പൃഥ്വി ഷാ തിളങ്ങി, ഡൽഹിക്കെതിരെ സൂപ്പർകിങ്സിന് 176 റൺസ് വിജയലക്ഷ്യം

ഐപി എല്ലിൽ ഡെൽഹിക്കെതിരായുള്ള മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 176 റൺസ് വിജയലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി മൂന്നു വിക്കറ്റിന് 175 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ പൃഥ്വി ഷായുടെ (64) തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചത്. 43 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.റിഷഭ് പന്ത് (37*), ശിഖര്‍ ധവാന്‍ (35), നായകന്‍ ശ്രേയസ് അയ്യര്‍ (26) എന്നിവരാണ് ഡല്‍ഹിയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

മികച്ച തുടക്കമായിരുന്നു പൃഥ്വിയും ധവാനും ചേര്‍ന്നു ഡല്‍ഹിക്കു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 94 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ 200നടുത്തേക്ക് സ്കോര്‍ എത്തുമെന്ന് കരുതിയെങ്കിലും പിയൂഷ് ചൗളയുടെ വിക്കറ്റുകള്‍ ആണ് കളിയുടെ ഗതി മാറ്റിയത്.94 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം പിയൂഷ് ചൗള ഇരു ഓപ്പണര്‍മാരെയും പുറത്താക്കിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 103/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 58 റണ്‍സ് നേടിയെങ്കിലും ഡല്‍ഹി ഇന്നിംഗ്സിന് വേണ്ടത്ര വേഗത നല്‍കുവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

രണ്ടു വിക്കറ്റെടുത്ത പിയൂഷ് ചൗളയായിരുന്നു സിഎസ്‌കെ ബൗളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. സാം കറെന് ഒരു വിക്കറ്റ് ലഭിച്ചു.ഗിഡിക്ക് പകരം ടീമിലെത്തിയ ഹാസെൽവുഡ് 4 ഓവറിൽ 28 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ജഡേജ മൂന്നാം മത്സരത്തിലും റൺസ് വഴങ്ങുന്നതിൽ മുന്നിട്ട് നിന്ന് .നാല്ഓവറിൽ 44 റൺസാണ് ഇന്ത്യൻ ഓൾ റൗണ്ടർ വഴങ്ങിയത്.