 ഫോർമാറ്റിൽ 400 സിക്സുകൾ എന്ന നാഴികകല്ല് പിന്നിടുന്ന പത്താമത്തെ ബാറ്ററാണ് ഡേവിഡ് വാർണർ. ഷെയ്ൻ വാട്സണും ആരോൺ ഫിഞ്ചിനും ശേഷം 400 സിക്സുകൾ പിന്നിടുന്ന മൂന്നാമത്തെ ബാറ്റർ കൂടിയാണ് വാർണർ.

461 മത്സരങ്ങളിൽ നിന്ന് 1056 സിക്സുകൾ നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റർ ക്രിസ് ഗെയ്ൽ ആണ് പട്ടികയിൽ ഒന്നാമൻ. തുടർന്നുള്ള സ്ഥാനങ്ങളിൽ കിറോൺ പൊള്ളാർഡ് (764), അന്ദ്രേ റസ്സൽ (517), ബ്രണ്ടൻ മക്കല്ലം (485), ഷെയ്ൻ വാട്സൺ (467), എബി ഡിവില്ല്യേഴ്സ്‌ (436), ആരോൺ ഫിഞ്ച് (424), രോഹിത് ശർമ്മ (418), കോളിൻ മൺറൊ (417) എന്നിവരാണ് ഇടം നേടിയിരിക്കുന്നത്.