❝ യൂറോപ്പിൽ 🔥🏆 വീണ്ടും 🧡⚽ ഓറഞ്ച്
വസന്തം 🇳🇱 വിരിയിക്കാനായെത്തുന്ന ഡച്ച് മജീഷ്യൻ ❞

എല്ലാ കാലത്തും ഫുട്ബോൾ ശക്തമായ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നാണ് നെതർലാന്റ്സ്. ജോഹാൻ ക്രൈഫ്, ജാപ്പ് സ്റ്റാം, ഗുല്ലിറ്റ്, വാൻ ബാസ്റ്റൻ തുടങ്ങിയ ഇതിഹാസങ്ങൾ സംഭാവന ചെയ്ത ഓറഞ്ചു പട പലപ്പോഴും ആരാധകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയം നേരിട്ടു. കുറച്ചു വര്ഷങ്ങളായി വളരെ മോശം പ്രകടനങ്ങളാണ് ഡച്ച് ടീം പുറത്തെടുക്കുന്നത്. 2008 നു ശേഷം നടന്ന ഒരു യൂറോ കപ്പ് മത്സരങ്ങളിലും ഡച്ച് ടീമിന് വിജയിക്കാൻ സാധിച്ചിട്ടില്ല. ഇതിലൂടെ അവരുടെ സമീപ കാല പ്രകടനങ്ങൾ നമുക്ക് വിലയിരുത്താവുന്നതാണ്. 1988 ൽ യൂറോ കിരീടം നേടിയ ടീം 2008 ന് ശേഷം യൂറോയിൽ ഒരു മത്സരം ജയിച്ചിട്ടില്ല എന്നത് വിശ്വസിക്കാൻ പ്രയാസമേറിയ കാര്യമാണ്. റോബിൻ ,സ്‌നൈഡർ ,വൻ പേഴ്സി ത്രയത്തിന്റെ വിരമിക്കലോടു കൂടി ടീം കൂടുതൽ പ്രതിസന്ധിയിലായി.

എന്നാൽ ഇത്തവണത്തെ യൂറോ കപ്പിൽ തങ്ങളുടെ മുൻകാല പ്രകടനങ്ങൾ ആവർത്തിക്കാനാകുമെന്നാണ് നിലവിലെ മാനേജർ ഫ്രാങ്ക് ഡി ബോയർ വിശ്വസിക്കുന്നത് . വളരെ പ്രതീക്ഷയുള്ള യുവ നിരയുമായിട്ടാണ് നെതർലാൻഡ്‌സ് യൂറോ കപ്പിലെത്തുന്നത്. ഡച്ച് നിരയിൽ ഏറ്റവും പ്രതീക്ഷയർപ്പിക്കുനന് താരമാണ് ബാഴ്സലോണ മിഡ്ഫീൽഡർ ഫ്രെങ്കി ഡി ജോംഗ്. 2019 ൽ 75 ദശലക്ഷം യൂറോയ്ക്ക് അയാക്സിൽ നിന്നാണ് 24 കാരനായ മിഡ്ഫീൽഡർ സ്പാനിഷ് ഭീമന്മാരായ എഫ്സി ബാഴ്‌സലോണ ടീമിലെത്തിക്കുന്നത്.ബാഴ്സയിലെ ആദ്യ സീസൺ മുതൽ തന്നെ ടീമിന്റെ അവിഭാജ്യ ഘടകമായി തീരാൻ ഡി ജോങിന് സാധിച്ചു.

ഡച്ച് പരിശീലകൻ റൊണാൾഡ് കോമാൻ ബാഴ്സയുടെ ചുമതല ഏറ്റെടുത്തതിനുശേഷം വലിയ മാറ്റമാണ് ഡിജോങിൽ ഉണ്ടായത്. അത്‌ലറ്റികോ ബിൽബാവോയ്‌ക്കെതിരായ കോപ ഡെൽ റേ ഫൈനലിലെ പ്രകടനം അതിനു വലിയ ഉദാഹരണമാണ്.ലോകമെമ്പാടുമുള്ള നിരവധി ആരാധകർ മത്സരത്തിലെ അദ്ദേഹത്തിന്റെ മാസ്റ്റർക്ലാസിനെ അഭിനന്ദിച്ചു രംഗത്തെത്തി. ഫൈനലിൽ ഒരു ഗോളും 2 അസിസ്റ്റുകളും നേടിയ ഡി ജോംഗ് കിരീട നേട്ടത്തിൽ മുഖ്യ പങ്കു വഹിച്ചു.വളരെ കാലത്തിനു ശേഷമായിരുന്നു ബാഴ്സ ഒരു കിരീടം നേടുന്നത്.


