❝ ഒളിമ്പിക്സിൽ നിന്നും പുറത്തായ അർജന്റീനയെ ട്രോളിയ റീചാർലിസണിനു മറുപടിയുമായി ഡി പോൾ ❞

ലോക ഫുട്ബോളിൽ അർജന്റീനയും ബ്രസീലും തമ്മിലുള്ള വൈര്യത്തിനോളം അടുത്തെത്താവുന്ന ഒന്ന് ഉണ്ടാവില്ല . രാജ്യങ്ങൾ തമ്മിൽ മാത്രമല്ല താരങ്ങൾ തമ്മിൽ മത്സരത്തിന് മുൻപും ശേഷവും ഇത് തുടരുന്നുണ്ട്.അത് കൊണ്ട് തന്നെ വെല്ലുവിളികളും പരിഹാസം നിറഞ്ഞ ട്രോളുമായി ഇവർ സമൂഹ മാധ്യമങ്ങളിൽ ഏറ്റുമുട്ടാറുണ്ട്.പലപ്പോഴും ഇത് അതിരു കടക്കാറുണ്ട് എന്നത് സത്യമാണ്. കഴിഞ്ഞു കുറച്ചു ദിവസമായി ഒളിമ്പിക്സ് ഫുട്ബോളുമായി ഇരു രാജ്യങ്ങളുടെയും താരങ്ങൾ തമ്മിൽ ട്രോളുമായി സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുകയാണ്.

കോപ്പ അമേരിക്ക ഫൈനൽ അടക്കം കളിച്ച റിചാലിസൺ ഹാട്രിക്ക് നേടിയത് TYC സ്പോർട്സ് അവരുടെ ഔദ്യോഗികമായ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിനുശേഷം, കോപ്പ അമേരിക്ക കിരീട ജേതാക്കളായ പരേഡസ്,ഡി മരിയ,ലോ സെല്‍സോ എന്നിവർ കമന്റ് ബോക്സിലൂടെ കോപ്പ അമേരിക്ക ഫൈനലിൽ ഇതൊന്നും കണ്ടില്ലല്ലോ എന്ന രീതിയിൽ താരത്തെ പരിഹസിച്ചു രംഗത്തെത്തി.

“ജർമ്മനിക്കെതിരായ ബ്രസീലിന്റെ ഒളിമ്പിക് അരങ്ങേറ്റത്തിൽ, കളിയുടെ ആദ്യ അരമണിക്കൂറിനുള്ളിൽ ഹാട്രിക്ക് നേടി ബ്രസീലിയൻ സ്‌ട്രൈക്കർ ആഘോഷിച്ചു ” എന്ന തലക്കെട്ടോടെ മൂന്ന് ഗോളുകളുടെ ഫോട്ടോകളോടെ അവർ പോസ്റ്റുചെയ്‌തു.ഈ ചിത്രത്തിന് താഴെ പിഎസ്ജി താരം പരേഡസ് ഫൈനലിൽ ഒന്നും കണ്ടില്ല എന്ന രീതിയിൽ കമന്റ് ചെയ്തു. പരേഡസിന്റെ പ്രതികരണം അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. കോപ്പ വിജയത്തിന് ശേഷം അവധി ദിനം ആഘോഷിക്കുന്ന അര്ജന്റീന താരം ജിയോവാനി ലോ സെൽസോ ചില ഇമോജികളോടെ പ്രതികരിച്ചു (ആദ്യം കടുത്ത മുഖവും പിന്നീട് ചിരിയും) പിന്നീട് ഏഞ്ചൽ ഡി മരിയയും ഇമോജികളുമായി എത്തി.

ഇതിനു പകരം ഇന്നലെ അര്ജന്റീന ഒളിംപിക്സിൽ പുറത്താവുകയും തകർപ്പൻ ജയം നേടി ബ്രസീൽ ക്വാർട്ടർ ഉറപ്പിക്കുകയും ചെയ്തപ്പോൾ റിചാലിസൺ അവരെ പരിഹസിച്ച്‌ രംഗത്തെത്തി. ഇന്നലത്തെ വിജയത്തിന് ശേഷം ബ്രസീലിയൻ സഹ താരങ്ങളോടൊപ്പംഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കു വെച്ച് അതിന്റെ ക്യാപ്‌ഷൻ ‘ചെറിയ സഹോദരങ്ങൾക്ക് വിട’ എന്നായിരുന്നു. ഇതിനു മറുപടിയായി അര്ജന്റീന താരം ഡി പോൾ റിചാലിസൺ കോപ്പ അമേരിക്ക ഫൈനലിൽ താരത്തിന് മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു,വായടക്കൂവെന്ന് അർത്ഥം വരുന്ന ഇമോജിക്കൊപ്പം, അർജന്റീനൻ പതാകയുടേയും, കിരീടത്തിന്റേയും ഇമോജിയും ഇതിനൊപ്പം ചേർത്തു. താരങ്ങൾ മറുപടിയുമായി എത്തിയതോടെ ആരാധകരും ഇത് ഏറ്റെടുത്തിരിക്കുകയാണ്.