അവശ്വസനീയമായ സൂപ്പർ ഓവർ പോരാട്ടത്തിൽ പഞ്ചാബിനെ കീഴടക്കി ഡൽഹി

ജയ പരാജയങ്ങൾ മാറിമറിഞ്ഞ ഐപിഎല്ലിന്റെ രണ്ടാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഉജ്ജ്വല ജയം സൂപ്പർ ഓവറിലാണ് ഡൽഹിയുടെ വിജയം . സൂപ്പര്‍ ഓവറില്‍ പഞ്ചാബ് മുന്നോട്ടുവെച്ച 3 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി അനായാസം മറികടന്നു . ഇരു ടീമുകളും 157 റണ്‍സ് എന്ന നിലയ്ക്ക് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്.

കെഎല്‍ രാഹുലും നിക്കോളസ് പൂരനും ചേര്‍ന്നാണ് പഞ്ചാബിന് വേണ്ടി സൂപ്പര്‍ ഓവറില്‍ ഇറങ്ങിയത്. പക്ഷെ കഗീസോ റബാഡക്ക് മുന്‍പില്‍ ഇരുവരുടെയും പദ്ധതികള്‍ വിലപോയില്ല. രാഹുലിനെ പുറത്താക്കിയ റബാഡ തൊട്ടടുത്ത പന്തില്‍ത്തന്നെ പൂരന്റെ സ്റ്റംപുകളും തെറിപ്പിച്ചു. ഇതോടെ അവസാനിച്ചു പഞ്ചാബിന്റെ സൂപ്പര്‍ ഓവര്‍ പോരാട്ടവും. ഡല്‍ഹിക്ക് വേണ്ടി മൂന്നു റണ്‍സെടുക്കാന്‍ റിഷഭ് പന്തിന് ഏറെ വിയര്‍ക്കേണ്ടി വന്നില്ല. മുഹമ്മദ് ഷമിയുടെ ഒരു വൈഡ് കൂടി ചേര്‍ന്നതോടെ ഡല്‍ഹിക്ക് കാര്യങ്ങള്‍ എളുപ്പമായി.

158 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിനായി മായങ്ക് അഗര്‍വാളും കെഎല്‍ രാഹുലുമാണ് ഓപ്പണിങ് ഇറങ്ങിയത്. എന്നാല്‍ പവര്‍പ്ലേ തീരുംമുന്‍പ് കെഎല്‍ രാഹുല്‍ (21), കരുണ്‍ നായര്‍ (1), നിക്കോളസ് പൂരന്‍ (0) എന്നിവര്‍ വേഗം തിരിച്ചെത്തി. അശ്വിന്റെ ആറാം ഓവറാണ് പഞ്ചാബിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. കരുണ്‍ നായരെയും നിക്കോളസ് പൂരനെയും നഷ്ടപ്പെട്ടതോടെ ടീം പ്രതിസന്ധിയിലായി. തൊട്ടടുത്ത ഓവറില്‍ അലസമായ ഷോട്ട് കളിച്ച് മാക്‌സ്‌വെല്ലും മടങ്ങിയത് പഞ്ചാബിന് തിരിച്ചടിയായി. തുടര്‍ന്ന് ഇടവേളകളില്‍ വിക്കറ്റു വീഴുന്നതാണ് പഞ്ചാബ് കണ്ടത്. സര്‍ഫറാസ് ഖാനും (12) കൃഷ്ണപ്പ ഗൗതവും (20) ക്രീസില്‍ ഏറെനേരം നിന്നില്ല. എന്നാല്‍ ഒരറ്റത്ത് മായങ്ക് നടത്തിയ ഒറ്റയാന്‍ പോരാട്ടം പഞ്ചാബിന്റെ മത്സരത്തില്‍ നിലനിര്‍ത്തി.

അവസാന ഓവറില്‍ 13 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. സ്റ്റോയിനസിന്റെ ആദ്യപന്തുതന്നെ സിക്‌സറടിച്ച് മായങ്ക് ജയപ്രതീക്ഷ കൂട്ടി. പിന്നാലെ ഒരു ഡബിളും ഒരു ബൗണ്ടറിയും പിറന്നതോടെ പഞ്ചാബ് ജയിച്ചതായി ഏവരും വിധിയെഴുതി. എന്നാല്‍ നാലാം പന്തില്‍ മായങ്ക് പുറത്താവുമ്പോള്‍ രണ്ട് പന്തില്‍ ഒരു റണ്‍സെന്നായി. മനസാന്നിധ്യം കൈവിടാതെ പന്തെറിഞ്ഞ സ്റ്റോയിനസ് അടുത്ത രണ്ടു പന്തിലും പഞ്ചാബിനെ റണ്‍സെടുക്കാന്‍ അനുവദിച്ചില്ല. മത്സരത്തില്‍ വഴിത്തിരിവായതും സ്റ്റോയിനസിന്റെ ഈ പ്രകടനംതന്നെ.60 പന്തുകൾ നേരിട്ട അഗർവാൾ 4 സിക്സുകളുടെയും 7 ബൗണ്ടറിയുടെയും പിൻബലത്തോടെ 89 റൺസ് നേടി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത ഡൽഹിയുടെ തുടക്കം തകർച്ചയോടെയായിരുന്നു 13/3 എന്ന നിലയിലേക്ക് വീണ ഡല്‍ഹിയെ ശ്രേയസ്സ് അയ്യര്‍-ഋഷഭ് പന്ത് കൂട്ടുകെട്ട് 73 റണ്‍സ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തില്‍ ഇരുവരും പുറത്തായതോടെ ഡല്‍ഹിയുടെ തകര്‍ച്ച പൂര്‍ണ്ണമായി.അടുത്തടുത്ത പന്തുകളിലാണ് 31 റണ്‍സ് നേടിയ ഋഷഭ് പന്തും 39 റണ്‍സ് നേടിയ അയ്യരും പുറത്തായത്. രവി ബിഷ്ണോയ് പന്തിനെ പുറത്താക്കിയപ്പോള്‍ മുഹമ്മദ് ഷമിയ്ക്കാണ് അയ്യരുടെ വിക്കറ്റ്.

അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ബാറ്റിംഗ് പ്രകടനമാണ് ഡല്‍ഹിയെ 157 റണ്‍സിലേക്ക് നയിച്ചത്. 7 ഫോറും 3 സിക്സും നേടിയ താരം 21 പന്തില്‍ നിന്ന് 53 റണ്‍സ്നേടുകയായിരുന്നു. 127/7 എന്ന നിലയില്‍ അശ്വിന്‍ പുറത്തായ ശേഷം കാഗിസോ റബാഡയെ കാഴ്ചക്കാരനാക്കിയാണ് എട്ടാം വിക്കറ്റില്‍ സ്റ്റോയിനിസ് 27 റണ്‍സ് നേടിയത്.ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ അവസാന ഓവറില്‍ 30 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. വിക്കറ്റൊന്നും ലഭിയ്ക്കാതിരുന്ന താരം 56 റണ്‍സാണ് നാലോവറില്‍ വഴങ്ങിയത്. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി മൂന്നും ഷെല്‍ഡണ്‍ കോട്രെല്‍ 2 വിക്കറ്റും നേടി. രവി ബിഷ്ണോയിയ്ക്കാണ് ഒരു വിക്കറ്റ്.

(കടപ്പാട് )