ഈ സീസണിൽ ബാഴ്സ മിഡ്ഫീൽഡിൽ ഡി ജോങ്ങിന്റെ പ്രകടനം വേറിട്ട് നിന്നിരുന്നു.ഈ സീസണിന്റെ രണ്ടാം പകുതിയിൽ ബാഴ്‌സയുടെ തിരിച്ചുവരവിന് ഡച്ച് ഇന്റർനാഷണൽ വലിയ പങ്കാണ് വഹിച്ചത്. ഈ സീസണിൽ ബാഴ്സയിൽ പ്രതിരോധ താരങ്ങൾക്ക് പരിക്കേറ്റപ്പോൾ ആ ചുമതലയും ഭംഗിയായി നിർവഹിക്കാൻ ഡി ജോങിനായി .തന്റെ ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ ഡിഫൻഡറുടെ റോളിലും മിഡ്ഫീൽഡറുടെ റോളിലും തിളങ്ങാനും ഡി ജോങിനായി. ലാലിഗയിൽ ഈ സീസണിൽ മൊത്തം 3085 മിനുട്ട് കളത്തിലിറങ്ങിയ ഡിജോങ് 37 മത്സരങ്ങളിൽ 34 ലും ആദ്യ പതിനൊന്നിൽ സ്ഥാനം പിടിച്ച ഡി ജോംഗ് കഴിഞ്ഞ ദിവസം സെൽറ്റ വിഗോക്കെതിരെയുള്ള മത്സരം മാത്രമാണ് നഷ്ടമായത്.

2018 മുതൽ ഡച്ച് ദേശീയ ടീമിന്റെ ഭാഗമായ ഡി ജോങിന് ടീമിൽ ഒരു ഹീറോ പരിവേഷമാണുള്ളത്. പരിക്ക് പറ്റിയ ഡച്ച് ക്യാപ്റ്റനും ലിവർപൂൾ സൂപ്പർ താരവുമായ വിർജിൽ വാൻ ഡൈക്കിന്റെ ഭാവം നികത്താൻ പ്രതിരോധത്തിൽ ഇറങ്ങാനും താരം തയ്യാറാണ്. ലീഡർ എന്ന നിലയിൽ ഫ്രെങ്കിയുടെ പങ്ക് ടീമിൽ വർദ്ധിക്കുകയും ചെയ്തു. ക്ലബ്ബിലെ മികച്ച പ്രകടനത്താൽ ഡച്ച് ടീമിൽ സ്ഥാനമുറപ്പിച്ച ഏക താരം കൂടിയാണ് ഡി ജോംഗ്.തന്റെ രാജ്യത്തിനായി 25 മത്സരങ്ങളിൽ മാത്രമാണ് പങ്കെടുത്തെങ്കിലും മിഡ്‌ഫീൽഡ് മാസ്‌ട്രോയുടെ പ്രതിഫലനങ്ങൾ അദ്ദേഹം കാണിച്ചു തന്നു. ഡി ജോങിൽ നിന്നും വലിയ പ്രകടനമാണ് ഡച്ച് പരിശീലകൻ ഫ്രാങ്ക് ഡോ ബോയർ പ്രതീക്ഷിക്കുന്നത്.

ലിവർപൂൾ ഡിഫെൻസീവ് മിഡ്ഫീൽഡർ, വിജ്നാൽഡം, ലിയോൺ സ്‌ട്രൈക്കർ, മെംഫിസ് ഡെപെയ് എന്നിവരോടൊപ്പം ഡിജോങ്ങും ചേരുമ്പോൾ ഹോളണ്ടിന് പ്രതീക്ഷകൾ കൂടുതൽ വളരുകയാണ്. പൊസിഷൻ കീപ് ചെയ്ത പന്ത് ഹോൾഡ് ചെയ്യാനുള്ള കഴിവും ,മികച്ച പാസ്സിങ്ങും ,പെട്ടെന്നുള്ള നീക്കങ്ങളും ,വേഗതയും ,കരുത്തും ,കളത്തിലെ ചലനാത്മക സ്വഭാവം, ക്രിയാത്മകത എന്നിവയെല്ലാം ചേർന്ന ഡി ജോംഗ് ഒരു പരിപൂർണ താരമായി മാറുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡോണി വാൻ ഡി ബീക്ക്,അറ്റലാന്റയുടെ മാർട്ടൻ ഡി റൂൺ അല്ലെങ്കിൽ അജാക്‌സിന്റെ ഡേവി ക്ലാസ്സെൻ എന്നിവരായിക്കും മിഡ്ഫീൽഡിൽ ഡിജോങിന്റെ പങ്കാളിയായി വരുന്നത്. ആരു വന്നാലും ഡി ജോങ്ങിന്റെ വേഗതയുമായും ,തന്ത്രങ്ങളുമായി പൊരുത്തപ്പെടേണ്ടിവരും.

ഒരു പ്ലെ മേക്കറുടെ റോളിൽ തിളങ്ങുന്ന ഡിജോങ് ഡച്ച് സ്‌ട്രൈക്കർമാർക്ക് ഗോളവസരം ഒരുക്കി കൊടുക്കാനും ഗോൾ നേടാനും സാധിക്കുമെന്ന് പ്രതീക്ഷിക്കാം. യുക്രൈൻ, ഓസ്ട്രിയ ,നോർത്ത് മാസിഡോണിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് സിയിലാണ് ഹോളണ്ടിന്റെ സ്ഥാനം, ഗ്രൂപ്പ് ഘട്ടത്തിൽ വലിയ വെല്ലുവിളികൾ അവർക്ക് നേരിടേണ്ടി വരില്ല. എന്നാൽ നോക്ക് ഔട്ട് റൗണ്ടിൽ കൂടുതൽ മികവ് പുറത്തെടുക്കേണ്ടി വരും. ഡിജോങിന്റെ നേതൃത്വത്തിലുള്ള യുവ നിരക്ക് ജൂലൈ 12 ന് വെംബ്ലിയിൽ 33 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ഓറഞ്ച് വസന്തം വിരിയിക്കാനാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.