❝ചെക്ക് പരീക്ഷ വിജയിച്ച് സെമി ഫൈനലിൽ സ്ഥാനം പിടിച്ച് ഡെൻമാർക്ക്‌ ❞

ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി സെമി ഫൈനലിൽ സ്ഥാനം പിടിച്ച് ഡെൻമാക്ക്. ചെക്ക് റിപ്പബ്ലിക്കിന്റെ കടുത്ത വെല്ലുവിളി മറികടന്നായിരുന്നു ഡാനിഷ് ടീമിന്റെ വിജയം. ഈ യൂറോ കപ്പിന്റെ തന്നെ അത്ഭുത ടീമായി മാറിയിരിക്കുകയാണ് ഡെന്മാർക്ക്. ആദ്യ പകുതിയിൽ തോമസ് ഡെലാനി,കാസ്പർ ഡോൾബെർഗ് എന്നിവരുടെ ഗോളിന് മുന്നിലെത്തിയ ഡെന്മാർക്കിനെ രണ്ടാം പകുതിയിൽ പാട്രിക് ഷിക്കിലൂടെ ഗോൾ നേടി മടങ്ങി വരൻ ശ്രമം നടത്തിയെങ്കിലും വിഡജയം കണ്ടില്ല. ചെക്ക് താരത്തിന്റെ ടൂർണമെന്റിലെ അഞ്ചാം ഗോളായിരുന്നു ഇത്.

അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിൽ നടന്ന മത്സരത്തിൽ ഡെന്മാർക്കിലെ പൂർണ ആധിപത്യമാണ് തുടക്കത്തിൽ കാണാൻ സാധിച്ചത്. അഞ്ചാം മിനുട്ടിൽ തന്നെ ഡെന്മാർക്ക് ലീഡെടുത്തു. ജെൻസ് സ്‌ട്രൈഗർ ലാർസൻ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ തോമസ് ഡെലാനി ഡെന്മാർക്കിനെ മുന്നിലെത്തിച്ചു. ഗോൾ വീണതിന് ശേഷം ഡെന്മാർക്ക് കൂടുതൽ മുന്നേറി കളിച്ചു.13ആം മിനുട്ടിൽ ഹിയിബർഗിന്റെ ഒരു ലോങ് ബോൾ സ്വീകരിച്ച് മുന്നേറിയ ഡംസ്ഗാർഡിന്റെ ഷോട്ട് ഗോൾ ലൈനിൽ വെച്ചാണ് ചെക്ക് ഡിഫൻസ് തടഞ്ഞത്.16ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കാൻ ഡെലേനിക്ക് ഒരു അവസരം ലഭിച്ചു എങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.


22ആം മിനുട്ടിൽ ഗോൾകീപ്പർ കാസ്പെർ ഷിമൈക്കിളിന്റെ പിഴവിൽ നിന്ന് ചെക്കിന് ഒരു അവസരം ലഭിച്ചു എങ്കിലും ടോമാസ് ഹോൾസിന്റെ ഷോട്ട് മികച്ച ഒരു സേവിലൂടെ ഷിമൈക്കിൾ തന്നെ തടഞ്ഞു. പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ചെക്ക് സമനില ഗോളിനായി ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാൽ ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് ഡെൻമാർക്ക്‌ ലീഡുയർത്തി. 44 ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും ജോവാകിം മാഹ്‌ലെ കൊടുത്ത പുറം കാൽ ക്രോസ്സ് മികച്ചൊരു ഫിനിഷിംഗിലൂടെ കാസ്പർ ഡോൾബെർഗ് ചെക്ക് വല കുലുക്കി.

എന്നാൽ രണ്ടാം പകുതി രണ്ടു മാറ്റങ്ങളുമായി തുടങ്ങിയ ചെക്ക് റിപബ്ലിക്ക് പെട്ടെന്ന് തന്നെ കളിയിലേക്ക് തിരികെയെത്തി. രണ്ടാം പകുതിയുടെ ആദ്യ മിനുട്ടുകളിൽ തന്നെ തുടർ മുന്നേറ്റങ്ങൾ നടത്തിയ അവർ 49ആം മിനുട്ടിൽ അവരുടെ ആദ്യ ഗോൾ കണ്ടെത്തി.വ്‌ളാഡിമിർ കൂഫൽ ബോക്‌സിലേക്ക് കൊടുത്ത് പാസിൽ നിന്ന് ചെക്കിന്റെ വിശ്വസ്തനായ സ്ട്രൈക്കർ പാട്രിക്ക് ഷിക്ക് ആണ് വല കണ്ടെത്തിയത്. താരത്തിന്റെ ഈ ടൂർണമെന്റിലെ അഞ്ചാം ഗോളായിരുന്നു ഇത്. ഒരു ഗോൾ വീണതോടെ ചെക്ക് മുന്നേറ്റ നിര സമനില ഗോളിനായി വിയർത്തു കളിച്ചു. കളി കൈവിട്ട് പോകുന്നത് തടയാനായി ഡെന്മാർക്കും മാറ്റങ്ങൾ നടത്തി.

പൗൾസന്റെ വരവ് ഡെന്മാർക്കിന് കളിയിൽ നിയന്ത്രണം തിരികെ നൽകി. പൗൾസൺ ചെക്ക് ഡിഫൻസിന് ഭീഷണിയാവുകയും ചെയ്തു. 78ആം മിനുട്ടിൽ പൗൾസന്റെ ഒരു ഷോട്ട് തടയാൻ വാസ്ലിചിന് ഫുൾ ലെങ്ത് ഡൈവ് ചെയ്യേണ്ടി വന്നു. 82ആം മിനുട്ടിൽ മെഹ്ലിന്റെ ഷോട്ടും വാസ്ലിച് സമർത്ഥമായി തടഞ്ഞ് ചെക്കിനെ കളിയിൽ നിർത്തി.ചെക്ക് സമനിലക്കായി നടത്തിയ ശ്രമങ്ങൾ ഡെന്മാർക്ക് ഡിഫൻസും കാസ്പെർ ഷിമൈക്കിളും ചേർന്ന് തുടർച്ചയായി തടഞ്ഞ് സെമി ഉറപ്പിക്കുകയും ചെയ്തു. ഇംഗ്ലണ്ടും ഉക്രൈനും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഡെന്മാർക്ക് സെമി ഫൈനലിൽ നേരിടുക.