❝ഋഷഭ് പന്തിനും ശാർദുൽ താക്കൂറിനും പിഴ , ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രവീൺ ആമ്രെയ്ക്ക് ഒരു മത്സരത്തിൽ വിലക്ക്❞ | IPL 2022

വെള്ളിയാഴ്ച്ച (ഏപ്രിൽ 22) രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തിൽ അമ്പയറുടെ സംശയാസ്പദമായ തീരുമാനത്തിന്റെ പേരിൽ മത്സരം തടസ്സപ്പെടുത്തുകയും ക്രിക്കറ്റിന്റെ മാന്യതക്ക് ചേരാത്ത പ്രവർത്തിയിൽ ഏർപ്പെടുകയും ചെയ്ത ഡൽഹി ക്യാപിറ്റൽസ് താരങ്ങളായ ഋഷഭ് പന്ത്, ഷാർദുൽ താക്കൂർ, അസിസ്റ്റന്റ് കോച്ച് പ്രവീൺ ആംറെ എന്നിവർക്കെതിരെ ഐപിഎൽ ഗവേണിംഗ് ബോഡി മാതൃകാപരമായ നടപടിയെടുത്തു.

മത്സരത്തിന്റെ അവസാന ഓവറിൽ, ഒബദ് മക്കോയിയുടെ ഉയർന്ന ഫുൾ ടോസ് നോ-ബോൾ ആയി ഓൺ-ഫീൽഡ് അമ്പയർ വിധിക്കാത്തതിനാൽ ഡിസി ക്യാമ്പ് രോഷാകുലരായി. ഓൺ-ഫീൽഡ് ബാറ്റർമാരായ റോവ്മാൻ പവലിനെയും കുൽദീപ് യാദവിനെയും പ്രകോപിതനായ ഡിസി ക്യാപ്റ്റൻ പന്ത് തിരികെ വിളിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന്, അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാൻ പന്ത് ആംറെയെ മൈതാനത്തേക്ക് അയച്ചു. ഈ നാടകീയ രംഗങ്ങൾ കാരണം കളി കുറച്ചുനേരം നിർത്തിവച്ചു.

ഡിസി ക്യാമ്പ് ഒന്നടങ്കം ഓൺ-ഫീൽഡ് അമ്പയർമാരുടെ തീരുമാനം തെറ്റാണ് എന്ന് വാദിച്ചെങ്കിലും, അതേ തുടർന്ന് ഡിസി ക്യാപ്റ്റനും കോച്ചും നടത്തിയ പ്രവർത്തികളുടെ മേൽ ആണ് ഐപിഎൽ ഗവേണിംഗ് ബോഡി നടപടി എടുത്തിരിക്കുന്നത്. ക്യാപ്റ്റൻ പന്തിന് മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തിയപ്പോൾ, നായകന്റെ ഒപ്പം രോഷപ്പെട്ട പേസർ ശാർദുൽ താക്കൂറിന് പിഴയായി മാച്ച് ഫീയുടെ 50 ശതമാനം ചുമത്തി.

ക്യാപ്റ്റന്റെ വാക്ക് കേട്ട് മൈതാനത്തേക്ക് ഇറങ്ങിയ അസിസ്റ്റന്റ് കോച്ച് പ്രവീൺ ആംറെക്ക് മാച്ച് ഫീയുടെ 100% പിഴ ചുമത്തിയതിനോടൊപ്പം, കുറ്റം തീവ്രമായതിനാൽ ആംരെക്ക് ഒരു മത്സരത്തിൽ വിലക്കും ഏർപ്പെടുത്തി. ഐപിഎൽ പെരുമാറ്റച്ചട്ടം ലെവൽ 2 ലംഘിച്ചതിന് മൂവരും കുറ്റക്കാരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഐപിഎൽ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.