❝തകർപ്പൻ ജയത്തോടെ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ച് ഡെൻമാർക്ക്‌❞ ; വെയ്ൽസിന്റെ പോരാട്ടം അവസാനിച്ചു

ഈ യൂറോ കപ്പിലെ കറുത്ത കുതിരകൾ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം തന്നെയായിരുന്നു ആദ്യ പ്രീ ക്വാർട്ടർ മത്സരം. ബെയ്‌ലും ,റംസിയും ഡാനിയൽ ജെയിംസും അടങ്ങിയ വെയ്ൽസിനെ എതിരാല്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ക്വാർട്ടർ ഫൈനലിലെ ആദ്യ മത്സരാർത്ഥിയായ ഡെൻമാർക്ക്‌. ആംസ്റ്റർഡാമിൽ നടന്ന മത്സരത്തിൽ കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളായ വെയിൽസിനെ മനോഹരമായ ഫുട്ബോളിലൂടെയാണ് ഡെൻമാർക്ക്‌ കീഴ്പെടുത്തിയത്.ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ റഷ്യക്കെതിരെ പുറത്തെടുത്ത മികവ് തുടരുകയായിരുന്നു ഡാനിഷ് പട. മൈതാനത്ത് കുഴഞ്ഞുവീണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ സൂപ്പർതാരം ക്രിസ്റ്റ്യന്‍ എറിക്‌സനുള്ള സഹതാരങ്ങളുടെ സ്നേഹസമ്മാനം കൂടിയായി ഈ വിജയം. ഡച്ച് ക്ലബ് അയാക്സിന്റെ ഹോം ഗ്രൗണ്ടിൽ അയാക്സ് താരം കാസ്പർ ഡോൽബർഗിന്റെ ഇരട്ട ഗോളുകളാണ് ഡെന്മാർക്കിന്റെ വിജയത്തിന് കരുത്തായത്.

യൊഹാന്‍ ക്രൈഫ് അരീനയില്‍ വെയ്ല്‍സിന്‍റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. വെയ്ല്‍സ് 4-2-3-1 ശൈലിയിലും ഡെന്‍മാര്‍ക്ക് 3-4-2-1 ഫോര്‍മേഷനിലും കളത്തിലെത്തി. പത്താം മിനുറ്റില്‍ തന്നെ ഗാരെത് ബെയ്ല്‍ മികച്ചൊരു ഷോട്ടുതിര്‍ത്തെങ്കിലും പോസ്റ്റിനെ ഉരുമി കടന്നുപോയി. പിന്നാലെ റാംസിയും ആക്രമണത്തിന് ശ്രമിച്ചെങ്കിലും വിലപ്പോയില്ല. 24 മിനുറ്റിനിടെ നാല് കോര്‍ണര്‍ ലഭിച്ചെങ്കിലും ഡെന്‍മാര്‍ക്കിനും മുതലാക്കാനായില്ല. പതിയെ ഡെന്മാർക്ക് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 27ആം മിനുട്ടിൽ അവരുടെ ആദ്യ ഗോളും വന്നു. ഡാംസ്ഗാർഡിന്റെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഡോൽബർഗ് തൊടുത്ത ഷോട്ട് കർവ്‌ ചെയ്ത് വലയുടെ ഇടതു കോർണറിൽ വീണു.32-ാം മിനുറ്റില്‍ രണ്ടാം ഗോളിനുള്ള സുവർണാവസരം ഡോള്‍ബര്‍ഗിന് ലഭിച്ചെങ്കിലും ഗോൾ കീപ്പർ തടഞ്ഞു.

രണ്ടാംപകുതിയുടെ തുടക്കത്തിലെ ഡെന്‍മാർക്ക് ലീഡ് രണ്ടാക്കി. 48-ാം മിനുറ്റില്‍ വലതുവിങ്ങിലൂടെയുള്ള ബ്രാത്ത്‍വെയ്റ്റിന്‍റെ മുന്നേറ്റത്തിനൊടുവില്‍ പന്ത് ക്ലിയർ ചെയ്യുന്നതില്‍ പകരക്കാരന്‍ നെക്കോ വില്യംസിന് പിഴച്ചപ്പോള്‍ കാല്‍പ്പാകത്തിന് ലഭിച്ച പന്ത് അനായാസം വലയിലെത്തിച്ച് 23കാരൻ ഡോള്‍ബര്‍ഗ് തന്‍റെയും ടീമിന്‍റേയും ഗോള്‍ സമ്പാദ്യം രണ്ടാക്കി. രണ്ടു ഗോൾ നേടിയെങ്കിലും മുന്നേറ്റത്തിൽ ഡെൻമാർക്ക്‌ ഒരു കുറവും വരുത്തിയില്ല.വെയിൽസിന് ഡെന്മാർക്ക് ഗോൾകീപ്പർ കാസ്പ്സ്ർ ഷിമൈക്കളിനെ കാര്യമായി പരീക്ഷിക്കാൻ പോലും ആയില്ല.82, 86-ാം മിനുറ്റില്‍ ബ്രാത്ത്‍വെയ്റ്റിന്‍റെ ഗോള്‍ശ്രമം തലനാരിഴയ്ക്ക് പിഴച്ചു. പിന്നാലെ 89ആം മിനുട്ടിൽ മെഹ്ലെയുടെ ഇടം കാലൻ സ്ട്രൈക്ക് മൂന്നാം ഗോളും ഡെന്മാർക്കിന്റെ വിജയവും ഉറപ്പിച്ചു. ഇതിനു പിന്നാലെ വെയിൽസ് താരം ഹാരി വിൽസൺ ചുവപ്പ് കണ്ട് പുറത്തായി.

ഇഞ്ച്വറി ടൈമിൽ ബാഴ്സലോണ താരം ബ്രെത്വൈറ്റിന്റെ ഗോളിലൂടെ ഡെന്മാർക്ക് നാലാം ഗോളും നേടി വെയിൽസ് തകർച്ചക്ക് അടിവരയിട്ടു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഡെന്മാർക്ക് നാലു ഗോളുകൾ നേടുന്നത്. വിജയത്തോടെ ക്വാർട്ടറിലേക്ക് എത്തിയ ഡെന്മാർക്ക് ഇനി ഹോളണ്ടും ചെക്ക് റിപബ്ലിക്കും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും നേരിടുക. ഡെൻമാർക്ക്‌ നിരയിൽ എടുത്തു പറയേണ്ട പ്രകടനം നടത്തിയ താരമാണ് എറിക്‌സൺ പകരം ടീമിലെത്തിയ മൈക്കൽ ഡാംസ്‌ഗാർഡ്. എറിക്സന്റെ അഭാവം അറിയിക്കാതെയുള്ള പ്രകടനം ആയിരുന്നു 20 കാരൻ പുറത്തെടുത്തത്.